പക്ഷിപ്പനി : അതീവ ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

Thursday 27 October 2016 11:54 am IST

ന്യൂദല്‍ഹി: പക്ഷിപ്പനി തടയാന്‍ സംസ്ഥാനങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര കൃഷിമന്ത്രാലയവും ഫോറസ്റ്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്ക് കേന്ദ്ര വനം,പരിസ്ഥിതി മന്ത്രാലയം കത്തയച്ചു. പക്ഷിപ്പനി പരത്തുന്ന എച്ച് 5 എന്‍8 വൈറസുകള്‍ ദല്‍ഹിയിലും മധ്യപ്രദേശിലും കേരളത്തിലും സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ദല്‍ഹിയിലെ രണ്ടും ഗ്വാളിയാറിലെ ഒരു മൃഗശാലയിലുമാണ് പക്ഷികള്‍ കൂട്ടത്തോടെ ചത്തത്. അതേസമയം വന്യജീവി സങ്കേതങ്ങളില്‍ നിന്നും ഇത്തരം റിപ്പോര്‍ട്ടുകള്‍ ഇതുവരെ കിട്ടിയിട്ടില്ലെന്ന് കേന്ദ്ര വനം,പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ദേശാടനക്കിളികള്‍ വഴിയാണ് വൈറസ്ബാധ പകരുന്നത് എന്നതിനാല്‍ അത്തരം പക്ഷികളെ പ്രത്യേകം നിരീക്ഷിക്കണമെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേശാടനക്കിളികള്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് അധികം എത്താറുള്ളത്. അതിനാല്‍ വന്യജീവി സങ്കേതങ്ങളിലെ സാഹചര്യം നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷിപ്പനി മനുഷ്യരിലേക്കും മൃഗങ്ങളിലേക്കും പടരാന്‍ സാധ്യതയുള്ളതിനാല്‍ ആതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അതിനാല്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ ഉടന്‍ തന്നെ അറിയിക്കണമെന്നും കത്തുകളില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങളിലെ സ്ഥിതി നിരീക്ഷിക്കാന്‍ വനം,പരിസ്ഥിതി മന്ത്രാലയം ഉന്നതതല സമിതികളെയും നിയോഗിച്ചിട്ടുണ്ട്. പക്ഷിപ്പനി സ്ഥിരീകരിച്ചാല്‍ കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം കൃത്യമായി പാലിച്ച് സംസ്ഥാനങ്ങള്‍ മുന്നോട്ട് പോകണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.