കബഡി ഭാരത കായികപാരമ്പര്യത്തിന്റെ പ്രതീകം: റിച്ചാര്‍ഡ് ഹേ

Monday 24 October 2016 12:29 pm IST

പാറശ്ശാല ഭാരതീയ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളില്‍ വിദ്യാഭാരതി ദേശീയ കബഡി ചാമ്പ്യന്‍ഷിപ്പ് സമാപനസമ്മേളനം പ്രൊഫ. റിച്ചാര്‍ഡ് ഹേ എംപി ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: ഭാരതത്തിന്റെ ശ്രേഷ്ഠമായ കായികപാരമ്പര്യത്തിന്റെ പ്രതീകമാണ് കബഡിയെന്ന് പ്രൊഫ. റിച്ചാര്‍ഡ് ഹേ എംപി. പാറശ്ശാല ഭാരതീയ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളില്‍ വിദ്യാഭാരതി ദേശീയ കബഡി ചാമ്പ്യന്‍ഷിപ്പ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുരാണങ്ങളില്‍ പോലും കബഡിയെക്കുറി

ച്ച് പരാമര്‍ശമുണ്ട്. നമ്മുടെ സംസ്‌ക്കാരത്തിന്റെ ഭാഗം കൂടിയാണീ കളി. കൂട്ടായ്മയുടെ കായികവിനോദമായ കബഡി, ഏകാഗ്രതയുടെയും ധൈര്യത്തിന്റേയും ഇനം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.

സി.കെ. ഹരീന്ദ്രനാഥ് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. കബഡിയെ ഒളിമ്പിക് ഇനമായി അംഗീകരിക്കുന്നതിനു വേണ്ട അന്താരാഷ്ട്ര നീക്കങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്കു സമര്‍പ്പിക്കുന്ന ലക്ഷം പേര്‍ ഒപ്പിട്ട നിവേദനത്തില്‍ പ്രൊഫ. റിച്ചാര്‍ഡ് ഹേയും സി.കെ ഹരീന്ദ്രനും ഒപ്പു ചേര്‍ത്തു. വിദ്യാഭാരതി സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. എം. വേലായുധന്‍കുട്ടിയുടെ അദ്ധ്യക്ഷത വഹിച്ചു.

സംഘാടകസമിതി ചെയര്‍മാന്‍ എം. നന്ദകുമാര്‍ ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭാരതി ദേശീയ ജോയിന്‍ സെക്രട്ടറി എന്‍.സി.ടി. രാജഗോപാല്‍, ഭാരതീയ വിദ്യാനികേതന്‍ കേരള ജോയിന്‍ സെക്രട്ടറി കെ. മോഹന്‍കുമാര്‍, ആര്‍എസ്എസ് ജില്ലാ സംഘചാലക് അരവിന്ദാക്ഷന്‍ നായര്‍, പഞ്ചായത്ത് അംഗം സുരേഷ്, സംഘാടക സമിതി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ടി. ജയചന്ദ്രന്‍, വിദ്യാനികേതന്‍ സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍ യു.പി. ഹരിദാസ് എന്നിവര്‍ സംസാരിച്ചു.

കഴിഞ്ഞ 20ന് തുടങ്ങിയ ചാമ്പ്യന്‍ഷിപ്പില്‍ എല്ലാ സംസ്ഥാനങ്ങളെയും പ്രതിനിധീകരിച്ച് ഒന്‍പതു സോണുകളില്‍ നിന്നായി 400ല്‍പരം സ്‌കൂള്‍ വിദ്യാര്‍ത്ഥികളും നൂറോളം ഒഫിഷ്യലുകളും പങ്കെടുത്തു. ഇവരുടെ താമസവും ഭക്ഷണവും ഉള്‍പ്പെടെ പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി സമഗ്രമായ ക്രമീകരണമാണ് ഭാരതീയ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളില്‍ ഒരുക്കിയിരുന്നത്. മത്‌സരങ്ങള്‍ കാണുവാന്‍ നാട്ടുകാര്‍ കുടുംബസമേതം എത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.