ഡപ്യൂട്ടി സിഎംഒയുടെ മരണം: സിബിഐ അന്വേഷണം വേണമെന്ന്‌ കുടുംബം

Thursday 7 July 2011 8:59 pm IST

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ചീഫ്‌ മെഡിക്കല്‍ ഓഫീസര്‍ ബി.പി.സിങ്ങിന്റെ വധവുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ ഡെപ്യൂട്ടി ചീഫ്‌ മെഡിക്കല്‍ ഓഫീസര്‍ വൈ.എസ്‌.സച്ചാന്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കാനിടയായതിനെക്കുറിച്ച്‌ സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി കുടുംബാംഗങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചു.
ജസ്റ്റിസുമാരായ അല്‍തമാസ്‌ കബീര്‍, സിറിയക്‌ ജോസഫ്‌ എന്നിവരടങ്ങിയ ബെഞ്ച്‌ മുന്‍പാകെയാണ്‌ സച്ചാന്‍ കുടുംബത്തിന്റെ അഭിഭാഷകയായ കാമിനി ജെസ്‌വാള്‍ ഇത്തരമൊരാവശ്യം ഉന്നയിച്ചത്‌. കേസിന്റെ വാദം കേള്‍ക്കല്‍ ഇന്ന്‌ നടക്കാനിരിക്കുകയാണ്‌. കഴിഞ്ഞ ഏപ്രില്‍ രണ്ടിന്‌ പുലര്‍ച്ചെ നടക്കാനിറങ്ങിയ ബി.പി.സിങ്ങിനെ അജ്ഞാതര്‍ വെടിവെച്ച്‌ വീഴ്ത്തുകയായിരുന്നു. അന്വേഷണത്തില്‍ കുറ്റവാളികള്‍ പോലീസിന്റെ പിടിയിലായെങ്കിലും ദേശീയ ആരോഗ്യമിഷന്‍ ഫണ്ടുകള്‍ ദുര്‍വിനിയോഗം ചെയ്തത്‌ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരാതിരിക്കാനായി സച്ചാന്‍ നടത്തിയ ഗൂഢാലോചനക്കൊടുവിലാണ്‌ സിങ്ങ്‌ കൊല്ലപ്പെട്ടതെന്ന്‌ ഇവര്‍ പോലീസിനോട്‌ വെളിപ്പെടുത്തി. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സച്ചാന്‍ അറസ്റ്റിലായെങ്കിലും ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്‌ ഇയാളെ ലക്നൗ ജില്ലാ ജയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന്‌ ജൂണ്‍ 22 ന്‌ അര്‍ദ്ധരാത്രിയോടുകൂടി സച്ചാനെ ബാത്‌റൂമില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
എന്നാല്‍ സച്ചാന്‍ ഇപ്രകാരം ആത്മഹത്യ ചെയ്യേണ്ടുന്ന സാഹചര്യം നിലവിലില്ലായിരുന്നുവെന്നും ഒരു ഡോക്ടറായ ഇയാള്‍ക്ക്‌ ഇപ്രകാരം തൂങ്ങിമരിക്കേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ്‌ കുടുംബാംഗങ്ങള്‍ കേസില്‍ വിശദമായ അന്വേഷണം ആവശ്യപ്പെടുന്നത്‌. സച്ചാന്റെ റിമാന്‍ഡ്‌ നീട്ടിക്കിട്ടണമെന്നുള്ള പോലീസിന്റെ ആവശ്യം കോടതി പരിഗണിക്കാനിരിക്കവെയാണ്‌ ഇത്തരമൊരു സംഭവം നടന്നതെന്നും ഇക്കാരണത്താല്‍ ഇതില്‍ ദുരൂഹതയുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.
ഇതിനിടയില്‍ സിങ്ങിന്റെ വധവുമായി ബന്ധപ്പെട്ട്‌ കസ്റ്റഡിയിലെടുത്ത മൂന്നുപേരെ ചോദ്യം ചെയ്തതില്‍നിന്നും കുടുംബക്ഷേമ വകുപ്പിലെ സിഎംഒ ആയ വിനോദ്‌ കുമാര്‍ ആര്യയുടെ വധത്തിനുപിന്നിലും സച്ചാന്‍ തന്നെയാണ്‌ പ്രവര്‍ത്തിച്ചതെന്ന സൂചനയുണ്ടെന്ന്‌ പോലീസ്‌ വൃത്തങ്ങള്‍ അറിയിച്ചു. സച്ചാന്റെ മരണത്തെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സിബിഐ അന്വേഷണം തന്നെ വേണമെന്നുള്ള നിലപാടിലുറച്ചുനില്‍ക്കുകയാണ്‌ ഇയാളുടെ കുടുംബം.