സിപിഎം അക്രമം സര്‍ക്കാരുകള്‍ തടയണം: ആര്‍എസ്എസ്

Tuesday 25 October 2016 1:49 am IST

തുറന്നുകാട്ടി… ഹൈദരാബാദില്‍ ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി മണ്ഡല്‍ പ്രമേയത്തെക്കുറിച്ച് പത്രസമ്മേളനത്തില്‍ അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് ഡോ. മന്‍മോഹന്‍ വൈദ്യ, സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍, കേരള പ്രാന്ത സഹസംഘചാലക് അഡ്വ.കെ.കെ. ബാലറാം എന്നിവര്‍ വിശദീകരിക്കുന്നു

ഹൈദരാബാദ്: കേരളത്തില്‍ ക്രമസമാധാനം ഉറപ്പാക്കാനും അക്രമികള്‍ക്കെതിരേ അടിയന്തര നടപടിയെടുക്കാനും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ ആവശ്യപ്പെട്ടു. സിപിഎം അക്രമങ്ങള്‍ക്കെതിരേ വിവിധ വേദികളിലൂടെ ജനാഭിപ്രായം സ്വരൂപിക്കാനും മാധ്യമങ്ങളേയും ജനങ്ങളേയും പ്രമേയത്തില്‍ ആഹ്വാനം ചെയ്തു.

ആര്‍എസ്എസ്സുള്‍പ്പെടെയുള്ള രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ, നേതാക്കളുടെ അറിവോടെയും സമ്മതത്തോടെയും കേരളത്തില്‍ സിപിഎം നടത്തുന്ന ആക്രമണങ്ങളെ പ്രമേയം അപലപിച്ചു. ആര്‍എസ്എസിന്റെ സംസ്ഥാനത്തെ വളര്‍ച്ചയിലും ജനസ്വാധീനത്തിലും വിറളി പിടിച്ച ഇടതുകക്ഷികള്‍, പ്രത്യേകിച്ച് സിപിഎം, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയും ശാഖകള്‍ക്കെതിരെയും ആസൂത്രിത ആക്രമണം നടത്തുകയാണ്. ഏഴു പതിറ്റാണ്ടിനിടെ, 250 ല്‍ പരം പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ വധിച്ചു, സ്ത്രീകളുള്‍പ്പെടെ ഒട്ടേറെപ്പേരെ, നേതാക്കളുടെ അനുമതിയോടെ, രക്തദാഹികളായ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു.

”ആരോടും വിദ്വേഷമില്ലാതെ, എല്ലാവരോടും സൗഹാര്‍ദ്ദ”മെന്ന ആദര്‍ശവുമായി ആര്‍എസ്എസ് ജനങ്ങളെ ഒന്നിപ്പിച്ചും യോജിപ്പിച്ചും പ്രവര്‍ത്തിക്കുകയാണ്. സംസ്ഥാനത്തെ സമാധാനത്തിന് എല്ലാ വിയോജിപ്പും മറന്ന് സംഘം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമ്പോള്‍ നിര്‍ഭാഗ്യവശാല്‍, സിപിഎം നിന്ദ്യമായ ആക്രമണങ്ങള്‍ തുടരുകയാണ്, പ്രമേയം ചൂണ്ടിക്കാട്ടുന്നു.

സിപിഎം നയിക്കുന്ന ഇടതുപക്ഷം അധികാരത്തില്‍ വരുമ്പോഴെല്ലാം ആഭ്യന്തരവകുപ്പ് കൈയടക്കി, പോലീസിനെ വേലക്കാരാക്കി, പാര്‍ട്ടി പ്രവര്‍ത്തകരെക്കൊണ്ട് ആര്‍എസ്എസ് ശാഖകളെയും പ്രവര്‍ത്തകരെയും ആക്രമിക്കും. വസ്തുവകകളും സ്ഥാപനങ്ങളും കൃഷിയും നശിപ്പിച്ച് സാമ്പത്തികമായി തകര്‍ക്കും. സിപിഎമ്മിന്റെ അസഹിഷ്ണുത നിറഞ്ഞ, ജനാധിപത്യ വിരുദ്ധരീതി ഉടന്‍ തടയണം.

നിസ്സാര വിഷയങ്ങളില്‍പോലും ഉച്ചത്തില്‍ അഭിപ്രായം പറയുന്നവര്‍ ഈ വിഷയത്തില്‍ മിണ്ടാത്തത് നിര്‍ഭാഗ്യകരമാണ്, പ്രമേയം പറയുന്നു. പണ്ഡിറ്റ് ദീനദയാല്‍ജിയുടെ ഏകാത്മ മാനവ ദര്‍ശനത്തിന്റെ 50ാം വാര്‍ഷിക വേളയില്‍, ലോകം നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായ ഈ ദര്‍ശനം പ്രചരിപ്പിക്കാന്‍ കാര്യകാരി പ്രമേയത്തിലൂടെ ആഹ്വാനം ചെയ്യുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.