തദ്ദേശമിത്രത്തിലെ 600 കോടി നോട്ടമിട്ട് സിപിഎം

Saturday 22 October 2016 11:51 pm IST

തിരുവനന്തപുരം: പഞ്ചായത്ത് വകുപ്പ് ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന തദ്ദേശമിത്രം പദ്ധതി, അവശേഷിക്കുന്ന 600 കോടി രൂപ റാഞ്ചാന്‍, സിപിഎം ഏറ്റെടുക്കുന്നു. ഡോളറിന്റെ വിനിമയമൂല്യത്തിലെ വ്യത്യാസം വഴി മിച്ചം വന്ന തുക, ചെലവാക്കാത്ത തുക, പലിശ എന്നിവ വഴി ബാക്കി വന്ന 400 കോടി രൂപയും സര്‍ക്കാര്‍ വിഹിതവും ചേര്‍ന്ന 600 കോടി രൂപ, മാര്‍ച്ചിനകം തീര്‍ക്കാനുണ്ട്. പദ്ധതി ഏകോപനത്തിന് സംസ്ഥാനതലത്തില്‍ പാര്‍ട്ടിക്കാരായ ചീഫ് കോ ഓര്‍ഡിനേറ്റര്‍, മൂന്ന് മേഖലാ കോ ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരെ നിയമിച്ചു. ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാരുടെ പട്ടിക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കി നല്‍കി. പഞ്ചായത്ത് തലത്തിലും കോ ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കാനും നീക്കമുണ്ട്. ചീഫ് കോ ഓര്‍ഡിനേറ്റര്‍ക്ക് 60,000 രുപയും മേഖലാ കോ ഓര്‍ഡിനേറ്റര്‍മാര്‍ക്ക് 40,000 രുപയും ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാര്‍ക്ക് 25,000 രുപയുമാണ് ശമ്പളം. സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ചവരാണ് നിയമിക്കപ്പെട്ടവരില്‍ പലരും. ചീഫ് കോ ഓര്‍ഡിനേറ്റര്‍ ഗോപാലകൃഷ്ണപിള്ള ജലസേചന വകുപ്പില്‍നിന്ന് വിരമിച്ചയാളാണ്. 2012ല്‍ തുടക്കമിട്ട പദ്ധതിയുടെ ഏകോപനം ഇതുവരെ പഞ്ചായത്ത് വകുപ്പ് നേരിട്ടായിരുന്നു. നിലവിലുള്ള ഉദ്യോഗസ്ഥരെ വെച്ച് കാര്യമായ ആക്ഷേപമില്ലാതെ നടപ്പിലാക്കി വരികയായിരുന്നു. വിരമിച്ചവരില്‍ നിന്ന് വിദഗ്ധോപദേശം തേടാന്‍ അവരെ കണ്‍സല്‍ട്ടന്റാക്കി, സിറ്റിംഗ് ഫീസ് നല്‍കിയാല്‍ മതിയായിരുന്നു. ഉപദേശമല്ല, പദ്ധതിയിലൂടെ മാര്‍ച്ചിനകം ചെലഴിക്കേണ്ട 600 കോടിയോളം രൂപയുടെ നിയന്ത്രണമാണ് സിപിഎം ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള മുഴുവന്‍ ഘടക സ്ഥാപനങ്ങളുടെയും നിലവിലെ ആസ്തി നിലനിര്‍ത്തി പുതിയത് സൃഷ്ടിക്കുന്ന പദ്ധതിയാണ് തദ്ദേശമിത്രം. കേരള ലോക്കല്‍ ഗവണ്മെന്റ് സര്‍വ്വീസ് ഡെലിവറി പ്രോജക്ടാണ് തദ്ദേശമിത്രമായത്. പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും നാല് വര്‍ഷത്തിനിടെ 1,012 കോടി വിതരണം ചെയ്തു. പദ്ധതിയിലൂടെ സേവന മേഖല വിപുലീകരിച്ചു. സ്ഥാപനങ്ങളില്‍ കമ്പ്യൂട്ടര്‍ സൗകര്യം മെച്ചപ്പെടുത്തി സമയബന്ധിതമായി സേവനങ്ങള്‍ ലഭ്യമാക്കി. പ്ലാന്‍ ബജറ്റിംഗ്, സേവന നിര്‍വ്വഹണം, ഓഡിറ്റ്, സുതാര്യത എന്നിവയുടെ അടിസ്ഥാനത്തിലാണ് തുക നല്‍കിയത്. ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്ത് മുന്‍ഗണനാടിസ്ഥാനത്തില്‍ പദ്ധതി തയ്യാറാക്കി വര്‍ക്കിംഗ് ഗ്രൂപ്പിന്റെ തീരുമാനപ്രകാരം ആസൂത്രണ സമിതി അംഗീകാരം നേടിയാണ് നടപ്പാക്കല്‍. തെരഞ്ഞെടുപ്പ് കാരണം, കഴിഞ്ഞ വര്‍ഷം തീരേണ്ട പദ്ധതി 2017 മാര്‍ച്ച് വരെ നീട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.