നൊബേല്‍ വച്ചു കളിക്കരുത്

Monday 24 October 2016 10:36 pm IST

നൊബേല്‍ സമ്മാനം കൊടുക്കുന്ന മുതലാളിമാരെ കളിപ്പിക്കുന്ന ബോബ് ഡിലന്റെ ചുവടുകള്‍ എനിക്കിഷ്ടപ്പെട്ടു. ബോബ് നല്ല എഴുത്തുകാരനല്ല. അദ്ദേഹം അങ്ങനെ കരുതുന്നുമില്ല. പാട്ടുകാരനും നര്‍ത്തകനുമാണെന്നേ അദ്ദേഹം സ്വയം കരുതുന്നുള്ളൂ. ബോബിന്റെ ചാഞ്ചാട്ടങ്ങള്‍ കാണുമ്പോള്‍, പലപ്പോഴും, മൈക്കിള്‍ ജാക്‌സനെ ഓര്‍മവരും; വിചിത്ര സ്വഭാവികള്‍. 'ക്രോണിക്കിള്‍സ്' എന്ന ഓര്‍മക്കുറിപ്പുകള്‍ ബോബിന്റേതായുണ്ട്. 1966 ല്‍ തനിക്കുണ്ടായ ബൈക്കപകടം അദ്ദേഹം അതില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തില്‍ കശേരുക്കള്‍ തകര്‍ന്നതായാണ് കേട്ടിരുന്നത്. എന്നാല്‍, ഏതെങ്കിലും ആശുപത്രിയില്‍ ചികിത്സ തേടിയതായി വിവരമില്ല. ചിലപ്പോഴൊക്കെ കുറെക്കാലം അപ്രത്യക്ഷനാകാറുണ്ട്. അമേരിക്കക്കാര്‍ക്ക് സ്വകാര്യ ജീവിതം വലുതാണ്. അച്യുതാനന്ദന്റെ പിറന്നാളിന്റെ അടുക്കളപ്പടം കാണുമ്പോഴൊക്കെ ഞാന്‍ ഇതോര്‍ക്കാറുണ്ട്. കരുണാകരന്റെ പൂജാമുറിപ്പടങ്ങള്‍ കാണുമ്പോഴും ഓര്‍ത്തിരുന്നു. സ്വകാര്യജീവിതത്തിലേക്ക് ഫൊട്ടോഗ്രഫറെയും ലേഖകരെയും കയറ്റിയവന്‍ അനുഭവിക്കും. അച്യുതാനന്ദന്‍ ലണ്ടനില്‍ ചികിത്സയ്ക്ക് പോയപ്പോള്‍, മകന്‍ അരുണ്‍ കുമാറിനോട് പറഞ്ഞ്, ആശുപത്രി മുറി ചിത്രവും വരുത്തുകയുണ്ടായി. അങ്ങനെയൊന്നും വേണ്ടതില്ല. ബോബിനെക്കണ്ട് പഠിക്കൂ; ഒരക്ഷരം അയാള്‍ പറഞ്ഞിട്ടില്ല. കെ.സച്ചിദാനന്ദന്‍ എന്തൊക്കെയാണ് പറഞ്ഞ് നടന്നത്-നൊബേല്‍ സമ്മാനത്തിന് ചുരുക്കപ്പട്ടികയേയില്ല. മാധവിക്കുട്ടിക്ക് നൊബേല്‍ കിട്ടാനിടയുണ്ടെന്ന് ആരോ പറഞ്ഞപ്പോള്‍, പേജ് തയ്യാറാക്കി വച്ചതും ഓര്‍ക്കുന്നു. ചുരുക്കപ്പട്ടികയില്ലെന്ന് അന്നറിയില്ലായിരുന്നു. അവാര്‍ഡിന് പുറകെ ആക്രാന്തത്തോടെ പായുന്ന ലോകത്ത്, അത് വേണ്ടെന്ന് വയ്ക്കുക എളുപ്പമല്ല. മുംബൈയിലെ കൃഷ്ണന്‍ പറപ്പിള്ളി എന്ന രാമപുരത്തുകാരന്‍, സ്വന്തം ഭാര്യയുടെ പേരില്‍ പുരസ്‌കാരമുണ്ടാക്കി, തനിക്ക് തന്നെ സ്വയം പ്രഖ്യാപിക്കുകയുണ്ടായി. അവാര്‍ഡ് സ്വയം സംഘടിപ്പിച്ച തനിക്ക് തന്നെ നല്‍കാന്‍, കാലിക്കവര്‍ സംഘാടകരായി നിന്നുകൊടുത്തവരെ ഏല്‍പിച്ചതായും എനിക്കറിയാം. 2010 ല്‍ അക്കിത്തത്തിന് കിട്ടേണ്ടിയിരുന്ന ജ്ഞാനപീഠമാണ്, ഒഎന്‍വിക്ക് ദല്‍ഹിയിലെ മലയാളി കവി തിരിച്ചുവിട്ടത്. എന്നിട്ട്, അക്കിത്തത്തിന് മൂര്‍ത്തീദേവി പുരസ്‌കാരം കൊടുത്തു. ഒരാള്‍ക്ക് രണ്ടും കിട്ടില്ലെന്നാണ് പറയുന്നത്. ഒഎന്‍വിയെക്കാള്‍ വലിയ കവിയാണ്, അക്കിത്തം എന്ന് എല്ലാവര്‍ക്കുമറിയാം. ഓന്ത് ഒരു തുള്ളി മുതലയാണെന്ന് ലോര്‍ക്ക പറഞ്ഞപോലെ, ഒഎന്‍വിയും കവിയാണെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാടു പറയുകയുണ്ടായി. ലളിതാംബിക അന്തര്‍ജനം പുരസ്‌കാര സമര്‍പണത്തോടനുബന്ധിച്ച് കവിയരങ്ങിന്, എന്‍.മോഹനന്‍ പി.നാരായണക്കുറുപ്പിനെ നിര്‍ദ്ദേശിച്ചപ്പോള്‍, ''വേണ്ട, ഒരു കുറുപ്പുമതി'' എന്ന് ഒഎന്‍വി പറഞ്ഞതായി, മോഹനന്‍ എന്നോട് പറയുകയുണ്ടായി. നൊബേല്‍ സമ്മാനം നിരസിച്ച ഒരെഴുത്തുകാരനേ ഇതുവരെയുള്ളൂ. 1964 ല്‍ ഴാങ്‌പോള്‍ സാത്ര്. അസ്തിത്വവാദത്തിന്റെ പ്രചാരകന്‍. 'സത്തയും ശൂന്യതയും' എന്ന കടിച്ചാല്‍ പൊട്ടാത്ത ദാര്‍ശനിക ഗ്രന്ഥത്തിന്റെ സ്രഷ്ടാവ്. അതു മനസ്സിലായ രണ്ടു മലയാളികള്‍ ഉണ്ടായിരുന്നു- കെ.രാഘവന്‍ പിള്ളയും വിലാസിനിയും. രാഘവന്‍ പിള്ളയെഴുതിയ അസ്തിത്വവാദ പുസ്തകത്തിന്, വിലാസിനിയുടെ അവതാരിക തന്നെയുണ്ട്. ഭഗവദ്ഗീതയില്‍ അസ്തിത്വവാദമുണ്ട് എന്നാണ് രാഘവന്‍ പിള്ള പറഞ്ഞത്. കിര്‍ക്കെഗാദ്, ഹെഗല്‍ എന്നിവരുടെ അടിസ്ഥാന പ്രമാണങ്ങളുമായി തട്ടിച്ചുനോക്കിയാല്‍, സാര്‍ത്രിന്റെ അസ്തിത്വവാദം കാലത്തെ അതിജീവിക്കുകയില്ല; അവരുടെ ദര്‍ശനങ്ങളില്‍നിന്ന് ആത്മീയത തട്ടിക്കിഴിച്ചാല്‍, സാര്‍ത്രിന്റെ ദര്‍ശനം കിട്ടും. അതല്ലെങ്കില്‍, സാര്‍ത്രിന്റെ 'മാന്യയായ വേശ്യ' എന്ന അമേരിക്കന്‍ സംസ്‌കാരത്തിനെതിരായ നാടകം വായിച്ചാല്‍ മതി. 'സത്തയും ശൂന്യതയും' വായിച്ചതില്‍നിന്ന് മനസ്സില്‍ നില്‍ക്കുന്ന ഒന്ന്, അത് ലൈംഗിക അരാജകത്വത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ്; അദ്ദേഹം സിമൊങ് ദ ബുവ്വയുമായി സഹജീവിതം നയിച്ചിരുന്നല്ലോ. ഇപ്പോള്‍ ഒരു സഹജീവിതം കേട്ടത്, മുലായം സിങ്, സാധനാ ഗുപ്തയുമായി നടത്തിക്കൊണ്ടിരുന്നതാണ്. ഒരു ശവക്കോട്ടയില്‍ പോയി, ശത്രുവിന്റെ ശവക്കോട്ടയില്‍ മൂത്രമൊഴിച്ചതായി, സാര്‍ത്ര് ആത്മകഥയില്‍ പറയുന്നുണ്ട്. മൂത്രമൊഴിച്ച് ശത്രുത ഒഴുക്കിക്കളയുന്ന വിദ്യ, ഇവിടെയും പരീക്ഷിക്കാവുന്നതാണ്. ഡൈനാമിറ്റ് കണ്ടെത്തിയ ആളാണ് ആല്‍ഫ്രഡ് നൊബേല്‍ എന്ന് നമുക്കറിയാം. 1895 ലെ വില്‍പത്രത്തിലാണ്, തന്റെ സ്വത്തിലെ വലിയ ഭാഗം, ഊര്‍ജതന്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, സാഹിത്യം, സമാധാനം എന്നിവയിലെ സമ്മാനങ്ങള്‍ക്ക് നീക്കിവച്ചത്. 1968 ല്‍ സ്വീഡനിലെ കേന്ദ്ര ബാങ്കായ സ്‌വെറിഗ്‌സ് റിക്‌സ് ബാങ്കാണ്, നൊബേലിന്റെ ഓര്‍മയ്ക്ക്, സാമ്പത്തിക ശാസ്ത്ര സമ്മാനം ഏര്‍പ്പെടുത്തിയത്. ഇതുവരെ 579 സമ്മാനം കൊടുത്തു. ആകെ 911 സമ്മാനാര്‍ഹരുണ്ട്. പങ്കാളികള്‍ വരുന്നതിനാലാണ്, സമ്മാനാര്‍ഹര്‍ കൂടിയത്. 26 എണ്ണം സംഘടനകള്‍ക്കായിരുന്നു. നൊബേല്‍ 1901 ല്‍ തുടങ്ങിയെങ്കിലും, 49 തവണ കൊടുക്കാതിരുന്നിട്ടുണ്ട്. ലോകയുദ്ധ കാലത്താണ്, കൂടുതലും കൊടുക്കാതിരുന്നത്. സാഹിത്യത്തിന് 1914, 1918, 1935, 1940, 1941, 1942, 1943 വര്‍ഷങ്ങളില്‍ കൊടുത്തില്ല. 1955, 1956, 1966, 1967, 1972 വര്‍ഷങ്ങളില്‍ സമാധാനമുണ്ടായില്ല. സമ്മാനാര്‍ഹരുടെ ശരാശരി വയസ്സ് 59. പൊതുജന്മദിനം, മെയ് 21, ഫെബ്രുവരി 28. ഭാരതീയര്‍ക്ക് പൊതുവേ ഈ ജന്മദിനങ്ങള്‍ ഇല്ലെന്ന് തോന്നുന്നു. 1997 ജൂലൈ 12 ന് ജനിച്ച് മലാല യൂസഫ് സായിയെ പ്രായക്കുറവില്‍ വെട്ടിക്കാന്‍ ആര്‍ക്കും കഴിയില്ലായിരിക്കും. 17 വയസ്സേ മലാലയ്ക്കായിരുന്നുള്ളൂ. ഊര്‍ജതന്ത്ര നൊബേല്‍ 1915 ല്‍ സ്വീകരിക്കുമ്പോള്‍ വില്യം ലോറന്‍സ് ബ്രാഗിന് 25 വയസ്സ് മാത്രമായിരുന്നു. 1932 ല്‍ വെര്‍ണര്‍ ഹെയ്‌സര്‍ബര്‍ഗിന്, 31. സാമ്പത്തിക ശാസ്ത്രത്തില്‍ 2007 ല്‍ ലിയോനിദ് ഹര്‍വിക്‌സ് നൊബേല്‍ നേടുമ്പോള്‍ 90 വയസ്സായിരുന്നു. സാഹിത്യത്തില്‍, നൊബേല്‍ നേടുമ്പോള്‍ പ്രായം കുറഞ്ഞയാള്‍ റഡ്‌യാര്‍ഡ് കിപ്ലിങ്-41. ഡോറിസ് ലെസിങ്ങിന് 2007 ല്‍ സമ്മാനം കിട്ടുമ്പോള്‍, 88. സമാധാനത്തിന് 1995 ല്‍ സമ്മാനം കിട്ടുമ്പോള്‍, ജോസഫ് റോട്ബ്ലാറ്റിന് 87. സമ്മാനം കിട്ടുമ്പോള്‍ മൂന്ന് പേര്‍ അറസ്റ്റിലായിരുന്നു: ജര്‍മന്‍ പത്രപ്രവര്‍ത്തകന്‍ കാള്‍ വോണ്‍ ഒസീറ്റ്‌സ്‌കി, മ്യാന്‍മറിലെ ആങ് സാന്‍ സൂകി, ചൈനയിലെ ലിയു സിയാവോബോ. എല്ലാം സമാധാനം. റെഡ്‌ക്രോസിന് മൂന്നുതവണ കിട്ടി. പങ്കാളിത്തമില്ലാതെ, ഒറ്റയ്ക്ക് രണ്ടു നൊബേല്‍ നേടിയ ഒരാളേയുള്ളൂ-ലൈനസ് പോളിങ്. 1954 ല്‍ രസതന്ത്രം, 1962 ല്‍ സമാധാനം. പങ്കാളിത്തത്തോടെ രണ്ടുതവണ നൊബേല്‍ നേടിയവര്‍: ജെ. ബര്‍ദീന്‍ (രസതന്ത്രം 1956, ഊര്‍ജതന്ത്രം 1972, മദാം ക്യൂറി (ഊര്‍ജതന്ത്രം 1903), രസതന്ത്രം 1911), എഫ്. സാങ്കര്‍ (രസതന്ത്രം 1958, 1980). മരണാനന്തര നൊബേല്‍ കൊടുക്കേണ്ടെന്ന് 1974 ല്‍ തീരുമാനിച്ചു. നൊബേല്‍ പ്രഖ്യാപിച്ച ശേഷമാണ് മരണമെങ്കില്‍ കൊടുക്കും. 1974 ന് മുന്‍പ് രണ്ടുതവണ മരണാനന്തരം കൊടുത്തു. യുഎന്‍ സെക്രട്ടറി ജനറലായിരുന്ന ഡാഗ് ഹാമര്‍ഷോള്‍ഡ് (1961 സമാധാനം), എറിക് ആക്‌സല്‍ കാള്‍ഫെല്‍റ്റ് (1931 സാഹിത്യം). 2011 വൈദ്യശാസ്ത്രത്തില്‍ റാള്‍ഫ് സ്റ്റൈയ്ന്‍മാന് സമ്മാനം പ്രഖ്യാപിച്ചത്, അദ്ദേഹം മരിച്ച് മൂന്നുദിവസം കഴിഞ്ഞായിരുന്നു. മരിച്ചത് കമ്മിറ്റി അറിഞ്ഞിരുന്നില്ല. എങ്കിലും, സമ്മാനം മാറ്റിയില്ല. കുടുംബം എന്ന നിലയില്‍ നൊബേല്‍ എത്തിയത്, മേരി, പിയറി ക്യൂറി ദമ്പതികള്‍ക്കാണ്. പൊളോണിയം, റേഡിയം എന്നിവ കണ്ടെത്തിയതിന്. ഇവരുടെ മകള്‍ ഐറീന്‍ ജോലിയറ്റ് ക്യൂറിക്ക് 1935 ലെ രസതന്ത്ര നൊബേല്‍ കിട്ടി. ഐറീന്‍ അത്, ഭര്‍ത്താവ് ഫ്രെഡറിക്കുമായി പങ്കിട്ടു. അങ്ങനെ ഒരു കുടുംബത്തില്‍ നാലുപേര്‍; വല്ലാത്ത കുടുംബം! സഹോദരന്മാര്‍ ഒരു ജോഡി മാത്രം: ജാന്‍ ടിന്‍ബര്‍ഗന്‍, നിക്കൊളാസ് ടിന്‍ബര്‍ഗന്‍-1973 ല്‍ വൈദ്യശാസ്ത്രം. നൊബേല്‍ നിരസിച്ചാല്‍ അക്കാദമി അത് പരിഗണിക്കാറില്ല. കിട്ടിയ ആള്‍ നൊബേല്‍ സമ്മാനിതന്‍ തന്നെ. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോടാണ്, ഇതിന് സാമ്യം. ആ പാര്‍ട്ടി രാജി സമ്മതിക്കുകയോ, സ്വീകരിക്കുയോ പതിവില്ല. രാജിവച്ചയാളെ, കമ്മിറ്റി കൂടി പുറത്താക്കും. അത് അസംബന്ധമാണ് എന്നറിയാവുന്ന സ്വീഡിഷ് അക്കാദമി, നിരസിച്ചവനെ പുറത്താക്കാന്‍ കമ്മിറ്റി കൂടുകയില്ല. പാര്‍ട്ടിയില്‍നിന്ന് പുറത്തേക്കൊഴുക്ക് കൂടുതലാണ്. നൊബേലില്‍, നിരാസം പതിവല്ല. സാര്‍ത്രും ഡിലനുമൊക്കെ, വാല്‍നക്ഷത്രങ്ങള്‍. നൊബേല്‍ കിട്ടിയിട്ടു വേണം നിരസിക്കാനെന്ന് വിചാരിക്കുന്നവരാണ്, സച്ചിദാനന്ദനും ആനന്ദും. ആനന്ദും ഒരു സച്ചിദാനന്ദനാണ്. ഒരുപാടുകളിച്ചാല്‍ പുലിവാലു പിടിക്കുമെന്നതിനും തെളിവാണ്, നൊബേല്‍. രാഷ്ട്രീയം വച്ച് ഇക്കുറി സിറിയന്‍ കവി അലി അഹമ്മദ് സായിദ് എസ്ബറിന് കൊടുക്കാമായിരുന്നു. അദ്ദേഹമാണ്, നാം ആശാന്‍ സമ്മാനം കൊടുത്ത അഡോണിസ്. ആശാന്‍ സമ്മാനം കിട്ടിയ ആള്‍ക്ക് നൊബേല്‍ കൊടുക്കില്ലായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.