ദളിത് യുവാക്കള്‍ക്ക് നേരെ മൂന്നാംമുറ; ബിജെപി പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

Monday 24 October 2016 11:39 am IST

കൊല്ലം: ദളിത് യുവാക്കളെ മൂന്നാംമുറയ്ക്ക് വിധേയമാക്കിയ അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലേക്ക് ബിജെപി പ്രതിഷേധമാര്‍ച്ച് നടത്തി. ബിജെപി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് സ്റ്റേഷന് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ജി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. പിണറായിയുടെ ഇടതുസര്‍ക്കാര്‍ കേരളത്തിലെ ദളിതരെ വേട്ടായാടുന്നതിന്റെ തെളിവാണ് അഞ്ചാലുംമൂട് സ്റ്റേഷനില്‍ നടന്ന ദളിത് വേട്ടയെന്നും ഒരാളെ അറസ്റ്റ് ചെയ്താല്‍ കോടതിയില്‍ ഹാജരാക്കേണ്ടതിന് പകരം കസ്റ്റഡിയില്‍ വച്ച് മൃഗീയമായി മര്‍ദ്ദിച്ചത് അങ്ങേയറ്റം അപലപനീയമാണെന്നും ഗോപകുമാര്‍ പറഞ്ഞു. ദളിതരെ ആക്രമിച്ചാല്‍ ചോദിക്കാനാരുമില്ലായെന്ന ധൈര്യമാണ് കസ്റ്റഡിയില്‍ വച്ച് പീഡിപ്പിക്കാന്‍ പിണറായിയുടെ പോലീസിന് പ്രേരണയായത്. മൂന്നാംമുറ നടത്താന്‍ സര്‍ക്കാര്‍ മൗനാനുമതി നല്‍കിയതിന്റെ തെളിവ് കൂടിയാണ് ഇത്. പോലീസ് സ്റ്റേഷന്‍ ജനോപകരപ്രദമാകേണ്ടതിന് പകരം നിരപരാധികളെ വേട്ടായാടുന്ന കേന്ദ്രമായി മാറരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രൂരമായ ആക്രമണം നടത്തിയ പോലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കണമെന്നും കേസെടുത്ത് ജയിലില്‍ അടയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഞ്ചാലുംമൂട്ടില്‍ നിന്നും ആരംഭിച്ച മാര്‍ച്ചിന് നേതാക്കളായ അമ്പു, സാംരാജ്, അഡ്വ. സി.കെ.മിത്രന്‍, എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.