ആരോഗ്യം, അതല്ലേ എല്ലാം

Tuesday 25 October 2016 10:36 pm IST

കേരളം ജലസമൃദ്ധമാകാന്‍ കാരണം ഇവിടെ ഒഴുകുന്ന 44 നദികളും സമൃദ്ധമായ കാലവര്‍ഷവും തുലാവര്‍ഷവും ആണ്. പക്ഷെ ഇന്ന് കേരളം വന്‍ ജലക്ഷാമത്തിന്റെ ഭീഷണിയിലാണ്. ഇത് സ്വയം കൃതാനര്‍ത്ഥമാണ്. നിയന്ത്രണമില്ലാത്ത മണല്‍വാരലും കാലാവസ്ഥാ വ്യതിയാനവുമാണ് കുടിവെള്ള ക്ഷാമത്തിന് വഴിയൊരുക്കിയത്. ജല അതോറിറ്റി പറയുന്നത് കുടിവെള്ളക്ഷാമത്തിന്റെ ഭീഷണിയിലാണ് കേരളത്തിലെ 14 ജില്ലകളില്‍ അഞ്ചും എന്നാണ്. കോഴിക്കോട്, കാസര്‍കോട്, വയനാട്, പാലക്കാട്, കൊല്ലം എന്നീ ജില്ലകളിലുള്ളവര്‍ തീര്‍ത്തും മഴയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. എന്തുകൊണ്ട് ഈ സ്ഥിതി വന്നു എന്നല്ലേ? നിയന്ത്രണമില്ലാതെ മണല്‍വാരല്‍ പുഴയുടെ അടിത്തട്ട് താഴ്ത്തി, കളിമണ്‍ അടിത്തട്ടായി പുഴകള്‍ മാറി. ഇതുകൂടാതെ 16 വര്‍ഷങ്ങളിലെ ഏറ്റവും ഭീകരമായ വരള്‍ച്ച അണക്കെട്ടുകളിലെ വെള്ളം താഴാന്‍ കാരണമായി. ഇത് കേരളത്തില്‍ ലോഡ് ഷെഡിങ്ങിന് കാരണമാകുന്നു. മലയാളിക്ക് വികസനം എന്നാല്‍ ബഹുനില കെട്ടിടങ്ങളുടെ നിര്‍മാണമാണ്. കുന്നും മലകളും ഇടിച്ച്, പാടങ്ങള്‍ നികത്തി, നീരൊഴുക്കും തടഞ്ഞാണ് ഈ ദുരവസ്ഥയ്ക്ക് കളമൊരുക്കിയത്. ഭാരതപ്പുഴയായിരുന്നു കേരളത്തിലെ ഏറ്റവും വിസ്തൃതമായ പുഴ. ഈ നദിയിലെ മണല്‍ മുഴുവന്‍ വാരിതീര്‍ത്തപ്പോള്‍ പുഴയുടെ ആഴം 12 അടി വര്‍ധിച്ചുവത്രെ. മണല്‍ മാഫിയ കേരളത്തില്‍ ശക്തമാണ്. മണല്‍ മാഫിയയെ നിയന്ത്രിക്കുന്ന പോലിസുകാര്‍ കൈക്കൂലി വാങ്ങി ഇതിനുനേരെ കണ്ണടയ്ക്കുന്നു. ഈ സ്ഥിതിക്ക് ഒരു മാറ്റം വരുത്തിയത് ഋഷിരാജ് സിങ് ആണ്. പുഴകള്‍ക്ക് കുറുകെ ചെക്ക് ഡാമുകള്‍ നിര്‍മിക്കുന്നത് ഒരുകാലത്ത് വ്യാപകമായിരുന്നു. അതെല്ലാം ഉപയോഗശൂന്യമായി. ശാസ്താംകോട്ട കായല്‍ കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകയിരുന്നു. ഇതും മണല്‍മാഫിയ നശിപ്പിച്ചു. കേരളത്തില്‍ പലതരം മാഫിയകള്‍ രൂപപ്പെടുന്നതും, അനീതി നടമാടുന്നതും മാറി മാറി കേരളം ഭരിച്ച സര്‍ക്കാരുകള്‍ നിയന്ത്രിച്ചില്ല. മാഫിയയുടെ നിയന്ത്രണത്തിലാണ് ഭരണ-പ്രതിപക്ഷങ്ങള്‍. കേരള മോഡല്‍ വികസനമാണ് മനുഷ്യരുടെ ജീവിതത്തെയും ആവാസവ്യവസ്ഥയെയും നശിപ്പിച്ചത്. എന്റെ നാട്ടിലെ ചുണ്ടമലയും തേക്കുമലയും എല്ലാം ഇന്ന് ബാല്യകാല ഓര്‍മകളില്‍ മാത്രം. ഇപ്പോള്‍ കേരളത്തില്‍ തെക്ക്-പടിഞ്ഞാറന്‍ വര്‍ഷത്തില്‍ 20 ശതമാനം കുറവാണ്. ഈ സ്ഥിതി ഏഴുവര്‍ഷം നിലനിന്നു. കനാലുകള്‍ ഉണങ്ങി വരണ്ടു. കേരളം ജലസമൃദ്ധമായിരുന്ന കാലത്ത് തമിഴ്‌നാടിനോട് കാണിച്ച ദയവ് കേരളത്തിന് അവരില്‍നിന്ന് തിരിച്ച് പ്രതീക്ഷിക്കാനാകില്ല. പാലക്കാടിന് 75000 ക്യുബിക് അടി വെള്ളം തരാമെന്ന കരാര്‍ ലംഘിക്കപ്പെട്ടു. തമിഴ്‌നാട് നല്‍കിയത് വെറും 4.1 ടിഎംസി വെള്ളമായിരുന്നു. ഇതിന്റെ ഫലമായി പാലക്കാട്ടെ 20,000 ഹെക്ടര്‍ വയലുകളാണ് നശിച്ചത്. ഇടുക്കിയാണ് ഭാരതത്തിന്റെ 75 ശതമാനം ഏലവും ഉല്‍പാദിപ്പിക്കുന്നത്. ഇതും നശിപ്പിക്കപ്പെട്ടു. ഒരു കൃഷിക്കാരന് 17524 രൂപ നഷ്ടമുണ്ടായത് ഈ കൃഷി നാശത്തില്‍ കൂടിയാണ്. ഇതുകൊണ്ടുണ്ടായ 'കര്‍ഷക ആത്മഹത്യകള്‍' ഇന്നും ഞെട്ടിപ്പിക്കുന്ന ഓര്‍മയാണ്. ഭാരതത്തിലെ ഏറ്റവും വലിയ ആത്മഹത്യാ നിരക്ക് കേരളത്തിലായി. കുട്ടനാട്ടില്‍ 1100 സ്‌ക്വയര്‍ മീറ്റര്‍ കോള്‍നിലങ്ങളാണ്. കേരളം കുളങ്ങളാല്‍ സമൃദ്ധമായിരുന്നു. എല്ലാ വീടുകളിലും കുളങ്ങള്‍ ഉണ്ടായിരുന്നു. ഞാനും എന്റെ കൂട്ടുകാരും നീന്തല്‍ പഠിച്ചത് കുളങ്ങളിലാണ്. ഇവയെല്ലാം വര്‍ഷംതോറും വെള്ളം തേവിക്കളഞ്ഞ് വൃത്തിയാക്കി ഏഴുദിവസം അതില്‍ ഇറങ്ങാതെ സംരക്ഷിച്ചിരുന്നു. ഏഴുദിവസത്തിനുള്ളില്‍ വെള്ളം തൊട്ടാല്‍ കുളത്തില്‍ പുഴുവരുമെന്നായിരുന്നു വിശ്വാസം. 2004 മുതല്‍ കേരളം കുടിവെള്ളക്ഷാമം അനുഭവിക്കുകയാണ്. അതോടൊപ്പം വൈദ്യുതി ക്ഷാമവും. ഇടുക്കിയില്‍ മാത്രം 7305 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചിരുന്നു. ഇത് 2013 ആയപ്പോള്‍ 4819 മെഗാ വാട്ട് ആയി. ഈ വര്‍ഷം ഇത് 4314 യൂണിറ്റ് ആയി. മഴ കുറഞ്ഞതും ജലക്ഷാമത്തിന് കാരണമായി. വയനാട്ടിലെ പക്ഷിസങ്കേതങ്ങള്‍ വരണ്ടുകൊണ്ടിരിക്കുന്നു. അഞ്ച് ആനകളും ഒരു കാട്ടുപോത്തും ഇവിടെ ചത്തു. നാട്ടിലിറങ്ങിയ മാന്‍കൂട്ടങ്ങളെ തെരുവ് നായ്ക്കള്‍ കൊന്നൊടുക്കി. കേരളത്തിന് ലഭിച്ചിരുന്ന മഴ 3000 എംഎം ആയിരുന്നു. ഭാരതത്തില്‍ ഏറ്റവുമധികം മഴ ലഭിക്കുന്ന സംസ്ഥാനം. പക്ഷെ ഇവിടെ ജനവാസം ഒരു ചതുരശ്ര മീറ്ററില്‍ 800 പേര്‍ ആണ്. കേരളത്തിലെ മണ്ണിന് വെള്ളം മൂന്നുമാസമേ ശേഖരിച്ച് നിലനിര്‍ത്താന്‍ സാധിക്കൂ. ചതുപ്പ് നിലം ജലലഭ്യതയുള്ള സ്ഥലങ്ങളെ റിചാര്‍ജ് ചെയ്യും. ഭൂഗര്‍ഭജലമാണ് മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നത്. ഈ നെല്‍പ്പാടങ്ങളാണ് നികത്തി ബഹുനില കെട്ടിടങ്ങള്‍ ഉയര്‍ത്തിയത്. ഭൂമാഫിയ അധികാരികളെ പ്രീണിപ്പിച്ചാണ് കാര്യസാധ്യം നേടുന്നത്. ജലചൂഷണ-നശീകരണ രീതി വനങ്ങളെയും നശിപ്പിച്ചു. 1900 ല്‍ 44.4 ശതമാനമുണ്ടായിരുന്ന വനങ്ങള്‍ 14.7 ശതമാനമായി. 1983 ല്‍ വീണ്ടും കുറഞ്ഞ് ഒന്‍പത് ശതമാനമായി. ഏകദേശം 77.35 ബില്യണ്‍ ക്യുബിക് മീറ്റര്‍ കുടിവെള്ള ശേഖരം നശിച്ചു. ഇപ്പോള്‍ വെറും 42 ബിസിഎം മാത്രമാണ് ലഭിക്കുന്നത്. കേരളത്തിന് 49.70 ബിസിഎം ജലം കൃഷി നനയ്ക്കാന്‍ മാത്രം ആവശ്യമുണ്ട്.ഈ വിഷയത്തില്‍ സര്‍ക്കാരും ജനങ്ങളും ഒരുപോലെ അനാസ്ഥ പ്രകടിപ്പിക്കുന്നു. കേരളം സാക്ഷര സംസ്ഥാനമെന്ന് ജയഭേരി മുഴക്കുമ്പോഴും സാക്ഷരത അക്ഷരങ്ങളില്‍ ഒതുങ്ങുമ്പോള്‍ മലയാളികള്‍ പരിസ്ഥിതി നാശത്തെപ്പറ്റിയോ ജലചൂഷണത്തെപ്പറ്റിയോ ജലദുര്‍വിനിയോഗത്തെപ്പറ്റിയോ കുന്നും മലയും ഇടിച്ച് വയല്‍നികത്തുമ്പോഴുണ്ടാകുന്ന ഭവിഷ്യത്തിനെപ്പറ്റിയോ അജ്ഞരാണ്. സര്‍ക്കാരിനാകട്ടെ കുളവും കിണറുകളും ജലസ്രോതസ്സുകളും നശിക്കുകയാണെന്ന് തിരിച്ചറിയാന്‍ നേരമില്ല. കേരളത്തിലെ 44 നദികളും ഭൂഗര്‍ഭജലത്തെ നിലനിര്‍ത്തിയിരുന്നു; മണല്‍ മാഫിയ മണല്‍ വാരി നദികളെ നശിപ്പിക്കുന്നതുവരെ. പ്രതിവര്‍ഷം 5.6 മില്യണ്‍ ക്യുബിക് ഫീറ്റ് മണലാണ് ഭൂമാഫിയ കവരുന്നത്. ഇപ്പോള്‍ ഇത് 6.63 മില്യണ്‍ ആയി ഉയര്‍ന്നപ്പോഴാണ് നദികളുടെ അടിയില്‍ കളിമണ്ണായത്.ഭൂഗര്‍ഭജലം പോലും ഇപ്പോള്‍ ചൂഷണം ചെയ്യപ്പെടുന്നു. 981 സ്ഥലങ്ങളില്‍ 663 മില്യണ്‍ മണലാണ് വാരിയത്. മലിനീകരണ നിയന്ത്രണ ബോര്‍ഡും സ്ഥിരീകരിക്കുന്നത് കേരളത്തിന്റെ കുടിവെള്ളം മലിനമാണ് എന്നാണ്. ആരോഗ്യ കേരളം ഇന്ന് അനാരോഗ്യ കേരളമായി മാറ്റിയതിന്റെ ബഹുമതിയും മലയാളികള്‍ക്ക് തന്നെയാണ്. ഇന്ന് കാര്‍ഷിക സംസ്‌കാരം ഉള്ളില്‍ സൂക്ഷിക്കുന്ന ചുരുക്കം ചിലര്‍ തങ്ങളുടെ ടെറസിലും കൃഷിചെയ്യുന്നു. അത് വിരല്‍ചൂണ്ടുന്നത് മലയാളിക്ക് കൃഷിയോടുള്ള ആഭിമുഖ്യത്തിലേക്കാണ്. പക്ഷെ ഉപഭോഗ സംസ്‌കാരത്തിനടിപ്പെട്ട മലയാളികള്‍, സ്ത്രീകള്‍ ഉള്‍പ്പടെ, പണസമ്പാദനം മുഖ്യലക്ഷ്യമാക്കുമ്പോള്‍ തങ്ങളുടെ ആരോഗ്യം ചോര്‍ന്നുപോകുന്നതോ, ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും മലിനമാക്കി ഒരു ജനതയെ രോഗഗ്രസ്തരാക്കുന്നതോ അറിയുന്നില്ല. അതിന്റെ ഫലമാണ് അനാരോഗ്യ കേരളവും പക്ഷിപനി, ഡെങ്കിപ്പനി മുതലായ പനികളും കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ പടരുന്നതും. ഇനിയെങ്കിലും നമ്മള്‍ തിരിച്ചറിയേണ്ടത് ആരോഗ്യമാണ്-പണമല്ല സര്‍വപ്രധാനം എന്ന സത്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.