വിവാഹസംഘത്തിന്റെ ബസ്സില്‍ തീവണ്ടിയിടിച്ച്‌ മുപ്പത്തിമൂന്ന്‌ മരണം

Thursday 7 July 2011 9:00 pm IST

ലക്നൗ: ഉത്തര്‍പ്രദേശിലെ കാന്‍ഷിറാം നഗര്‍ ജില്ലയില്‍ വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസ്സില്‍ തീവണ്ടിയിടിച്ച്‌ 33 പേര്‍ മരിച്ചു. ഇതോടൊപ്പം സംഭവത്തില്‍ പരിക്കേറ്റ 35ഓളം പേരില്‍ ഏതാനും പേരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്‌.
ദരിയാവാഗഞ്ചിലുള്ള ആളില്ലാ ലെവല്‍ ക്രോസില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടുകൂടിയാണ്‌ അപകടമുണ്ടായത്‌. മധുരയില്‍ നിന്നും ബീഹാറിലെ ഛപ്രയിലേക്ക്‌ പോവുകയായിരുന്ന എക്സ്പ്രസ്‌ ട്രെയിന്‍ വിവാഹപാര്‍ട്ടി സഞ്ചരിച്ചിരുന്ന ബസ്സില്‍ ഇടിക്കുകയായിരുന്നു. ബസ്സില്‍ എണ്‍പതോളം യാത്രക്കാരുണ്ടായിരുന്നതായാണ്‌ സൂചന. അദ്പുര ഗ്രാമത്തില്‍ നിന്നും പുറപ്പെട്ട ബസ്സാണ്‌ അപകടത്തില്‍പ്പെട്ടത്‌. പരിക്കേറ്റവരെ എത്തയിലും, ഫറൂഖാബാദിലുമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ മജിസ്ട്രേറ്റ്‌ ഷൈലജാ കുമാരി അറിയിച്ചു.
പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി. അപകടത്തെക്കുറിച്ച്‌ അന്വേഷണം നടത്താന്‍ റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയതായും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക്‌ രണ്ട്‌ ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഇതോടൊപ്പം ഗുരുതരമായി പരിക്കേറ്റവര്‍ക്ക്‌ 50,000 രൂപയും നിസ്സാര പരിക്കുള്ളവര്‍ക്ക്‌ 10,000 രൂപയും ധനസഹായം നല്‍കാന്‍ തീരുമാനമായിട്ടുണ്ട്‌.
അപകടത്തിന്റെ കാരണങ്ങളെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തുമെന്നും, ആളില്ലാ ലെവല്‍ ക്രോസുകളില്‍ വേണ്ടത്ര സുരക്ഷിതത്വം ഏര്‍പ്പെടുത്തുമെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു. സംസ്ഥാന റെയില്‍വേ മന്ത്രി കെ.എച്ച്‌. മുനിയപ്പയും റെയില്‍വേ ബോര്‍ഡ്‌ ചെയര്‍മാന്‍ വിനയ്‌ മിത്തലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കാനെത്തിയിരുന്നു.