കര്‍ഷകര്‍ ആശങ്കയില്‍

Tuesday 25 October 2016 2:41 am IST

കോട്ടയം: സംസ്ഥാനത്ത് നെല്ല് സംഭരണം അവതാളത്തിലായതോടെ കര്‍ഷകര്‍ കടുത്ത ആശങ്കയില്‍. സര്‍ക്കാര്‍ ഏജന്‍സികള്‍ വിവിധ ജില്ലകളിലെ പാടശേഖരങ്ങളില്‍ നിന്ന് നെല്ല് സംഭരിക്കാന്‍ തയാറാവാത്തതിനാല്‍ പലയിടങ്ങളിലും പുറം ബണ്ടുകളില്‍ നെല്ല് കെട്ടിക്കിടക്കുന്നു. ഒട്ടുമിക്ക ജില്ലകളിലും സപ്ലൈകോ നെല്ല് സംഭരിക്കാന്‍ കൂട്ടാക്കുന്നില്ല. വിതച്ച്, കൊയ്ത്, മെതിച്ച്, ബണ്ടുകളില്‍ കൂട്ടിയിട്ടിരിക്കുന്ന നെല്ല് കര്‍ഷകര്‍ക്ക് തീരാദുഃഖമാണ് സമ്മാനിക്കുന്നത്. അപ്പര്‍ കുട്ടനാട് മേഖലയായ വൈക്കത്തെ വലിയ പുതുക്കരി, ഇട്ടിയേക്കാടന്‍ കരി, ദേവസ്വംകരി, അരികുപുറം തുടങ്ങിയ പാടശേഖരങ്ങളില്‍ വിളവെടുത്ത നെല്ല് പുറം ബണ്ടുകളില്‍ ദിവസങ്ങളായി കൂട്ടിയിട്ടിരിക്കുന്നു. നിരവധി തവണ കര്‍ഷകര്‍ അധികൃതരെ വിവരം ധരിപ്പിച്ചെങ്കിലും ഇതുവരെ ഈ ഭാഗത്തു നിന്ന് നെല്ല് സംഭരിക്കാന്‍ സപ്ലൈകോ തയാറായിട്ടില്ല. ഇത് മുതലെടുത്ത് നെല്ലെടുക്കാന്‍ പലയിടങ്ങളിലും സ്വകാര്യ മില്ലുകള്‍ രംഗത്തത്തെി. എങ്കിലും അമിത താരിഫ് ചോദിക്കുന്നത് കര്‍ഷകര്‍ക്ക് വലിയ തിരിച്ചടി. ഒരു ക്വിന്റല്‍ നെല്ല് സംഭരിക്കാന്‍ 10 മുതല്‍ 20 കിലോ നെല്ല് കിഴിവ് ആവശ്യപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. അഞ്ച് കിലോ അളന്നാല്‍ ഒരു കിലോ കിഴിവായി കര്‍ഷകന് നഷ്ടപ്പെടും. ഇതിനിടെ, വേനല്‍മഴ എത്തിയത് കര്‍ഷകരെ കടുത്ത ആശങ്കയിലാക്കുന്നു. ഈര്‍പ്പം തട്ടിയാല്‍ നെല്ല് നശിക്കും. അതുകൊണ്ട് എത്രയും വേഗം നെല്ല് സംഭരിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം. സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കാനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.