ഡിലന് നൊബേല്‍ വേണ്ട

Sunday 23 October 2016 12:27 am IST

ബോബ് ഡിലന്‍,                                                         ഴാങ്‌പോള്‍ സാര്‍ത്ര്‌

വാഷിങ്ടണ്‍: സാഹിത്യത്തിന് നൊബേല്‍ സമ്മാനം കിട്ടിയ അമേരിക്കന്‍ ഗായകന്‍ ബോബ് ഡിലന്‍ അത് വേണ്ടെന്ന് വയ്ക്കുമെന്ന് അഭ്യൂഹം. സമ്മാനം കിട്ടി ഒരാഴ്ചയ്ക്കുശേഷം ഏതാനും നിമിഷനേരത്തേക്ക് അത് തന്റെ വെബ്‌സൈറ്റിലിട്ട അദ്ദേഹം, പൊടുന്നനെ അത് നീക്കി.

അദ്ദേഹത്തിന്റെ ‘പാട്ടുകള്‍ 1961-2012’ എന്ന പേജ് പുതുക്കിയപ്പോഴാണ്, ”നൊബേല്‍ സമ്മാനാര്‍ഹന്‍” എന്ന പരാമര്‍ശം കുറച്ചുനേരത്തേക്കു വന്നത്. ഈ ഒറ്റവരി മാത്രമായിരുന്നു, വിവരം അദ്ദേഹമറിഞ്ഞതിന് തെളിവ്; സ്വീഡിഷ് അക്കാദമിക്ക് ഇതുവരെ അദ്ദേഹത്തെ വിവരമറിയിക്കാനായിട്ടില്ല. തനിക്ക് താല്‍പര്യമില്ലാത്ത കാര്യത്തില്‍ നിന്ന് എപ്പോഴും മാറിനിന്ന പാരമ്പര്യം അദ്ദേഹത്തിനുണ്ട്. 1965ലെ പത്രസമ്മേളനത്തില്‍, താങ്കള്‍ ഗായകനോ കവിയോ എന്നു ചോദിച്ചപ്പോള്‍, ”പാട്ടുകാരനും നര്‍ത്തകനുമാണ്” എന്നായിരുന്നു മറുപടി. സാഹിത്യകാരനല്ല എന്നര്‍ത്ഥം.

മോട്ടോര്‍ ബൈക്ക് അപകടത്തെ തുടര്‍ന്ന്, 1966 ജൂലൈയില്‍ പൊതുവേദികളില്‍ നിന്ന് അപ്രത്യക്ഷനായിരുന്നു. നട്ടെല്ലിനു ക്ഷതമുണ്ടായി എന്നു കേട്ടിട്ടും, ആശുപത്രിയില്‍ പോയില്ല.
പ്രമുഖരുടെ വെബ്‌സൈറ്റുകള്‍ അവരല്ല കൈകാര്യം ചെയ്യുന്നത്. അതിനാല്‍, നൊബേല്‍ സമ്മാന വിവരം, അദ്ദേഹമറിയാതെ, താല്‍പര്യമില്ലാതെ വന്നതും അത് തിരുത്തിയതുമാകാം. അദ്ദേഹത്തിന്റെ മാനേജര്‍ ജെഫ് റോസണ്, എന്തായാലും, അറിവുണ്ടാകും. ആരാധകരില്‍ പലര്‍ക്കും നൊബേല്‍ നിരസിക്കണം എന്നഭിപ്രായമുണ്ട്. വിക്‌ടോറിയാസ് സീക്രട്ട് അടിവസ്ത്രം, കാഡില്ലാക്, ക്രിസ്‌ലര്‍ കാറുകള്‍, പെപ്‌സി എന്നിവയുടെ പരസ്യങ്ങളില്‍ വന്ന ബോബില്‍ നിന്ന് ഇത് അപ്രതീക്ഷിതമായും കരുതുന്നവരുണ്ട്.

നൊബേല്‍ നിരസിച്ചവര്‍ ഇതുവരെ രണ്ടുപേരാണ്. ഫ്രഞ്ച് എഴുത്തുകാരന്‍ ഴാങ്‌പോള്‍ സാര്‍ത്ര് (1964), ക്രിസിഞ്ജര്‍ക്കൊപ്പം 1973ല്‍ സമാധാന നൊബേല്‍ പങ്കിട്ട ലെ ഡുക് തോയും. വിയറ്റ്‌നാം സമാധാനത്തിനായിരുന്നു പുരസ്‌കാരം. സാര്‍ത്ര് ഒരു പുരസ്‌കാരവും വാങ്ങിയില്ല. തോ, വിയറ്റ്‌നാമിലെ സാഹചര്യങ്ങള്‍ പറഞ്ഞ് വാങ്ങിയില്ല. നാലുപേര്‍ നൊബേല്‍ വാങ്ങാന്‍ ഭരണാധികാരികള്‍ സമ്മതിച്ചില്ല. റിച്ചാര്‍ഡ് കുന്‍ (രസതന്ത്രം 1938), അഡോള്‍ഫ് ബ്യൂട്ടനാന്റ് (രസതന്ത്രം 1939), ഗെര്‍ഹാദ് ഡൊമാക് (വൈദ്യശാസ്ത്രം 1939) എന്നിവര്‍ വാങ്ങേണ്ടെന്ന് ഹിറ്റ്‌ലര്‍ ഉത്തരവിട്ടു. ബോറിസ് പാസ്റ്റര്‍ നാക് (1958) വാങ്ങേണ്ടെന്ന് ക്രൂഷ് ചേവ് ആജ്ഞാപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.