കായല്‍ പൂജ ഇന്ന്

Sunday 23 October 2016 8:54 pm IST

മുഹമ്മ: പാരമ്പര്യ തനിമ നിലനിര്‍ത്താന്‍ തുലാമാസത്തിലെ ആയില്യം നാളായ ഇന്ന് പൂജിച്ച നെല്‍വിത്തുകള്‍ മത്സ്യ തൊഴിലാളികള്‍ കായലില്‍ വിതറും. ചെമ്പിലരയന്റെ കാലംമുതല്‍ ചെയ്തുപോന്ന ആചാരമാണിത്. തൃക്കുന്നപ്പുഴ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നെല്‍വിത്തുകള്‍ പൂജിച്ച് വേമ്പനാട്ടുകായലില്‍ വിതറിയിരുന്നു. ഇടകൊച്ചി മുതല്‍ ചെമ്പുവരേയുള്ള പ്രദേശങ്ങളില്‍ നിന്ന് മത്സ്യ തൊഴിലാളികള്‍ മുമ്പ് ഓടി വള്ളങ്ങളില്‍ തൃക്കുന്നപ്പുഴ ക്ഷേത്രത്തിലെ ത്തി വിത്തുകള്‍ പൂജിച്ചിരുന്നതിന്റെ ഓര്‍മ്മ കൂടിയാണിത്. ഇടക്കാലത്ത ആചാരം നിലച്ചുപോയി. ഒരു പതിറ്റാണ്ടായി കായല്‍ സംരക്ഷണ സമിതികളുടെയും വ്യാസപൗര്‍ണമി പുരുഷ മത്സ്യ തൊഴിലാളി വികസന സ്വയം സഹായ സംഘത്തിന്റെയും നേതൃത്വത്തില്‍ ആചാരം തുടരുന്നു. വറുതിമാറ്റാനും മത്സ്യ ലഭ്യത വര്‍ദ്ധിപ്പിക്കുവാനും ഉതകുമെന്നാണ് പരമ്പരാഗത വിശ്വാസം. ആയില്യം നാളിലാണ് കായല്‍പൂജ നടക്കുന്നത്. രാവിലെ തൃക്കുന്നപ്പുഴ ക്ഷേത്രത്തിലെത്തി നെല്‍വിത്തുകള്‍ പൂജിച്ച ്അടനിവേദ്യം കഴിപ്പിച്ച് മണ്ണാറശാലയിലെത്തിച്ചേരും. പിന്നീട് മഞ്ഞള്‍ നിവേദ്യം നടത്തി അമ്പലപ്പുഴ ക്ഷേത്രത്തിലെ ദര്‍ശനവും കഴിഞ്ഞ് താളമേളങ്ങളുടെ അകമ്പടിയോടെയും ആര്‍പ്പോ വിളികളോടെയും പൊന്നോലക്കുട ചൂടി നെന്‍മണികള്‍ കായലിന്റെ വിവിധ മേഖലകളില്‍ വിതറും. ഇതിന് മുന്നോടിയായി മധുരാന്ന ദാനം വിതരണം ചെയ്യും. കായല്‍ സംരക്ഷണ സമിതികളുടെ നേതൃത്വത്തില്‍ വാരണം,കായിപ്പുറം,മുഹമ്മ,അമ്പലക്കടവ്,ആര്യാട് എന്നീ സ്ഥലങ്ങളില്‍ നിന്ന് നെല്‍വിത്തുകള്‍ പൂജിക്കാന്‍ മല്‍സ്യതൊഴിലാളികള്‍ തൃക്കുന്നപ്പുഴയിലെത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.