കുടുംബശ്രീ സംരംഭങ്ങള്‍ക്ക് വിപണന സൗകര്യമൊരുക്കാന്‍ ഗ്രാമച്ചന്തകളുമായി നബാര്‍ഡ്

Monday 24 October 2016 5:46 pm IST

കല്‍പ്പറ്റ : കുടുംബശ്രീ സംരംഭകര്‍ വിപണന രംഗത്ത് നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് നബാര്‍ഡ് പിന്തുണ നല്‍കും. കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ വിവിധ മേഖലകളിലായി അഞ്ഞൂറിലധികം സംരംഭങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആഗോള കുത്തക ഉല്‍പന്നങ്ങളുമായി മത്സരിക്കേണ്ടതിനാല്‍ സ്ഥിരമായ വിപണി ലഭിക്കുന്നില്ലെന്നതാണ് ഇവര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. മികച്ച പായ്ക്കിംഗും ലേബലുമായി വന്‍കിട കമ്പനികളുടെ ഉല്‍പന്നങ്ങള്‍ പരസ്യങ്ങളിലൂടെയും മറ്റും വിപണി കയ്യടക്കുമ്പോള്‍ ഗുണമേ•യുള്ള കുടുംബശ്രീ ഉല്‍പന്നങ്ങള്‍ പിന്തള്ളപ്പെടുകയാണ്. ഇതിന് പരിഹാരമെന്ന നിലയിലാണ് ജില്ലയില്‍ നബാര്‍ഡ് ഗ്രാമച്ചന്തകള്‍ ആരംഭിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെയായിരിക്കും ഇവ ആരംഭിക്കുക. ഒരു ഗ്രാമച്ചന്തയുടെ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് പത്ത് ലക്ഷം രൂപയോളം നബാര്‍ഡ് ഗ്രാന്റായി അനുവദിക്കും. ഗ്രാമച്ചന്തകള്‍ ആരംഭിക്കുന്നതിനായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ 500 മുതല്‍ 750 സ്‌ക്വയര്‍ മീറ്റര്‍ വരെ സ്ഥലം വിട്ട് നല്‍കണം. വില്‍പ്പന നടത്തുന്നതിനുള്ള പ്ലാറ്റ്‌ഫോറം, പൂര്‍ണ്ണമായതോ, ഭാഗികമായതോ ആയ മേല്‍കൂര, ചുറ്റുമതില്‍, കുടിവെള്ളം, ശൗചാലയം, അഴുക്ക് ചാല്‍, സൗര വിളക്ക് എന്നിവ ഗ്രാമച്ചന്തകളുടെ ഭാഗമായി സ്ഥാപിക്കുന്നതിന് നബാര്‍ഡ് പിന്തുണ നല്‍കും. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാരുടെ സഹായത്തോടെയാണ് പദ്ധതി തയ്യാറാക്കേണ്ടത്. പദ്ധതിയുടെ 95% തുക (പരമാവധി 10 ലക്ഷം രൂപ) യാണ് ഗ്രാന്റായി അനുവദിക്കുക. ആദ്യത്തെ 3 വര്‍ഷം സര്‍ക്കാര്‍ സഹായത്തോടെയും തുടര്‍ന്ന് സംരംഭകരില്‍ നിന്ന് മാര്‍ജിന്‍ മണി ഈടാക്കിയുമാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക. ഗ്രാമച്ചന്തകള്‍ തുടങ്ങാന്‍ താല്‍പ്പര്യമുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ബോര്‍ഡ് തീരുമാനം സഹിതം ജില്ലാ മിഷനില്‍ അറിയിക്കണം. ഇത് കൂടാതെ സ്ഥിര വരുമാനമുറപ്പാക്കുന്ന നവീന സംരംഭ മേഖലകളില്‍ കുടുംബശ്രീ അംഗങ്ങളെ പങ്കാളികളാ ക്കുന്നതിനും നബാര്‍ഡ് പിന്തുണ നല്‍കും. തേനീച്ച വളര്‍ത്തല്‍, റാഗി, ഉഴുന്ന് തുടങ്ങിയ ധാന്യങ്ങളുടെ കൃഷി, ആന്തൂറിയം കൃഷി, സുഗന്ധദ്രവ്യ നഴ്‌സറി യൂണിറ്റ്, ധാന്യ സംസ്‌കരണ യൂണിറ്റ് തുടങ്ങി കുറഞ്ഞ അളവ് ജലം ആവശ്യമായ കൃഷി രീതികളിലും സംരംഭങ്ങളിലും ഏര്‍പ്പെടുന്ന കുടുംബശ്രീ യൂണിറ്റുകള്‍ക്ക് പരിശീലനവും സാമ്പത്തിക പിന്തുണയും നബാര്‍ഡ് നല്‍കും. ഈ ഉത്പന്നങ്ങളുടെ വിപണനത്തിനായി പ്രത്യേക പദ്ധതിയും കുടുംബശ്രീ ജില്ലാ മിഷനുമായി സഹകരിച്ച് നടപ്പാക്കും. പദ്ധതി സംബന്ധിച്ച് വിശദീകരിക്കുന്നതിനായി നടത്തിയ ശില്‍പശാല നബാര്‍ഡ് എജിഎം സജികുമാര്‍ എന്‍. എസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.പി.ജയചന്ദ്രന്‍, അസി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.എ. ഹാരിസ്, ജില്ലാ കണ്‍സള്‍ട്ടന്റ് സുഹൈല്‍.കെ.എ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.