പോലീസിന് കടം കൊടുത്തില്ല; കച്ചവടം മുടക്കാന്‍ നോ പാര്‍ക്കിംഗ് ബോര്‍ഡ്

Tuesday 25 October 2016 10:33 pm IST

തിരുവനന്തപുരം: പോലീസ് അസോസിയേഷന്‍ ഭാരവാഹികളെന്ന പേരില്‍ കടയിലെത്തിയ മൂന്നംഗസംഘത്തിന് സാധനം കടം കൊടുക്കാതിരുന്നതിന് നോ പാര്‍ക്കിംഗ് ബോര്‍ഡ് വച്ച് പ്രതികാരം. എംജി റോഡില്‍ ആയുര്‍വേദ കോളേജ് ഭാഗത്തുനിന്ന് പുളിമൂട് ജംഗ്ഷനിലേക്ക് എത്തുന്നതിനിടെ ഇടതുവശത്ത് നൂറുമീറ്റര്‍ ഭാഗത്താണ് നോ പാര്‍ക്കിംഗ് ബോര്‍ഡ് സ്ഥാപിച്ചത്. ഇവിടെ പാര്‍ക്കിംഗ് ഏര്യയായി നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. അവിടെയാണ് പാര്‍ക്കിംഗ് തടഞ്ഞ് പോലീസ് പ്രതികാരം നടപ്പിലാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച മൂന്നംഗസംഘം സൗണ്ട് സിസ്റ്റത്തിന്റെ പാട്സുകള്‍ വാങ്ങി. ബില്ല് നല്‍കിയപ്പോള്‍ പണമോ ചെക്കോ നല്‍കാന്‍ തയ്യാറാകാതിരുന്ന ഇവര്‍ പോലീസ് അസോസിയേഷന്‍ ഭാരവാഹികളാണെന്ന പേരില്‍ സാധനവുമായി പോകാന്‍ ശ്രമിച്ചു. എന്നാല്‍, പണം നല്‍കാതെ സാധനങ്ങള്‍ തരില്ലെന്ന് കടയുടമ ശഠിച്ചു. തുടര്‍ന്ന് സാധനങ്ങള്‍ തിരികെ കൊടുത്ത് ഇവര്‍ കടയില്‍ നിന്ന് മടങ്ങിയെങ്കിലും അടുത്തദിവസം കടയ്ക്ക് മുന്നില്‍ നൂറ് മീറ്റര്‍ ഭാഗത്ത് ഇരുവശത്തേക്കും ട്രാഫിക് പോലീസ് നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിച്ച് പ്രതികാരം വീട്ടി. നോ പാര്‍ക്കിംഗ് ബോര്‍ഡ് റോഡില്‍ നിരന്നതോടെ സമീപത്തെ കടകള്‍ക്ക് മുന്നിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയാത്ത നിലയിലായി. ദീപാവലി കച്ചവടത്തിരക്കിനിടെ വ്യാപാരികളോടുള്ള പോലീസിന്റെ കൊലച്ചതി വ്യാപക പ്രതിഷേധത്തിനിടയാക്കി. വ്യാപാരികളില്‍ നിന്നുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ വ്യാപാരി സംഘടന ഭാരവാഹികള്‍ സംഭവം ട്രാഫിക് പോലീസിനെയും സിറ്റി പോലീസ് മേധാവികളെയും ധരിപ്പിച്ചെങ്കിലും ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ആരും തയ്യാറായിട്ടില്ല. തുടര്‍ന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്ഥലം എംഎല്‍എ, കളക്ടര്‍ എന്നിവര്‍ക്ക് അടിയന്തരമായി വിഷയത്തിലിടപെടണമെന്ന് കാണിച്ച് കത്തു നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.