ഹരിപ്പാട്: മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ ആയില്യം ഇന്ന്. പുലര്‍ച്ചെ 3.30ന് നിര്മാല്യദര്ശനത്തോടെയാണ് ആയില്യംദിന ചടങ്ങുകള്‍ ആരംഭിക്കുക. രാവിലെ ആറുമണിക്ക് ആരംഭിക്കുന്ന ആയില്യത്തിന്റെ സവിശേഷ പൂജകള്‍, നാഗക്കളം ചടങ്ങുകള്‍ എന്നിവയ്ക്ക് മണ്ണാറശാല ഇല്ലത്തെ കാരണവര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് അന്നദാനം നടക്കും. ആയില്യം ചടങ്ങുകളില്‍ പങ്കെടുക്കാനും നാഗരാജാവിന് നൂറും പാലും നിവേദിക്കാനുമായി ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ക്ഷേത്രത്തിലെത്തിക്കഴിഞ്ഞു. ഉച്ചയ്ക്ക് ഒന്നുമുതല്‍ രണ്ടുവരെയാണ് ആയില്യം എഴുന്നള്ളത്ത്. നാഗരാജാവിന്റെ തിരുമുഖവും നാഗഫണവും മണ്ണാറശാല അമ്മ ഉമാദേവി അന്തര്‍ജനം ഇല്ലത്തേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങാണിത്. വൈകീട്ട് ഇല്ലത്തെ കാരണവരുടെ കാര്‍മികത്വത്തില്‍ നടക്കുന്ന നൂറും പാലും, ഗുരുതി, തട്ടില്‍ നൂറുംപാലും എന്നീ ചടങ്ങുകളോടെ ആയില്യം ഉത്സവത്തിന് സമാപനമാകും.
പൂയം നാളായ ഞായറാഴ്ച മണ്ണാറശാലയമ്മയുടെ മുഖ്യകാര്‍മികത്വത്തില്‍ സര്‍പ്പയക്ഷിക്കും നാഗരാജാവിനും നടന്ന പ്രത്യേക പൂജയായിരുന്നു പ്രധാന ചടങ്ങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: