'എല്ലാം ഒരു നിയോഗം പോലെ'

Tuesday 25 October 2016 9:41 pm IST

അതുവരെയുള്ള മലയാള സിനിമാചരിത്രത്തില്‍നിന്ന് ഒരു വിഛേദമായിരുന്നു 1989 ല്‍ പുറത്തിറങ്ങിയ 'അഥര്‍വം.' 'കട് കട്' എന്ന ഹാസ്യവാരികയുടെ എഡിറ്ററായിരുന്ന ഈരാളിയാണ് സിനിമ നിര്‍മിച്ചത്. ഫിലോസഫിയില്‍ ബിരുദാനന്തരബിരുദമുള്ള ഷിബു ചക്രവര്‍ത്തിയായിരുന്നു തിരക്കഥാകൃത്ത്. ഞാന്‍ സംവിധായകന്റെ കുപ്പായമണിഞ്ഞ രണ്ടാമത്തെ സിനിമയായിരുന്നു അഥര്‍വം. സിനിമ നന്നായി ഓടുകയും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്‌തെങ്കിലും സാമ്പത്തികവിജയം നേടിയില്ല. ഇക്കാര്യത്തില്‍ ഇന്നും എനിക്ക് സങ്കടമുണ്ട്. ഈരാളി എന്നെ സംവിധാനമേല്‍പ്പിക്കുമ്പോള്‍ മുന്‍കാലങ്ങളില്‍ പല സിനിമകളുമെടുത്ത് സാമ്പത്തികനഷ്ടം വന്ന അദ്ദേഹത്തെ രക്ഷപ്പെടുത്താമെന്ന ഉദ്ദേശ്യവും എനിക്കുണ്ടായിരുന്നു. അഥര്‍വം പ്രമേയമാവുന്നതുകൊണ്ട് വിഷയത്തില്‍ പ്രാഗല്‍ഭ്യമുള്ള പലരുമായും സംസാരിച്ചിരുന്നു. ഷൊര്‍ണൂരില്‍ പോയി യാഗം നടത്തിയവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. സിനിമയില്‍ ഇളയരാജ സംഗീതം പകര്‍ന്ന ഗാനങ്ങളും അദ്ദേഹം തന്നെ നിര്‍വഹിച്ച പശ്ചാത്തല സംഗീതവും ഇന്നും ഹിറ്റാണ്. ഇളയരാജ മുന്‍കയ്യെടുത്ത് പാട്ടുകള്‍ പലരെയും കേള്‍പ്പിച്ചു. സിനിമയെക്കുറിച്ച് വളരെ നല്ല അഭിപ്രായമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഒരു ദിവസം ഇളയരാജ എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. ഞാന്‍ ഹിന്ദുവാണോ എന്നാണ് അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. അല്ല, ക്രൈസ്തവനാണെന്ന് പറഞ്ഞപ്പോള്‍ ഇത്രയ്ക്കും ഹിന്ദുത്വമുള്ള സിനിമ എങ്ങനെ എടുക്കാന്‍ തോന്നി എന്നായി അദ്ദേഹം. ''ഏറ്റുമാനൂരപ്പന്റെ തിരുമുറ്റത്തുനിന്നാണ് ഞാന്‍ വരുന്നത്'' എന്ന എന്റെ മറുപടി ഇളയരാജയെ തൃപ്തിപ്പെടുത്തി. ആഭിചാരം ഇതിവൃത്തമാക്കുന്ന ഇങ്ങനെയൊരു സിനിമ വേണോ എന്ന് ആദ്യം ഇളയരാജതന്നെ എന്നോടു ചോദിക്കുകയുണ്ടായി. ഈരാളി സാറിനോട് എനിക്ക് കടപ്പാടുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ നമുക്ക് മുട്ടത്തുവര്‍ക്കിയുടെ ഒരു കഥയെടുത്ത് 'കോട്ടയം കുഞ്ഞച്ചന്‍' പോലെ ചുളുവില്‍ സാമ്പത്തികവിജയം നേടിത്തരുന്ന ഒരു സിനിമ എടുത്താന്‍ പോരെയെന്ന് ഞാനും ഈരാളിയോടു ആരാഞ്ഞു. പക്ഷെ അഥര്‍വം മതിയെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. ഇക്കാര്യത്തില്‍ ഡെന്നീസ് വിട്ടുവീഴ്ച ചെയ്യേണ്ടെന്ന് ഈരാളി തറപ്പിച്ചുപറഞ്ഞു. സിനിമ സംവിധാനം ചെയ്ത എനിക്ക് ഈരാളി വലിയൊരു തുക പ്രതിഫലമായി തന്നു. എന്നാല്‍ അതില്‍നിന്ന് 100 രൂപ മാത്രമെടുത്ത് ബാക്കി തിരിച്ചുനല്‍കുകയായിരുന്നു. ഇങ്ങനെയൊരു സിനിമയെടുക്കാന്‍ കഴിഞ്ഞതും എനിക്കതിന്റെ സംവിധായകനാവാന്‍ കഴിഞ്ഞതും ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ വലിയ സംതൃപ്തി തോന്നുന്നു. മാറിയ കാലത്തും പ്രേക്ഷകര്‍ 'അഥര്‍വ'ത്തെ നെഞ്ചേറ്റുന്നു എന്നറിഞ്ഞ് സന്തോഷിക്കുന്നു. എല്ലാം ഒരു നിയോഗം പോലെ തോന്നുന്നു. (നിരവധി സൂപ്പര്‍ഹിറ്റ് മലയാള സിനിമകളുടെ തിരക്കഥാകൃത്തും സംവിധായകനുമാണ് ലേഖകന്‍)    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.