തലശ്ശേരി തീരദേശ പോലീസ് സ്റ്റേഷന് കാത്തിരിപ്പിനൊടുവില്‍ ശാപമോക്ഷമാവുന്നു

Thursday 27 October 2016 7:54 pm IST

തലശ്ശേരി: കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കൈമാറിക്കിട്ടിയിട്ട് ഒന്ന വര്‍ഷം പിന്നിട്ടിട്ടും പ്രവര്‍ത്തനക്ഷമമാവാത്ത തലായി മൂക്കൂട്ടത്തെ തലശ്ശേരി തീരദേശ പോലീസ് സ്റ്റേഷന് കാത്തിരിപ്പിനൊടുവില്‍ ശാപമോക്ഷമാവുന്നു. അടുത്തമാസം ആദ്യവാരം പോലീസ് സ്റ്റേഷന്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനമായി. സംസ്ഥാനത്ത് പണിപൂര്‍ത്തിയായി നില്‍ക്കുന്ന തൃക്കരിപ്പൂര്‍, കുമ്പള, വടകര, എലത്തൂര്‍, പൊന്നാനി, മണക്കടവ്, അര്‍ത്തുങ്കല്‍ തുടങ്ങിയവയില്‍ പെട്ടതാണ് തലശ്ശേരി തീരദേശ പോലീസ് സ്റ്റേഷന്‍. ഇതില്‍ തൃക്കരിപ്പൂരിലെതാവും ആദ്യം നാടിന് സമര്‍പ്പിക്കുക. ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ച പോലീസ് സ്റ്റേഷനുകളിലെല്ലാം ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. അതാത് സ്ഥലത്തെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കായിരിക്കും തീരദേശപോലീസ് സ്റ്റേഷന്റെ ചുമതല. തലായി മാക്കൂട്ടത്ത് റവന്യൂ-ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള ഇരുപത്തിയഞ്ച് സെന്റ് സ്ഥലത്താണ് നാല്‍പ്പത്തിയൊന്ന് ലക്ഷം രൂപ ചിലവഴിച്ച് ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. 2013 ആഗസ്റ്റില്‍ നിര്‍മ്മാണം തുടങ്ങിയിരുന്നു. 2015 ഫിബ്രവരിയില്‍ പണി പൂര്‍ത്തിയായ കെട്ടിടം ഏപ്രില്‍ മാസം പോലീസ് വകുപ്പിന് കൈമാറിയിരുന്നു. പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ മേല്‍ നോട്ടിത്തില്‍ സ്വകാര്യ കരാറുകാരനാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിയിരുന്നത്. സ്റ്റേഷന്‍ കെട്ടിടത്തില്‍ എസ്‌ഐക്കുള്ള മുറി റൈറ്റര്‍, സ്റ്റോര്‍ റൂം, ലോക്കപ്പ്,സാങ്കേതിക ഉപകരണങ്ങളും ആയുധങ്ങളും സൂക്ഷിക്കാനുള്ള സംവിധാനം, നിരീക്ഷണ ടവര്‍, ശൗചാലയം എന്നിവ ഒരുക്കിയിട്ടുണ്ട്. കടലില്‍ പെട്രോളിംഗ് നടത്താനുള്ള ഇന്റര്‍ സെകടര്‍ ബോട്ട് നിര്‍ത്തിയിടാനുള്ള പ്രത്യേക ജട്ടി മാത്രം ഒരുക്കേണ്ടതുണ്ട്. 2011ല്‍ രാജ്യത്തിന് നേരിടേണ്ടി വന്ന മുംബൈ ഭീകരാക്രമണത്തിന്റെ പാശ്ചാത്തലത്തിലാണ് കേരളതീരങ്ങളില്‍ സുരക്ഷ ഉറപ്പാക്കാന്‍ തീരദേശ പോലീസ് സ്റ്റേഷനുകള്‍ വിഭാവനം ചെയ്തിട്ടുള്ളത്. കണ്ണൂര്‍ ജില്ലയില്‍ അഴീക്കലിലും തലശ്ശേരിയിലുമാണ് സ്ഥാനം കണ്ടെത്തിയത്. ഇതില്‍ അഴീക്കല്‍ സ്റ്റേഷന്‍ ഇതിനകം ഉദ്ഘാടനം ചെയ്തു കഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.