ക്രിമിനല്‍ നീതിവ്യവസ്ഥ കുളംതോണ്ടരുത്

Sunday 23 October 2016 10:25 pm IST

ക്രിമിനല്‍ നീതി സമ്പ്രദായത്തില്‍ ഇപ്പോഴും ആംഗ്ലോ-സാക്‌സണ്‍ നിയമം പിന്തുടരുന്ന നാടാണ് നമ്മുടേത്. പ്രസ്തുത നിയമ സംവിധാനങ്ങളില്‍ അപാകതകളൊട്ടേറെ ചൂണ്ടിക്കാട്ടാനുണ്ട്. പ്രതിക്ക് നിയമം അനുവദിച്ചുനല്‍കിയിട്ടുള്ള സംരക്ഷണ വ്യവസ്ഥകളില്‍ പലതും പ്രോസിക്യൂഷന് ഈ സമ്പ്രദായം അനുവദിക്കുന്നില്ല. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിപരാധിയും ശിക്ഷിക്കപ്പെട്ടുകൂടാ എന്നതാണ് നമ്മുടെ ക്രിമിനല്‍ സമ്പ്രദായത്തിന്റെ അടിസ്ഥാന പ്രമാണം. കുറ്റകൃത്യത്തിലെ ഇരയ്ക്ക് നീതി ലഭിക്കണമെന്ന കാര്യത്തില്‍ ഉന്നതനീതിപീഠങ്ങള്‍ പ്രത്യേക ജാഗ്രത കാട്ടുന്നുണ്ടെന്നതും ഒരു വസ്തുതയാണ്. സംശയത്തിന്റെ ആനുകൂല്യം പ്രതിക്ക് നല്‍കണമെന്ന നിബന്ധനപോലും മതിയായ സംശയം എന്ന നിലയിലാണ് അര്‍ത്ഥമാക്കേണ്ടതെന്ന് സുപ്രീം കോടതി വിധികള്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ സംശയത്തിന്റെ ആനുകൂല്യം പ്രോസിക്യൂഷന് നല്‍കാന്‍ ഒരുനിലയ്ക്കും പാടില്ലെന്ന കാര്യത്തില്‍ സുപ്രീം കോടതി വിധികള്‍ക്കെല്ലാം ഏകാഭിപ്രായമാണുള്ളത്. കേരളത്തിലെ ക്രിമിനല്‍ നീതിക്രമത്തില്‍ പൊതുപ്രചാരണരംഗം സൃഷ്ടിക്കുന്ന സ്വാധീനം കേസ് തീര്‍പ്പുകളെ വളരെ അപകടകരമാംവിധം സ്വാധീനിക്കുന്നു എന്നത് ആശങ്കയോടെ സമൂഹം നോക്കികാണേണ്ടിയിരിക്കുന്നു. മാധ്യമ റിപ്പോര്‍ട്ടുകളും ജനങ്ങളുടെ പൊതുഅഭിപ്രായങ്ങളും ക്രിമിനല്‍ കേസിന്റെ ഭാഗധേയം നിര്‍ണയിക്കുന്നത് ഒരുനിലയിലും അഭിലഷണീയമല്ല. പ്രതികള്‍ ആരോപണ വിധേയരാകുമ്പോള്‍ അവര്‍ സ്വയം തങ്ങളുടെ നിരപരാധിത്വം തെളിയിക്കണമെന്ന ഫ്രഞ്ച് നിയമരീതി ഭാരതം നിരാകരിച്ചിട്ടുള്ളതാണ്. ഇത് സ്വീകരിക്കാതിരിക്കുന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്. നിലവിലുള്ള രീതി മാറ്റണമെങ്കില്‍ അത് കോടതിയല്ല ചെയ്യേണ്ടത്. നിയമനിര്‍മ്മാണ സംവിധാനത്തിനാണ് അതിന് അധികാരമുള്ളത്. ഇന്ത്യന്‍ ക്രിമിനല്‍ നീതിയുടെ അടിസ്ഥാനതത്വംതന്നെ പോലീസിനെ അന്ധമായി വിശ്വസിച്ചുകൂടെന്ന വ്യവസ്ഥയില്‍ അധിഷ്ഠിതമാണ്. ഒരു കുറ്റം ചെയ്തയാള്‍ ആ കാര്യം തെരുവിലെ ഭിക്ഷക്കാരനോട് സമ്മതിച്ചാല്‍ പ്രസ്തുത കുറ്റസമ്മതം കോടതിയില്‍ ഭിക്ഷക്കാരന്‍ മൊഴിയായി നല്‍കിയാല്‍ അത് വേണമെങ്കില്‍ തെളിവായി സ്വീകരിക്കാവുന്നതാണ്. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥന്‍ എത്ര ഉന്നതനായാലും അദ്ദേഹത്തിന്റെ മുമ്പാകെ കുറ്റം ചെയ്തയാള്‍ നടത്തുന്ന കുറ്റസമ്മതമൊഴി പൊതുവില്‍ കോടതി തെളിവായി സ്വീകരിക്കുന്നത് നമ്മുടെ നിയമം നിരോധിച്ചിട്ടുള്ളതാണ്. തെളിവ് നിയമം 27-ാം വകുപ്പുപ്രകാരം തൊണ്ടിമുതല്‍ കണ്ടെടുക്കുന്നത് സംബന്ധിച്ച് മാത്രമെ പോലീസിന് പ്രതിയുടെ കുറ്റസമ്മതം തെളിവായി ഉപയോഗിക്കാന്‍ അവകാശമുള്ളൂ. പോലീസ് റിക്കാര്‍ഡുചെയ്യുന്ന സാക്ഷികളുടെ മൊഴിയും പൊതുവില്‍ ഇവിടെ കോടതി സ്വീകരിക്കത്തക്ക തെളിവല്ല. പ്രതിക്ക് പരിമിതമായി എതിര്‍വിസ്താരത്തിന് പ്രസ്തുത സ്റ്റേറ്റ്‌മെന്റ് ഉപയോഗിക്കാനവകാശമുണ്ട്. വൈകാരിക പ്രശ്‌നങ്ങളും ഇര സഹതാപമര്‍ഹിക്കുന്ന നിഷ്ഠൂര സംഭവങ്ങളും കണക്കിലെടുത്ത് ക്രിമിനല്‍ നീതിയുടെ ദോലകം (പെന്‍ഡുലം) പോലീസിന് ഏല്‍പ്പിച്ചു കൊടുക്കുന്നത് ദൂരവ്യാപകമായ ദോഷഫലങ്ങളായിരിക്കും സമൂഹത്തില്‍ സൃഷ്ടിക്കുക. ഇന്ത്യന്‍ നിയമവ്യവസ്ഥ ക്രിമിനല്‍ കേസിന്റെ വിചാരണയും അന്തിമ തീര്‍പ്പവകാശവും ജുഡീഷ്യറിയെയാണ് ഏല്‍പ്പിച്ചിട്ടുള്ളത്. പോലീസിന് കുറ്റാന്വേഷണ അവകാശവും ക്രമസമാധാനപാലനവുമാണ് നിയമം കല്‍പ്പിച്ച് ഏല്‍പ്പിച്ചിട്ടുള്ളത്. സത്യസന്ധമായും നിഷ്പക്ഷമായും കേസ്സന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ ഹാജരാക്കുക എന്നതാണ് പോലീസിന്റെ കടമ. പ്രോസിക്യൂട്ടര്‍ സര്‍ക്കാരിന്റെയോ പോലീസിന്റെയോ ഉച്ചഭാഷിണിയായി കോടതിയില്‍ കാര്യങ്ങളവതരിപ്പിക്കുകയോ ശിക്ഷ എങ്ങനെയും ഉറപ്പുവരുത്തുകയോ ചെയ്യേണ്ട കേവല ഉദ്യോഗസ്ഥനുമല്ല. സമൂഹത്തിന് നിയമാധിഷ്ഠിത നീതി ഉറപ്പുവരുത്താന്‍ സ്വതന്ത്ര വിവേചനാധികാരം പ്രോസിക്യൂട്ടറില്‍ നിക്ഷിപ്തമാണ്. പ്രോസിക്യൂഷന്‍ കേസ്സിലെ ആരോപണങ്ങളും വാദങ്ങളും തെളിവുകളും യുക്തിഭദ്രമായി അവതിരിപ്പിച്ച് കുറ്റവാളിയെ നിയമദണ്ഡനത്തിന് വിധേയനാക്കാന്‍ കോടതി മുമ്പാകെ ശ്രമിക്കയാണ് പ്രോസിക്യൂട്ടര്‍ ചെയ്യേണ്ടത്. ന്യായാധിപന്‍ വൈകാരികതയോ, വ്യക്തിനിഷ്ഠ ഇഷ്ടാനിഷ്ഠങ്ങളോ അടിസ്ഥാനമാക്കാതെ നിയമാധിഷ്ഠിത നീതി മാനദണ്ഡമാക്കി കേസ്സിനു തീര്‍പ്പുകല്‍പ്പിക്കുന്ന രീതി യഥാര്‍ത്ഥത്തില്‍ ഈശ്വരീയ ധര്‍മ്മമാണ്. ഈ മൂന്ന് സംവിധാനങ്ങളും ഒത്തൊരുമിച്ച് ഒരേ ബിന്ദുവില്‍ കേന്ദ്രീകരിച്ച് ഏകമനസ്സോടെ സംയുക്തമായി നീങ്ങുന്ന രീതി നിയമമോ, നീതിക്രമമോ അംഗീകരിക്കുന്നതല്ല. ന്യായാധിപനും പ്രോസിക്യൂഷനും കുറ്റാന്വേഷകനും ഏകപക്ഷക്കരായി മാറി ഒരു കേസിനെ ഒരേ മനസ്സോടെ, മുന്‍വിധിയോടെ സമീപിക്കുന്നത് അധാര്‍മ്മികവും നിയമവിരുദ്ധവും ക്രിമിനല്‍ നീതിയുടെ അടിത്തറ തകര്‍ക്കുന്നതുമായ ഹീന ശ്രമമാണ്. ഒരു ക്രിമിനല്‍ അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ ഈ ലേഖകന്‍ അടുത്തകാലത്തായി മേല്‍പ്രസ്താവിച്ച തരത്തിലുള്ള ഹീനശ്രമങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നതായി അനുഭവങ്ങളെ സാക്ഷ്യമാക്കി ബോധ്യപ്പെട്ടിട്ടുള്ള ഒരാളാണ്. കുറ്റാന്വേഷണത്തില്‍ വീഴ്ചയുണ്ടായാലും നിയമക്രമം പാളം തെറ്റിയാലും നീതിപീഠങ്ങള്‍ അതൊക്കെ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിച്ച ചരിത്രമാണ് നമുക്കുള്ളത്. എന്നാല്‍ അത്തരം ശ്രമങ്ങള്‍ ഇപ്പോള്‍ കോടതി മുറികളില്‍ കുറഞ്ഞുവരികയോ ഇല്ലാതാവുകയോ ചെയ്യുന്നതായി കാണുന്നു. ഭാരതത്തില്‍ പോലീസ് രജിസ്ട്രര്‍ ചെയ്യുന്ന ക്രിമിനല്‍ കേസുകളില്‍ 60 ശതമാനത്തിലധികം വ്യാജമോ, അനാവശ്യമോ, കളവായതോ എന്ന കണ്ടെത്തല്‍ കാര്യകാരണസഹിതം രേഖപ്പെടുത്തിയിട്ടുള്ളത് ഇന്ത്യന്‍ പോലീസ് കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ്. ഒരിക്കല്‍ മാത്രമേ ഇത്തരമൊരു പഠനം നടന്നിട്ടുള്ളൂ. പോലീസ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയ വസ്തുത സുപ്രീം കോടതി 1994 ലെ വിധിന്യായത്തില്‍ ഉദ്ധരിച്ച് അംഗീകരിച്ചിട്ടുമുണ്ട്. ഒരിക്കല്‍ ഈ റിപ്പോര്‍ട്ട് ഒരു ഉന്നത നീതിപീഠത്തിനു മുമ്പാകെയുള്ള കേസില്‍ ഈ ലേഖകന്‍ ഹാജരാക്കിയപ്പോള്‍ അത് ഇതര സംസ്ഥാനങ്ങളിലെ പശ്ചാത്തലത്തിലായിരിക്കുമെന്നാണ് ബഹുമാന്യനായ ന്യായാധിപന്‍ അഭിപ്രായപ്പെട്ടത്. പക്ഷേ ക്രൈംനിരക്ക് ഏറ്റവും കൂടിയ സംസ്ഥാനമാണല്ലോ കേരളം. പോലീസിനെ അന്ധമായി വിശ്വസിക്കുകയും അവരുടെ പോരായ്മകളും വീഴ്ചകളും കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നത് ദോഷഫലങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്. നല്ല പോലീസുദ്യോഗസ്ഥന്മാരെ പ്രോത്സാഹിപ്പിക്കുകയും വര്‍ദ്ധിച്ചുവരുന്ന പോലീസ് കെടുകാര്യസ്ഥതയ്ക്കും ക്രിമിനല്‍ വാസനകള്‍ക്കുമെതിരെ ശക്തമായ നിലപാടുകള്‍ ഭരണകൂടവും കോടതികളും സ്വീകരിക്കയാണ് വേണ്ടത്. കൊലക്കേസുകളില്‍ പ്രതികള്‍ വേട്ടയാടപ്പെടുകയും പീഡനങ്ങള്‍ സഹിക്കുകയും ചെയ്തശേഷം നിരപരാധിത്വം തെളിയിക്കപ്പെട്ട ഒട്ടേറെ സംഭവങ്ങള്‍ കേരളത്തിലുണ്ട്. പാലക്കാട്ട് കൊലക്കേസിന്റെ വിചാരണയും വിധിയുമെല്ലാം കഴിഞ്ഞതിനുശേഷം കൊല്ലപ്പെട്ടയാള്‍ നാട്ടില്‍ തിരിച്ചെത്തിയതിന്റെ വിശദാംശങ്ങള്‍ അനുഭവത്തിന്റെ സാക്ഷ്യപത്രവുമായി ജസ്റ്റിസ് യു.എല്‍. ഭട്ട് തന്റെ ജീവചരിത്രഗ്രന്ഥത്തില്‍ വിശദീകരിച്ചിട്ടുണ്ട്. പ്രസ്തുത കേസിലെ പ്രതികളുടെ കുറ്റസമ്മതമൊഴി പ്രകാരം കൊല്ലാനുപയോഗിച്ച ആയുധവും ഇരയ്ക്ക് നഷ്ടപ്പെട്ട അരഞ്ഞാണം പ്രതികളാല്‍ കണ്ടെടുത്ത് കോടതിയില്‍ ഹാജരാക്കിയ കാര്യവും, പ്രതികളിലൊരാള്‍ പോലീസ് മര്‍ദ്ദനം കാരണം അംഗവൈകല്യക്കാരനായതും ജസ്റ്റിസ് ഭട്ട് എടുത്തുപറഞ്ഞിട്ടുണ്ട്. ജസ്റ്റിസ് കെ.ടി.തോമസിന്റെ ആത്മകഥയിലും ഇത്തരം സംഭവങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ഈ ലേഖകന് 2001 ല്‍ അഡ്വ: കുഞ്ഞിരാമമേനോന്‍ അവാര്‍ഡ് നേടിത്തന്ന ലേഖനപരമ്പരയിലും ഇത്തരത്തിലുള്ള അഞ്ച് കേസുകള്‍ എടുത്തുകാട്ടിയിട്ടുണ്ട്. 2011 ല്‍ സുപ്രീം കോടതിയിലും 11 കൊല്ലം ജീവപര്യന്തം തടവില്‍ മൂന്നുപേര്‍ കിടന്ന് ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന കേസ്സില്‍ മരിച്ച ഇര ജീവനോടെ തിരിച്ചുവന്ന സംഭവമുണ്ടായിട്ടുണ്ട്. പക്ഷേ ഇതൊക്കെ സമൂഹം ചിന്തിക്കുന്നില്ല എന്നതാണ് ദുഃഖസത്യം. സൗമ്യ വധക്കേസ്സില്‍ കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് ഉല്‍ക്കടമായി ആഗ്രഹിക്കുന്ന ഒരാളാണ് ഈ ലേഖകന്‍. പക്ഷേ നിയമാധിഷ്ഠിതനീതി അട്ടിമറിച്ച് സുപ്രീം കോടതി വികാരത്താല്‍ നയിക്കപ്പെട്ടാല്‍ ഫലം നിയമവാഴ്ചയുടെ തകര്‍ച്ചയായിരിക്കുമെന്ന് ഞാന്‍ ആശങ്കപ്പെടുന്നു. സുപ്രിം കോടതി വിധി രാജ്യത്തിന് പിന്തുടരേണ്ട നിയമമായി മാറുമെന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്. സുപ്രീം കോടതി വിധിയിലെ നിയമഭാഷ്യം നിരപരാധികളുടെ തല ഉരുളുന്ന സാഹചര്യം സൃഷ്ടിക്കപ്പെടാന്‍ ഇടയാക്കിക്കൂടാ. വിചാരണ കോടതിയിലെ ന്യായാധിപനായിരുന്ന ആള്‍ തന്നെ സുപ്രീം കോടതിയില്‍ പോയി പ്രോസിക്യൂഷന്റെ ഭാഗമായതും ഏഡിജിപി, പഴയ പ്രോസിക്യൂട്ടര്‍ എന്നിവര്‍ക്കൊപ്പം കളിക്കളത്തിലെത്തിയതുമൊക്കെ എന്തിന്റെ സൂചനകളാണ്? കേരള ജുഡീഷ്യറി എങ്ങോട്ടെന്ന ചോദ്യം നമുക്കിടയില്‍ ഇപ്പോള്‍ ഉത്തരം തേടുകയാണ്. പോലീസും, പ്രോസിക്യൂട്ടറും വിധിപറഞ്ഞ ന്യായാധിപനും ഒരേ ബിന്ദുവില്‍ കേന്ദ്രീകരിച്ച് ഒപ്പം കളിക്കുന്നത് ജുഡീഷ്യറിയുടെ വിശ്വാസ്യതയെതന്നെ തകര്‍ക്കുമെന്ന് ന്യായമായും കരുതേണ്ടതുണ്ട്. തൃശ്ശൂരില്‍ സൗമ്യക്കേസില്‍ വിധി കല്‍പ്പിച്ച ന്യായാധിപന്‍ മൂവര്‍ സംഘമായി സുപീം കോടതിയിലും ജസ്റ്റിസ് കട്ജുവിന്റെ വീട്ടിലും പോയത് നീതി സമ്പ്രദായത്തിനേറ്റ ക്ഷതംതന്നെയാണ്. കേസ് പരിഗണിക്കുമ്പോള്‍ കോടതിയും പ്രോസിക്യൂട്ടറും കുറ്റാന്വേഷക സംവിധാനവും മുന്‍വിധിയോടെ ഒത്തൊരുമിച്ച് ഇരട്ടപെറ്റ മക്കളെപ്പോലെ പ്രവര്‍ത്തിച്ചു എന്ന തോന്നല്‍ ഇതൊക്കെ സൃഷ്ടിക്കുന്നുണ്ട്. ജൂഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് കേരളത്തില്‍ മങ്ങലേല്‍പ്പിക്കാന്‍ നാം ഒരുനിലയ്ക്കും അനുവദിച്ചുകൂടാ.