പരിസ്ഥിതിയെ മലിനപ്പെടുത്തുന്നവര്‍ പൊതുശത്രുക്കള്‍: പി.കെ. കൃഷ്ണദാസ്

Monday 24 October 2016 11:07 pm IST

കാട്ടാക്കട: പരിസ്ഥിതിയെ മലിനപ്പെടുത്തുന്നവരെ നാടിന്റെ പൊതുശത്രുക്കളായി കാണണമെന്ന് ബിജെപി ദേശീയ നിര്‍വാഹ സമിതിയംഗം പി.കെ. കൃഷ്ണദാസ്. കട്ടയ്‌ക്കോട് വില്ലിടുംപാറയില്‍ സ്വകാര്യ വ്യക്തി അനധികൃതമായി സ്ഥാപിക്കുന്ന ടൈല്‍സ്, ഇന്റര്‍ലോക്ക് കമ്പനിക്കെതിരെ നാട്ടുകാര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അേദ്ദഹം.

വില്ലിടുംപാറയിലെ ടൈല്‍സ് കമ്പനിക്കെതിരെ നാട്ടുകാര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് എത്തിയപ്പോള്‍

പിറന്നമണ്ണില്‍ ശുദ്ധവായു ശ്വസിച്ച്, ശുദ്ധജലം കുടിച്ച് ജീവിക്കാനുള്ള ജനങ്ങളുടെ അവകാശത്തിനു നേരെയാണ് സ്വകാര്യ വ്യക്തിയുടെ കടന്നുകയറ്റം. പഞ്ചായത്തും ചില രാഷ്ട്രീയ പാര്‍ട്ടികളും ഒപ്പമുണ്ടെന്ന അഹന്തയാണ് ഇത്തരം മുതലാളിമാരെ നിയമങ്ങള്‍ ലംഘിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും അദ്ധേഹം പറഞ്ഞു. പല രാഷ്ട്രീയ പാര്‍ട്ടികളെ സമീപിച്ചെങ്കിലും തങ്ങളെ സഹായിക്കാന്‍ എത്തിയത് ബിജെപിയാണെന്ന് സമരസമിതി പ്രതിനിധി സോമന്‍ കൃഷ്ണദാസിനോട് പറഞ്ഞു.
നാട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് പ്രദേശത്ത് കമ്പനി സ്ഥാപിച്ചാല്‍ ശക്തമായ പ്രക്ഷോഭവുമായി ബിജെപി മുന്നോട്ടുപോകുമെന്ന് പി.കെ. കൃഷ്ണദാസ് സമരസമിതിക്ക് ഉറപ്പുനല്‍കി. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ സ്ഥാപനങ്ങള്‍ ഇന്റര്‍ലോക്ക് കമ്പനിയുടെ അംഗീകാരം റദ്ദാക്കുന്നതുവരെ സമരം തുടരാന്‍ ജനകീയ സമരസമിതിയും നാട്ടുകാരും തീരുമാനിച്ചിട്ടുണ്ട്. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് മുക്കംപാലമൂട് ബിജു, മണ്ഡലം സെക്രട്ടറി കാട്ടാക്കട ഹരി എന്നിവരും കൃഷ്ണദാസിനൊപ്പമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.