സിവില്‍സ്റ്റേഷന്‍ പരിസരത്തെ ബിവറേജസ് ഔട്ട്‌ലെറ്റിന് കോര്‍പ്പറേഷന്‍ ലൈസന്‍സില്ല

Tuesday 25 October 2016 10:14 am IST

കോഴിക്കോട്: സിവില്‍സ്റ്റേഷന്‍ പരിസരത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റിന്റെ ലൈസന്‍സിനുള്ള അപേക്ഷ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം ഐക്യകണ്‌ഠേന തള്ളി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് കൗണ്‍സില്‍ തീരുമാനമെടുത്തത്. ഔട്ട്‌ലെറ്റ് മാറ്റണമെന്നാവശ്യപ്പെട്ട് മദ്യഷാപ്പ്‌വിരുദ്ധ ജനകീയ സമിതിയും ബിജെപിയും പ്രക്ഷോഭത്തിലാ യിരുന്നു. കെട്ടിട ഉടമയുടെ സമ്മതപത്രവും നികുതി രശീതും എക്‌സൈസ് വകുപ്പിന്റെ അനുവാദപത്രവും അപേക്ഷയോടൊപ്പം ഹാജരാക്കിയിരുന്നു. മദ്യഷാപ്പ് പ്രവര്‍ത്തിക്കുന്നത് പ്രദേശവാസികള്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുണ്ടെന്നും പൊതുജനതാത്പര്യാര്‍ത്ഥം ലൈസന്‍സ് അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് മദ്യഷാപ്പ്‌വിരുദ്ധ ജനകീയ സമിതി നല്‍കിയ അപേക്ഷയും കണക്കിലെടുത്താണ് തീരുമാനം. കോര്‍പ്പറേഷന്‍ തീരുമാനം ഉടന്‍തന്നെ കോടതിയെ അറിയിക്കുമെന്നും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ യോഗത്തെ അറിയിച്ചു. ഡി ആന്റ് ഒ ലൈസന്‍സ് ഇല്ലാതെ ഔട്ട്‌ലെറ്റ് പ്രവര്‍ത്തിച്ച തിനെത്തുടര്‍ന്ന് കോര്‍പ്പറേഷന്‍ അടച്ചുപൂട്ടി യിരുന്നെങ്കിലും കോടതി സ്റ്റേ ചെയ്തതിനെത്തുടര്‍ന്ന് വീണ്ടും തുറന്നിരുന്നു. അജണ്ട പരിഗണിച്ചപ്പോള്‍ തന്നെ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബാബുരാജ് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് അംഗങ്ങള്‍ ഒറ്റക്കെട്ടായി അപേക്ഷ നല്‍കരുതെന്നാവശ്യപ്പെടുകയായിരുന്നു. തീരുമാനം രേഖാമൂലം ബന്ധപ്പെട്ടവരെ അറിയിക്കാന്‍ വൈകിയാല്‍ അത് കോര്‍പ്പറേഷന്‍ തീരുമാനത്തിന് തിരിച്ചടിയാകുമെന്ന് കൗണ്‍സിലര്‍ കെ.സി. ശോഭിത ആശങ്ക അറിയിച്ചു. എന്നാല്‍ അതുണ്ടാകില്ലെന്ന് മേയര്‍ വ്യക്തമാക്കി. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും മേയര്‍ പറഞ്ഞു. അതേസമയം കോര്‍പ്പറേഷന്‍ കക്ഷിയായ കേസുകളില്‍ പലപ്പോഴും കോര്‍പ്പറേഷന്‍ വേണ്ടി വാദിക്കുന്നതില്‍ പരാജയപ്പെടുകയാണെന്ന് പി. കിഷന്‍ചന്ദ് ആരോപിച്ചു. കോര്‍പ്പറേഷനില്‍ നികുതിനിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം ഏകീകരിക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കൂട്ടിചേര്‍ത്ത പ്രദേശങ്ങളിലെ നികുതി നിരക്ക് കുറക്കണമെന്ന് ഇവിടങ്ങളിലെ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. കൂട്ടിചേര്‍ത്ത പ്രദേശങ്ങളിലെ നികുതി നിരക്ക് വര്‍ദ്ധിപ്പിക്കില്ലെന്നായിരുന്നു എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് വാഗ്ദാനമെന്നും ഇതു വാഗ്ദാന ലംഘനമാണെന്നും എം. കുഞ്ഞാമുട്ടി ചൂണ്ടിക്കാട്ടി. എന്നാല്‍ നേരത്തെ തയ്യാറാക്കി അയച്ച നിരക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കാത്തതിനാലാണ് പുതിയ നിരക്ക് നിശ്ചയിക്കേണ്ടി വന്നതെന്ന് ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് മറുപടി നല്‍കി. അതേസമയം 2000 സ്‌ക്വയര്‍ മീറ്ററിനു മുകളിലുള്ള പുതിയ വീടുകള്‍ക്കാണ് നികുതി നിരക്ക് ബാധകമാവുകയെന്നും അവര്‍ അറിയിച്ചു. പഴയ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പ്രദേശത്ത് നിശ്ചയിച്ച സ്‌ക്വയര്‍ മീറ്ററിന് 16 രൂപ എന്നത് കൂട്ടിചേര്‍ത്ത പ്രദേശങ്ങളിലെ ഉയര്‍ന്നനിരക്കാവും എന്നതിനാല്‍ കോര്‍പ്പറേഷനില്‍ ആകെ പാര്‍പ്പിട ആവശ്യത്തിന് 14 രൂപയാക്കി ഭേദഗതി ചെയ്തിട്ടുണ്ട്. വാണിജ്യആവശ്യത്തിനുള്ള കെട്ടിടം നൂറ് മീറ്റര്‍ സ്‌ക്വയര്‍ വരെ 90 രൂപയും നൂറ് മീറ്റര്‍ സ്‌ക്വയറിന് മുകളില്‍ 105 രൂപയും 200 മീറ്റര്‍ സ്‌ക്വയറിന് മുകളില്‍ തറവിസ്തീര്‍ണ്ണമുള്ള സൂപ്പര്‍മാര്‍ക്കറ്റ്, മാളുകള്‍ എന്നിവക്ക് 150 രൂപയും ബാങ്കുകള്‍ പെട്ടികടകള്‍ എന്നിവയ്ക്ക് 90രൂപയും ഓഫിസ് ഉപയോഗത്തിന് 75 രൂപയും വിദ്യാഭ്യാസ ആവശ്യത്തിനുള്ളവക്ക് 16 രൂപയും ആശുപത്രികള്‍ക്ക് 20 രൂപയും അസംബ്ലി, കൗണ്‍സിലിംഗ് സെന്റര്‍ ഓഡിറ്റോറിയം എന്നിവക്ക് 60 രൂപയും വ്യവസായ ആവശ്യത്തിന് 40 രൂപയും റിസോര്‍ട്ടുകള്‍ക്ക് 90 രൂപയും അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ക്ക് 60 രൂപയും മൊബൈല്‍ ടവറുകള്‍ക്ക് 500 രൂപയും ഇതര ആവശ്യങ്ങള്‍ക്ക് 90 രൂപയുമാണ് നിരക്കുകള്‍. റോഡപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നഗരസഭയുടെ ഇടപെടല്‍ അത്യാവശ്യമാണെന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം വ്യക്തമാക്കി. ബസുകളുടെ അമിത വേഗവും ട്രാഫിക് നിയമലംഘനങ്ങളും റോഡപകടങ്ങള്‍ക്ക് കാരണമാവുന്ന സ്ഥിതിയാണെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. നഗരസഭ മുന്‍കൈയ്യെടുത്ത് വിഷയത്തില്‍ ആര്‍.ടി.ഒ, പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാനും തീരുമാനിച്ചു. ബസുകളുടെ മത്സര ഓട്ടം നിയന്ത്രക്കാന്‍ പൊലീസും മോട്ടോര്‍ വാഹനവകുപ്പും പരാജയപ്പെടുകയാണെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. കൗണ്‍സലിര്‍ ബിജുരാജാണ് ഈ വിഷയത്തില്‍ ശ്രദ്ധക്ഷണിക്കല്‍ കൊണ്ടുവന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.