മത്സ്യബന്ധന മണ്ണെണ്ണ മറിച്ച് വില്‍ക്കുന്നു: തൊഴിലാളികള്‍ മത്സ്യഫെഡ് ഓഫീസ് ഉപരോധിച്ചു

Wednesday 26 October 2016 8:12 pm IST

കാസര്‍കോട്: മത്സ്യ ബന്ധന പെര്‍മിറ്റിലുള്ള മണ്ണെണ്ണ വ്യാപകമായി മറിച്ച് വില്‍ക്കുന്നതായി പരാതി. ചെറുകിടക്കാര്‍ക്ക് നല്‍കാതെ ചില വള്ളങ്ങള്‍ക്ക് മാത്രമായി മണ്ണെണ്ണ വിതരണ സമയം കഴിഞ്ഞും കൊടുക്കാനുള്ള നീക്കം കഴിഞ്ഞ ദിവസം രാത്രി നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞിരുന്നു. വൈകുന്നേരം അഞ്ച് മണിവരെ വിതരണം ചെയ്യേണ്ട മണ്ണെണ്ണയാണ് രാത്രി 8 മണിക്ക് ശേഷം കൊണ്ട് പോകാനുള്ള ചിലരുടെ ശ്രമം നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായത്. നെല്ലിക്കുന്നിലെ മത്സ്യഫെഡില്‍ വിതരണം ചെയ്യുന്ന മണ്ണെണ്ണയില്‍ വന്‍ തോതിലുള്ള ക്രമക്കേടുകള്‍ നടക്കുന്നതായി ആക്ഷേപം. അര്‍ഹതപ്പെട്ടവര്‍ക്ക് മണ്ണെണ്ണ നല്‍കാതെ കരിഞ്ചന്ത വില്‍പ്പന നടത്തുന്നത് ഉള്‍പ്പെടെയുള്ള ഗുരുതരമായ ക്രമക്കേടുകള്‍ മത്സ്യഫെഡില്‍ നടക്കുന്നതായാണ് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നത്. അനര്‍ഹമായ പെര്‍മിറ്റ് ഉപയോഗിച്ച് ദൂരസ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ വന്‍ തോതില്‍ വാങ്ങി കൊണ്ടു പോകുന്നതായി മത്സ്യ തൊഴിലാളികള്‍ തന്നെ പറയുന്നു. ഇത്തരത്തില്‍ കൊണ്ട് പോകുന്ന മണ്ണെണ്ണ കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്നതായി ആരോപണമുണ്ട്. രണ്ടു ദിവസത്തോളമായി മത്സ്യഫെഡില്‍ മണ്ണെണ്ണ വിതരണം നടത്തിയിരുന്നില്ല. തിങ്കളാഴ്ച രാവിലെ മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ മണ്ണെണ്ണക്കായി മത്സ്യ ഫെഡിലെത്തിയവര്‍ക്ക് നിരാശരായി തിരിച്ചു പോകേണ്ടി വന്നു. അഞ്ച് മണിക്ക് മത്സ്യഫെഡ് ഓഫീസ് അടച്ചിട്ടു. എന്നാല്‍ ഇതിനുശേഷം വൈകിട്ട് 6.30 മണിയോടെ മംഗളൂരുവില്‍ നിന്നും മണ്ണെണ്ണയുമായി ഒരു ലോറി വരികയും ചിലര്‍ക്ക് മാത്രം മണ്ണെണ്ണ വിതരണം നടത്തുകയും ചെയ്തു. മത്സ്യ ഫെഡ് പൂട്ടിയതിനുശേഷം നടത്തിയ മണ്ണെണ്ണ വിതരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് നാട്ടുകാര്‍ മത്സ്യഫെഡ് ഓഫീസിലേക്ക് ഇരച്ചു കയറി. ഇതോടെ മത്സ്യഫെഡ് ജീവനക്കാരും നാട്ടുകാരും തമ്മിലുള്ള വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങി. വിവരമറിഞ്ഞ് പോലീസ് സംഘവും സ്ഥലത്തെത്തി. നാട്ടുകാരുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ട പോലീസ് മണ്ണെണ്ണയുമായി വന്ന ലോറിയും അത് വാങ്ങി കൊണ്ട് പോകാനായെത്തിയ വാഹനങ്ങളും കസ്റ്റഡിയിലെടുത്തിരുന്നു. യുവമോര്‍ച്ചാ ജില്ലാ ജനറല്‍ സെക്രട്ടറി ധനഞ്ജയന്‍ മധൂരിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. ഇന്നലെ രാവിലെ വീണ്ടും തൊഴിലാളികള്‍ സംഘടിച്ച് അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മത്സ്യഫെഡ് ഓഫീസിലെത്തുകയും ഉപരോധ സമരം ആരംഭിക്കുകയും ചെയ്തതോടെ സംഘര്‍ഷാവസ്ഥ രൂക്ഷമാവുകയായിരുന്നു. നിലവില്‍ ആരോപണ വിധേയനായ മത്സ്യഫെഡ് അസിസ്റ്റന്റ് മാനേജറെ താല്‍ക്കാലികമായി അന്വേഷണ വിധേയമായി മാറ്റി നിര്‍ത്തുമെന്നും, കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ സസ്‌പെന്റ് ചെയ്യുമെന്നും കടപ്പുറം വാര്‍ഡ് കൗണ്‍സിലറായ ബിജെപി അംഗം ഉമയുടെ നേതൃത്വത്തിലുള്ള ഉപരോധക്കാര്‍ക്ക് അധികൃതര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരക്കാര്‍ പിരിഞ്ഞ് പോയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.