ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു

Thursday 27 October 2016 10:05 pm IST

കോട്ടയം: നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ഇന്നലെ രാവിലെ നടത്തിയ പരിശോധനയില്‍ ഏഴു ഹോട്ടലുകളില്‍ നിന്ന് പഴക്കമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളും ആഴ്ചകളോളം പഴക്കമുള്ള എണ്ണയും കണ്ടെത്തി. കഞ്ഞിക്കുഴി, റെയില്‍വേ സ്റ്റേഷന്‍ പ്രദേശങ്ങളിലെ ഏഴു ഹോട്ടലുകളിലാണ് ഇന്നലെ രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കും ഇടയില്‍ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു പ്രവര്‍ത്തിക്കുന്ന ആര്യാസ് സാമ്രാട്ട്, വിശ്വാസ്, അഞ്ജലി, കേരള റസ്റ്റോറന്റ്, ഇമ്മാനുവേല്‍, കഞ്ഞിക്കുഴിയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ സംസം, രമ്യ എന്നീ ഹോട്ടലുകളില്‍ നിന്നാണു പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങളും എണ്ണയും പിടിച്ചെടുത്തത്. ദിവസങ്ങള്‍ പഴക്കമുള്ള ചപ്പാത്തി, ചിക്കന്‍ കറി, ചോറ്, ബീഫ്കറി, മീന്‍ കറി, വെജിറ്റബിള്‍ കറി എന്നിവയാണ് പിടികൂടിയത്. ആഴ്ചകളോളം പഴക്കമുള്ള എണ്ണയും പിടിച്ചെടുത്തവയില്‍പ്പെടുന്നു. ഇതിനു പുറമെ, ഈ ഹോട്ടലുകളില്‍ ഭക്ഷണം പാകം ചെയ്യുന്നതും വിളമ്പുന്നതും ഹെല്‍ത്ത് കാര്‍ഡില്ലാത്ത ഇതര സംസ്ഥാന തൊളിലാളികളാണെന്ന് കണ്ടെത്തി. ഇന്നലെ റെയ്ഡ് നടത്തിയ ഹോട്ടലുകളില്‍നിന്ന് നേരത്തെയും പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തിരുന്നു. ശബരിമല സീസണിന് മുന്നോടിയായി പരിശോധന കര്‍ശനമാക്കുമെന്നും, തൊഴിലാളികള്‍ക്ക് അടിയന്തരമായി മെഡിക്കല്‍ പരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്ന് നിര്‍ദേശിച്ചതായും, ഹോട്ടലുകള്‍ക്കെതിരെ നോട്ടീസ് നല്‍കിയതായും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്്ടര്‍ ആറ്റ്‌ലി പി. ജോണ്‍, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം. സുനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.