ലക്ഷങ്ങളും ജോലിയും വാഗ്ദാനം; കോണ്‍ഗ്രസ് വാര്‍ഡ് മെമ്പര്‍ സിപിഎമ്മില്‍

Monday 24 October 2016 11:04 pm IST

നാവായിക്കുളം: ലക്ഷങ്ങളും ജോലിയും നല്‍കാമെന്ന വാഗ്ദാനത്തെതുടര്‍ന്ന് മെമ്പര്‍ രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നു. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ 8-ാം വാര്‍ഡ് കപ്പാംവിളയില്‍നിന്ന് വിജയിച്ച ഷമീം ആണ് കഴിഞ്ഞദിവസം കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവുകൂടിയായ ഷമീം പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്കിനെത്തുടര്‍ന്നാണ് വിട്ടതെന്നാണ് കോണ്‍ഗ്രസ്സിന്റെ ഭാഷ്യം. എന്നാല്‍ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്യുകയും ജോലി വാങ്ങിനല്‍കുകയും ചെയ്യുമെന്നുള്ള ഉറപ്പിന്‍മേലാണ് ഷമീം സിപിഎമ്മില്‍ ചേര്‍ന്നതെന്ന് ഒരുവിഭാഗം കോണ്‍ഗ്രസുകാര്‍ പറയുന്നു. ഇതുപോലെ പല മെമ്പര്‍മാര്‍ക്കും ജോലിയും പണവും വാഗ്ദാനം ചെയ്ത് മറുകണ്ടം ചാടിക്കാന്‍ സിപിഎം ശ്രമം നടക്കുന്നുവെന്ന് നേരത്തെ ആരോപണം ഉണ്ട്. നാവായിക്കുളം പഞ്ചായത്തിലെ ഭരണം പിടിച്ചെടുക്കുവാനാണ് സിപിഎം ശ്രമം. 22 അംഗ പഞ്ചായത്തില്‍ നിലവില്‍ യുഡിഎഫ്-15, എല്‍ഡിഎഫ്-5, ബിജെപി-2 എന്നിങ്ങനെയാണ് കക്ഷിനില. സിപിഎം മന്ത്രിസഭ അധികാരത്തില്‍ വന്നതിനുശേഷം ഭരണത്തിന്റെ മറവില്‍ നടത്തുന്ന കുതിരക്കച്ചവടത്തിന്റെ ഭാഗമാണ് നാവായിക്കുളം  പഞ്ചായത്തിലെ സംഭവമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.