ജമ്മു കശ്മീര്‍ ഒന്നാമത്; കേരളം രോഗതലസ്ഥാനം

Tuesday 25 October 2016 11:15 pm IST

ന്യൂദല്‍ഹി: ആയുര്‍ദൈര്‍ഘ്യത്തില്‍ കേരളത്തെ പിന്നിലാക്കി ജമ്മു കശ്മീര്‍ ഒന്നാമത്. രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്ക് പ്രകാരമാണിത്. ജനനം മുതല്‍ വിവിധ പ്രായക്കാരുടെ (0,1,5,10,20,30,40,50,60,70) മൊത്തം ശരാശരിയിലാണ് കേരളം പിന്നിലായത്. 2010 വരെ കേരളമായിരുന്നു ഒന്നാമത്. നവജാത ശിശുക്കളുടെ മരണനിരക്ക് ഏറ്റവും കുറവ് കേരളത്തിലാണ്. 2010 മുതല്‍ 2014 വരെയുള്ള കണക്കനുസരിച്ചാണ് പുതിയ റിപ്പോര്‍ട്ട്. ഗോവ ഉള്‍പ്പെടെയുള്ള 15 ചെറിയ സംസ്ഥാനങ്ങളെയും ചില കേന്ദ്രഭരണ പ്രദേശങ്ങളെയും സര്‍വെയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നവജാത ശിശുക്കളെക്കൂടി പരിഗണിക്കുമ്പോള്‍ കേരളത്തിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 74.9 വയസാണ്. പുരുഷന്മാര്‍ക്ക് 72, സ്ത്രീകള്‍ക്ക് 77.8 വയസ്. 73.2 ശരാശരി ആയുര്‍ദൈര്‍ഘ്യമുള്ള ദല്‍ഹിയാണ് രണ്ടാമത്. മൂന്നാമതുള്ള ജമ്മു കശ്മീരില്‍ നവജാത ശിശുക്കളുടെ മരണനിരക്ക് കൂടുതലാണ്. കേരളത്തില്‍ ആയിരം കുഞ്ഞുങ്ങളില്‍ 12 പേര്‍ ഒരു വര്‍ഷത്തിനുള്ളില്‍ മരിക്കുമ്പോള്‍ ജമ്മു കശ്മീരില്‍ ഇത് 34 ആണ്. 39 ആണ് ദേശീയ ശരാശരി. ഒരു വയസ് മുതല്‍ നാല് വരെയുള്ളവരിലെ മരണനിരക്ക് ജമ്മു കശ്മീരില്‍ 0.1 ശതമാനവും കേരളത്തില്‍ 0.4 ശതമാനവുമാണ്. ആരോഗ്യ രംഗത്ത് കേരളം നേരിടുന്ന ഗുരുതര ഭീഷണിയും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പുരുഷന്മാരുടെ 19.7 വര്‍ഷവും സ്ത്രീകളുടെ 24.6 വര്‍ഷവും രോഗങ്ങളാല്‍ നഷ്ടപ്പെടുന്നു. ജമ്മു കശ്മീരില്‍ ഇത് യഥാക്രമം 9.1, 10.8 ആണ്. കേരളം ആരോഗ്യകരമായ സംസ്ഥാനമല്ലെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ജീവിത ശൈലീ രോഗങ്ങളുടെ തലസ്ഥാനമായി കേരളം മാറിക്കഴിഞ്ഞുവെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ട് നല്‍കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.