സാനിയ-ഹിംഗിസ് തിരിച്ചുവരുന്നു

Wednesday 26 October 2016 11:48 pm IST

ന്യൂദല്‍ഹി: വനിതാ ടെന്നീസിലെ താര ജോഡി ഇന്ത്യയുടെ സാനിയ മിര്‍സയും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസും വീണ്ടും ഒന്നിക്കുന്നു. സിംഗപ്പൂരില്‍ തുടങ്ങിയ ഡബ്ല്യുടിഎ ഫൈനല്‍സിലാണ് ഇവരുടെ ഒത്തുചേരല്‍. രണ്ടാം സീഡാണ് സഖ്യം. സിംഗിള്‍സ് മത്സരങ്ങള്‍ തുടങ്ങിയെങ്കിലും ഡബിള്‍സ് ഇന്നു മുതല്‍. നാളെയാണ് ഇന്തോ-സ്വിസ് ജോഡിയുടെ മത്സരം. ചൈനീസ് തായ്‌പേയിയുടെ ഹാവോ ചിങ് ചാന്‍-യങ് ജാന്‍ ചാന്‍ എതിരാളികള്‍. ജയിച്ചാല്‍ സെമിയില്‍. നിലവിലെ ജേതാക്കളാണ് സാനിയ-ഹിംഗിസ് ജോഡി. കരോലിന്‍ ഗാര്‍ഷ്യ-ക്രിസ്റ്റിന മല്‍ദെനോവിച്ച് സഖ്യം ഒന്നാം സീഡ്. 2015ല്‍ ഇന്ത്യാനവെല്‍സിലാണ് ആദ്യമായി ഇവര്‍ ഒരുമിച്ചത്. ഒരു വര്‍ഷത്തിനിടെ മൂന്ന് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും 11 ഡബ്ല്യുടിഎ കിരീടങ്ങളും നേടി. ലോക റാങ്കിങ്ങില്‍ ഒന്നാമതുമായി. തുടരെ 41 ജയങ്ങളും സ്വന്തമാക്കി. ആഗസ്തിലാണ് വേര്‍പിരിഞ്ഞത്. ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ സ്‌ട്രൈക്കോവ അതിനു ശേഷം സാനിയയുടെ പങ്കാളി. ഹിംഗിസ് യുഎസിന്റെ കൊക്കൊ വാന്‍ഡെവെഗെയെയും ഒപ്പംകൂട്ടി. സിന്‍സിനാറ്റിയില്‍ ഹിംഗിസ് കൂട്ടുകെട്ടിനെ കീഴടക്കിയാണ് സാനിയ കിരീടം ചൂടിയത്. പിന്നീട് മോണിക്ക നിക്കോളെസ്‌ക്കോവയ്‌ക്കൊപ്പവും കളിച്ചു ഇന്ത്യന്‍ താരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.