ആഫ്രിക്കയിലെ വരള്‍ച്ച ജീവന്‌ ഭീഷണിയാകുന്നു

Thursday 7 July 2011 8:57 pm IST

ഐക്യരാഷ്ട്രസഭ: വരണ്ട കാലാവസ്ഥ തുടരുന്ന ആഫ്രിക്കയില്‍ ഭക്ഷ്യ ദൗര്‍ലഭ്യവും അതുമൂലം മനുഷ്യജീവനുണ്ടാകുന്ന പ്രതിസന്ധിയും രൂക്ഷമാകുന്നു. സൊമാലിയയിലും എത്യോപ്യയിലും കെനിയയിലും ജിബോട്ടിയിലും വരള്‍ച്ച ഭക്ഷ്യദൗര്‍ലഭ്യത്തിനും ധാന്യവിളകളുടെ അപര്യാപ്തതയിലേക്കും വിപണിയിലെ കൂടിയ വിലയിലേക്കും നയിക്കുമെന്ന്‌ ഐക്യരാഷ്ട്ര ഏജന്‍സികള്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.
എത്യോപ്യയിലും കെനിയയിലുമെത്തുന്ന മുതിര്‍ന്ന സോമാലിയക്കാരെ വരെ പോഷകാഹാര കുറവ്‌ ബാധിച്ചിരിക്കുന്നു. എട്ട്‌ മില്യണ്‍ ആളുകള്‍ക്ക്‌ അടിയന്തരമായി ഭക്ഷ്യവസ്തുക്കള്‍ വേണ്ടി വരുമെന്നാണ്‌ ഏപ്രില്‍ മാസത്തില്‍ കണക്കാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ അത്‌ പത്തോ പതിനൊന്നോ മില്യണ്‍ ആയി വര്‍ധിച്ചിരിക്കുന്നു.
1950 നുശേഷം പ്രദേശത്തുണ്ടായ ഏറ്റവും വലിയ വരള്‍ച്ചയാണിതെന്ന്‌ ഐക്യരാഷ്ട്രസഭയുടെ മാനവികകാര്യ കോ ഓര്‍ഡിനേഷന്‍ ഓഫീസ്‌ (ഒസിഎച്ച്‌എ) അറിയിച്ചു. സൊമാലിയയിലെ അരാജകത്വവും എത്യോപ്യ കെനിയ അതിര്‍ത്തിയിലെ അതിര്‍ത്തി റെയിഡുകളും ആക്രമണങ്ങളും പ്രശ്നം രൂക്ഷമാകുന്നു. ഏതാണ്ട്‌ 5000 സോമാലിയക്കാര്‍ ഭക്ഷണത്തിനായി ഒരാഴ്ചയില്‍ എത്യോപയിലെത്തുന്നതായി ഐക്യരാഷ്ട്രസഭയുടെ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടി. യൂണിസെഫ്‌, എഫ്‌എഒ, ഒസിഎച്ച്‌എ, യുന്‍ഹൈക്കമ്മീഷന്‍ ഫോര്‍ റെഫ്യൂജീസ്‌ ലോക ഭക്ഷ്യപരിപാടി എന്നീ അഞ്ചു സംഘടനകള്‍ ഈ വിവരങ്ങള്‍ ലോകത്തെ അറിയിക്കാന്‍ അഹോരാത്രം പണിയെടുക്കുന്നു.
ഈ പ്രദേശത്തെ വരള്‍ച്ചയും ഭക്ഷ്യദൗര്‍ലഭ്യവും 2012 വരെ തുടരും. തങ്ങള്‍ സഹായത്തിനഭ്യര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും നാല്‍പ്പതുശതമാനം സഹായം മാത്രമേ ലഭിച്ചിട്ടുള്ളൂവെന്ന്‌ ഐക്യരാഷ്ട്രസഭയുടെ വക്താവ്‌ അറിയിച്ചു. ഏറ്റവും ബാധിക്കപ്പെട്ട പ്രദേശങ്ങളായി സൊമാലിയയുടെ തീരപ്രദേശങ്ങളും മൊഗാദിഷിന്റെ വടക്കുകിഴക്കും എത്യോപ്യയുടെ വടക്കും കിഴക്കും പ്രദേശങ്ങളും കെനിയയുടെ വടക്കു കിഴക്കന്‍ അതിര്‍ത്തിയുമാണെന്നും ഐക്യരാഷ്ട്രസഭ അറിയിച്ചു. ഇതിനിടെ ഏപ്രില്‍ മുതല്‍ ജൂണ്‍വരെ മഴ ലഭിക്കാത്തതാണ്‌ പ്രശ്നങ്ങള്‍ക്കുകാരണമെന്ന്‌ കെനിയന്‍ സര്‍ക്കാര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.