അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ്: സമരം അന്യായമെന്ന് കോളജ് ഭാരവാഹികള്‍

Wednesday 26 October 2016 9:16 pm IST

കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ ആരംഭിച്ച അനിശ്ചിതകാല സമരം അന്യായമാണെന്നും വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കുവാന്‍ മെഡിക്കല്‍ കോളജ് മലപ്പുറത്തേക്ക് മാറ്റുവാന്‍ നിര്‍ബന്ധിതരാകുമെന്നും മാനേജ്‌മെന്റ് ഭാരവാഹികള്‍. യൂണിയനും ജീവനക്കാരും വിവിധ കോടതികളിലും സര്‍ക്കാര്‍ വേദികളിലും നല്‍കിയ പരാതികളില്‍ വിചാരണ തുടങ്ങി തീരുമാനത്തിന് കാത്തിരിക്കുന്ന അവസരത്തിലാണ് പണിമുടക്ക് നടത്തുന്നത്. നിലവില്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ക്ക് കോളജില്‍ പ്രവേശിക്കുവാന്‍ കഴിയാത്ത അവസ്ഥയില്‍ യൂണിയന്‍ കോളേജ് കൈവശപ്പെടുത്തിയിരിക്കുകയാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സമരത്തിന്റെ ഭാഗമായി കോളജുകളിലെ നിരവധി വാഹനങ്ങള്‍ നശിപ്പിച്ചിരിക്കുകയാണെന്നും ഇത്തരം സംഭവങ്ങള്‍ക്ക് നേരെ പൊലീസ് അധികൃതര്‍ കണ്ണടയ്ക്കുകയാണെന്നും മാനേജ്‌മെന്റ് അധികൃതര്‍ കുറ്റപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയില്‍ മെഡിക്കല്‍ കോളേജ് ബോണസ് ആക്ടിന്റെ കീഴില്‍ വരികയില്ലെന്നതിനാല്‍ ജീവനക്കാര്‍ ബോണസ് നിയമത്തിന്റെ പരിധിയില്‍ വരികയില്ലെന്ന് മാനേജിങ്ങ്ഡയറക്ടര്‍ ഡോ എം.എ.ഹാഷിം വ്യക്തമാക്കി. ജീവനക്കാരുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നം ഉയര്‍ന്നതിനെ തുടര്‍ന്ന് യൂണിയനുമായി ഉണ്ടാക്കിയ കരാറില്‍ ബോണസ് വിഷയം ഉള്‍പ്പെട്ടിരുന്നില്ല. അര്‍ഹമായ മിനിമം വേതനം എല്ലാവര്‍ക്കും നല്‍കുന്നുണ്ടെങ്കിലും അടിസ്ഥാനമാക്കേണ്ട തസ്തികയിലും യോഗ്യതയിലുമുള്ള തര്‍ക്കം ലേബര്‍ കോടതിയുടെ മുന്നിലാണ്. സമരം ചെയ്യുന്നവരില്‍ പകുതിയോളം പേര്‍ സ്വകാര്യ കോണ്‍ട്രാക്ടര്‍മാരുടെ കീഴിലുള്ള തൊഴിലാളികളാണ്. കോണ്‍ട്രാക്ട് സമ്പ്രദായം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂണിയന്‍ നല്‍കിയ ഹരജിയില്‍ സംസ്ഥാന കോണ്‍ട്രാക്ട് ലേബര്‍ ബോര്‍ഡ് നിരവധി ഹിയറിങ്ങുകള്‍ നടത്തി തീരുമാനമറിയിക്കാനിരിക്കുകയാണ്. സമരം തുടങ്ങിയതോടെ വിദ്യാര്‍ത്ഥികളുടെ പഠനവും ക്ലിനിക്കല്‍ പരിശീലനവും സ്തംഭനാവസ്ഥയിലാണ്. പൊലീസിന്റെ യാതൊരുവിധ ഫലപ്രദമായ സംരക്ഷണവും ലഭിക്കുന്നില്ല. ഒരു വെടിപ്പുര നടത്തുന്നത് പോലെ മെഡിക്കല്‍കോളജ് നടത്താന്‍ സാധിക്കില്ലെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ കെ.കൃഷ്ണന്‍, അഡ്വ.ജി.കെ.ഗോപകുമാര്‍, ഡോ.പി.ജി.ആനന്ദകുമാര്‍, ഡോ.അരുണ്‍ നാരായണന്‍ എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.