അമേരിക്കയിലേക്കുള്ള വിമാനങ്ങളില്‍ ഭീകരാക്രമണ സാധ്യതയെന്ന്‌ മുന്നറിയിപ്പ്‌

Thursday 7 July 2011 8:57 pm IST

വാഷിംഗ്ടണ്‍: അക്രമികള്‍ മനുഷ്യശരീരത്തില്‍ ബോംബുകള്‍ ഒളിപ്പിച്ചുവെച്ച്‌ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന്‌ അമേരിക്കയിലേക്ക്‌ സര്‍വീസ്‌ നടത്തുന്ന ഇന്ത്യയിലേതടക്കമുളള വിമാനകമ്പനികള്‍ക്ക്‌ അമേരിക്ക മുന്നറിയിപ്പുനല്‍കി.
ഇത്‌ ആക്രമണം നടത്തുന്നതിന്റെ ഒരു പുതിയ രീതിയായി കണക്കാക്കുന്നുവെന്ന്‌ പേര്‌ വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു മുതിര്‍ന്ന അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ആക്രമണം നടക്കാന്‍ സാധ്യതയുള്ളതുകൊണ്ടാണ്‌ അമേരിക്ക ഇത്തരം ഒരു മുന്‍കരുതലെടുക്കുന്നത്‌. എന്നാല്‍ അത്‌ ഏതുഭാഗത്തുനിന്നാവും എന്നതിനെക്കുറിച്ച്‌ രഹസ്യവിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ആഭ്യന്തരമായി അത്തരമൊരാക്രമണം പ്രതീക്ഷിക്കുന്നില്ലെങ്കിലും ബാഹ്യവും ആഭ്യന്തരവുമായ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്‌. അമേരിക്കയിലേക്ക്‌ വിമാനങ്ങള്‍ പുറപ്പെടുന്ന ദല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളവും മുംബൈ ഛത്രപതി ശിവാജി വിമാനത്താവളവും പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശക്തമായ സുരക്ഷാനിരീക്ഷണത്തിന്‌ വിധേയമായേക്കും.
കഴിഞ്ഞ നാളുകളിലായി വിമാനയാത്രാ സുരക്ഷാ നടപടികള്‍ ശക്തമാക്കിയതിനാല്‍ തീവ്രവാദികള്‍ പുതിയ വഴികള്‍ തേടുകയാണ്‌. ഗതാഗത സുരക്ഷയുടെ ചുമതലയുള്ള കൗവിക റിലി പറഞ്ഞു. അമേരിക്കയിലേക്ക്‌ പറക്കുന്ന യാത്രക്കാര്‍ക്ക്‌ ഇതുമൂലം സാധാരണയിലധികമുള്ള സുരക്ഷാ പരിശോധനകളുണ്ടാവും. സ്ഫോടകവസ്തുക്കള്‍ ഒളിച്ചുകടത്തുവാനുള്ള തീവ്രവാദികളുടെ ശ്രമങ്ങളെ നേരിടാന്‍ യാത്രക്കാരെ ചോദ്യം ചെയ്യുകയും പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുകയും ചെയ്യും, റിലി തുടര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.