സംസ്ഥാന സര്‍ക്കാരുകളുടെ വീഴ്ച മറയ്ക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ ഇടതു-വലതു ഐക്യം

Tuesday 25 October 2016 10:11 am IST

കോഴിക്കോട്: ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടായ വീഴ്ച മറയ്ക്കാന്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഇടതു-വലതു ഐക്യം. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് ഇരുമുന്നണികളുടെയും കൗണ്‍സിലര്‍മാര്‍ ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ കാണിച്ച അലംഭാവം മറച്ചുവെച്ച് പ്രമേയം പാസ്സാക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാരിനെ രാഷ്ട്രീയമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ഇടതു-വലതു കൗണ്‍സിലര്‍മാരുടെ പ്രസംഗങ്ങള്‍. കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ച റേഷന്‍ സാധനങ്ങള്‍ പുന:സ്ഥാപിക്കാന്‍ വേണ്ട അടിയന്തിരനടപടി സ്വീകരിക്കാന്‍ കേരള ഭക്ഷ്യവകുപ്പ് മന്ത്രിയോടും കേരള സര്‍ക്കാരിനോടും ആവശ്യപ്പെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു പി. കിഷന്‍ചന്ദ് പ്രമേയം കൊണ്ടുവന്നത്. എന്നാല്‍ ഇടതുപക്ഷത്ത് നിന്ന് എം.എം. പത്മാവതി പ്രമേയം ഭേദഗതി ചെയ്യണമന്ന് ആവശ്യപ്പെട്ടു. നിയമം നടപ്പാക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ അലംഭാവം കാണിച്ചെന്നും കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ച സാധനങ്ങള്‍ പുന:സ്ഥാപിക്കണമന്നും കേന്ദ്രസര്‍ക്കാരിനോടും കേന്ദ്രഭക്ഷ്യമന്ത്രിയോടും ആവശ്യപ്പെടണമെന്നായിരുന്നു എം.എം. പത്മാവതി കൊണ്ടുവന്ന ഭേദഗതി. സംസ്ഥാനം ഭരിച്ച ഇടതു- വലതു മുന്നണി സര്‍ക്കാരുകള്‍ കാണിച്ച അലംഭാവം മറച്ചുവെയ്ക്കാനായിരുന്നു ഇരുവിഭാഗം കൗണ്‍സിലര്‍മാരുടെയും ശ്രമം. ഇടതു- വലതു കൗണ്‍സിലര്‍മാരുടെ നീക്കത്തിനെതിരെ പ്രതിഷേധവുമായി ബിജെപി കൗണ്‍സിലര്‍മാര്‍ രംഗത്തുവന്നു. കേരളം ഭരിച്ചവര്‍ കാണിച്ച അലംഭാവത്തിന് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് ഇ. പ്രശാന്ത് കുമാര്‍ പറഞ്ഞു. യുപിഎ സര്‍ക്കാര്‍ 2013 ല്‍ കൊണ്ടുവന്ന നിയമം കേരളത്തില്‍ നടപ്പാക്കാതെ ഇരുമുന്നണികളും പാവപ്പെട്ടവരെ വഞ്ചിക്കുകയായിരുന്നുവെന്ന് എന്‍. സതീഷ്‌കുമാര്‍ അഭിപ്രായപ്പെട്ടു. മൂന്നു തവണ കാലാവധി നീട്ടിനല്‍കിയിട്ടും നിയമം നടപ്പാക്കാന്‍ ഒരുചെറുവിരലനക്കാത്തവരാണ് കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്നതെന്ന് നവ്യഹരിദാസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടരേഖകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു നവ്യയുടെ മറുപടി. സംസ്ഥാനത്തിന് ആവശ്യമായ ഭക്ഷ്യധാന്യം നേടിയെടുക്കാന്‍ കൂട്ടായ ശ്രമം വേണമെന്നും അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെച്ച് കേന്ദ്രസര്‍ക്കാരിനെ മാത്രം കുറ്റപ്പെടുത്തി പ്രമേയം പാസ്സാക്കുന്നതിനോട് യോജിക്കാനാവില്ലെന്നും ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന്‍ അഭിപ്രായപ്പെട്ടു. ബിജെപി കൗണ്‍സിലര്‍മാരായ ടി. അനില്‍ കുമാര്‍, ഷൈമപൊന്നത്ത്, ജിഷ ഗിരീഷ്, തുടങ്ങിയവരും പ്രതിഷേധത്തിനൊപ്പം കൂടി. 2013 ല്‍ യുപിഎ സര്‍ക്കാര്‍ പാസ്സാക്കിയ നിയമത്തിന് നിലവിലെ എന്‍ഡിഎ സര്‍ക്കാരിനെ കുറ്റപ്പെടുത്താനും എല്‍ഡിഎഫ് സര്‍ക്കാരിന്റെ വീഴ്ച മറക്കാനുമായിരുന്നു കൗണ്‍സിലര്‍മാരുടെ ശ്രമം. യുഡിഎഫ് സര്‍ക്കാരിനുണ്ടായ വീഴ്ച മറയ്ക്കാന്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍ മാര്‍ക്കൊപ്പം കൂട്ടി. ചര്‍ച്ചയ്ക്കു ശേഷം പ്രമേയം വോട്ടിനിട്ടു. ബിജെപിയുടെ ഏഴ് കൗണ്‍സിലര്‍മാര്‍ പ്രമേയത്തെ എതിര്‍ത്തു. ഇടതു-വലതു കൗണ്‍സിലര്‍മാരുടെ പിന്തുണയോടെ പ്രമേയം പാസ്സാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.