നിലമ്പൂരിലും എടിഎം തട്ടിപ്പ്

Tuesday 25 October 2016 10:09 pm IST

നിലമ്പൂര്‍: മലപ്പുറം നിലമ്പൂരിലും എടിഎം തട്ടിപ്പ്. തമിഴ് ദമ്പതികള്‍ക്ക് നഷ്ടമായത് ഏഴര ലക്ഷത്തിലേറെ രൂപ. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശി രഘുപതി (57), ഭാര്യ പാലക്കാട് സ്വദേശി ഗീതാകുമാരി (45) എന്നിവരുടെ പേരില്‍ നിലമ്പൂര്‍ ഇന്ത്യന്‍ ബാങ്കില്‍ നിക്ഷേപിച്ച 7,53,800 രൂപയാണ് തട്ടിയെടുത്തത്. 19 മുതല്‍ 22 വരെയുള്ള ദിവസങ്ങളിലായി രണ്ടുപേരുടേയും അക്കൗണ്ടിലുണ്ടായിരുന്ന പണമാണിത്. കോയമ്പത്തൂരിലെ മുരുകന്‍ തുണിമില്ലില്‍ മെഷീന്‍ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന രഘുപതിയുടെ മൊബൈല്‍ ഫോണിലേക്ക് 19ന് ഒരു കോള്‍ വന്നു. ഇന്ത്യന്‍ ബാങ്കില്‍ നിന്നാണെന്നും അക്കൗണ്ടിലുള്ള പണം എടുക്കാന്‍ എടിഎം കാര്‍ഡ് ആക്ടിവേറ്റ് ചെയ്യാനാണെന്നും പറഞ്ഞ് ബാങ്കില്‍ പോയി 500 രൂപ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. ഭാര്യയുടെ അക്കൗണ്ടില്‍ നിന്ന് 500 രൂപ പിന്‍വലിക്കാനും നിര്‍ദേശിച്ചു. ഇതനുസരിച്ച് ഇവര്‍ 500 രൂപ വീതം പിന്‍വലിച്ചു. തിരിച്ച് വീട്ടിലെത്തി ബാക്കി കാര്യങ്ങള്‍ അവിടെ വെച്ച് സംസാരിക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. അതനുസരിച്ച് വീട്ടിലെത്തിയപ്പോള്‍ വീണ്ടും ബാങ്കില്‍ നിന്നെന്ന് പറഞ്ഞ് വിളിച്ചു. 4,27,000 രൂപ രഘുപതിയുടെ അക്കൗണ്ടിലും 3,26,800 രൂപ ഗീതാകുമാരിയുടെ അക്കൗണ്ടിലുമുണ്ടായിരുന്നു. രഘുപതിയുടെ കുടുംബസ്വത്ത് വിറ്റ വകയില്‍ കിട്ടിയ തുക നിലമ്പൂര്‍ ഇന്ത്യന്‍ ബാങ്കില്‍ എസ്ബി അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നു. 19ന് ശേഷം മൂന്ന് ദിവസങ്ങളിലായി രണ്ടു പേരുടേയും ബാങ്ക് അക്കൗണ്ടുകളിലുള്ള പണം 500 രൂപ മുതല്‍ 40,000 രൂപവരെ അജ്ഞാത കേന്ദ്രത്തിലുള്ളവര്‍ പിന്‍വലിച്ചു. പണം പിന്‍വലിക്കുമ്പോള്‍ വരുന്ന സന്ദേശം ഡിലീറ്റ് ചെയ്യാന്‍ നിര്‍ദേശിച്ചു. ഫോണിലേക്ക് വരുന്ന ഒടിപി (വണ്‍ ടൈം പാസ്സ്‌വേര്‍ഡ്) പറഞ്ഞുകൊടുക്കാനും ആവശ്യപ്പെട്ടു. അതനുസരിച്ച് വീണ്ടും വീണ്ടും പണം പിന്‍വലിച്ചുകൊണ്ടിരുന്നു. ശുദ്ധ തമിഴിലാണ് ഇവര്‍ സംസാരിച്ചത.് ബാങ്കില്‍ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞതിനാല്‍ ഒരിക്കല്‍ പോലും സംശയം ഉണ്ടായില്ലെന്നും ദമ്പതികള്‍ പറഞ്ഞു. ഗീതാകുമാരി നിലമ്പൂര്‍ മേഖലയിലെ ഒരമ്പലത്തില്‍ കുറേ നാള്‍ ജോലി ചെയ്തിരുന്നു. വിവാഹശേഷം ജോലി ഒഴിവാക്കി ഭര്‍ത്താവിനോടൊപ്പം കോയമ്പത്തൂര്‍ കമ്പനി വക ക്വാര്‍ട്ടേഴ്‌സില്‍ത്തന്നെയാണ് താമസം. നിലമ്പൂര്‍ എസ്‌ഐ മനോജ് പറയട്ടയുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.