വനവാസികളെ അവഹേളിച്ച മന്ത്രി ബാലന്‍ മാപ്പ് പറയണം : പ്രതിപക്ഷം

Monday 24 October 2016 12:43 pm IST

തിരുവനന്തപുരം: മന്ത്രി എ.കെ ബാലന്‍ വനവാസികളെ അവഹേളിക്കുന്ന പ്രസ്താവന പിന്‍‌വലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എ.കെ ബാലന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. വനവാസികളെ അധിക്ഷേപിച്ച സംഭവം ക്രമപ്രശ്നമായി പി.ടി തോമസ് എം‌എല്‍‌എയാണ് നിയമസഭയില്‍ ഉന്നയിച്ചത്. ബാലന്റെ വനവാസി വിരുദ്ധ പ്രസ്താവന നിയസഭാരേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് പി.ടി തോമസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എ.കെ ബാലന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ജനനി ജന്മരക്ഷാ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് എ.കെ ബാലന്‍ വിവാദ പ്രസ്താവന നടത്തിയത്. എന്നാല്‍ ഇത്തരത്തില്‍ എന്തെങ്കിലും അപമാനകരമായ പരാമര്‍ശം തന്നില്‍ നിന്നും ഉണ്ടായിട്ടില്ലെന്ന് എ.കെ ബാലന്‍ പറഞ്ഞു. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യത്തില്‍ സ്പീക്കര്‍ പരിശോധിച്ച് വ്യക്തമാക്കണം. എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രിയുടെ മറുപടിയില്‍ തൃപ്തരാവാത്ത പ്രതിപക്ഷ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. അതിനിടെ മന്ത്രി ബാലനെതിരെ പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് എംഎല്‍എ ഹൈബി ഈഡനാണ് നോട്ടീസ് നല്‍കിയത്. ആദിവാസി ശിശുക്കളുടെ മരണവുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമര്‍ശനങ്ങള്‍ക്കെതിരെയാണ് ചട്ടം 186 അനുസരിച്ച് നോട്ടീസ് നല്‍കിയത്. എ.കെ. ബാലന്റെ പ്രസ്താവന പാര്‍ലമെന്ററി രീതിക്ക് വിരുദ്ധമാണെന്ന് നോട്ടീസില്‍ പറയുന്നു. നിയമസഭാ സാമാജികന്റെ നിലവാരത്തിനും അന്തസിനും ചേരാത്ത പ്രസ്താവനയാണ് മന്ത്രി നടത്തിയതെന്നും നോട്ടീസില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.