എടത്വാ - തിരുവല്ല റോഡില്‍ ഗതാഗതം നിശ്ചലമായി

Thursday 27 October 2016 10:17 pm IST

തലവടി വെള്ളക്കിണര്‍ ജംഗ്ഷന് സമീപം താഴ്ന്ന വാഹനം നാട്ടുകാരുടെ ശ്രമഫലമായി കരയ്ക്ക് കയറ്റുന്നു

എടത്വാ: തലവടി-വെള്ളക്കിണര്‍ റോഡിലെ കുഴിയില്‍ വാഹനങ്ങള്‍ താഴ്ന്നു. എടത്വാ-തിരുവല്ല റൂട്ടില്‍ ഗതാഗതം നിശ്ചലമായി. വ്യാഴാഴ്ച രാത്രിയില്‍ നിര്‍ത്താതെ പെയ്തമഴയെ തുടര്‍ന്ന് വെള്ളംകെട്ടിക്കിടന്ന തലവടി- വെള്ളക്കിണര്‍ റോഡിലാണ് ഇന്നലെ പുലര്‍ച്ചേമുതല്‍ വാഹനങ്ങല്‍ തുടരെതാഴാന്‍ തുടങ്ങിയത്.
നീരേറ്റുപുറം കുടിവെള്ള പദ്ധതിക്കുവേണ്ടി പൈപ്പ് സ്ഥാപിക്കാനായി കുഴിയെടുത്ത റോഡില്‍ മഴവെള്ളം കെട്ടിക്കിടന്ന സ്ഥലങ്ങളിലാണ് വാഹനങ്ങള്‍ കൂട്ടത്തോടെ താഴ്ന്നത്. രാവിലെ എത്തിയ കാറുകളും, ട്രക്കുകളും ചെളിയില്‍ താഴ്ന്നതോടെ നാട്ടുകാരുടെ ശ്രമഫലമായി വാഹനങ്ങള്‍ കുഴിയില്‍നിന്ന് കരയ്ക്കുകയറ്റി വിടുകയായിരുന്നു.
സര്‍വ്വീസ് കൂടിയതോടെ പലസ്ഥലങ്ങളിലായി വാഹനങ്ങള്‍ താഴ്ന്നതോടെ എടത്വാ-തിരുവല്ല റോഡിലെ ഗതാഗതം സ്തംഭിച്ചു. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഗതാഗതം സാധാരണ നിലയിലേക്കെത്തിയത്. വെട്ടുതോടുപാലം മുതല്‍ നീരേറ്റുപുറംജംഗ്ഷന്‍ വരെ കടുത്ത യാത്രാദുരിമാണ് ജനങ്ങള്‍ അനുഭവിക്കുന്നത്. ഒരുവര്‍ഷം മുമ്പ് കുട്ടനാട് കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കാനായി എടുത്ത കുഴി മൂടിയും മൂടാതയും കിടക്കുകയാണ്. ഗ്രാവലിറക്കി കുഴിമൂടിയ സ്ഥലങ്ങളില്‍ മഴവെള്ളം കെട്ടിനിന്ന് കുളമായി തീര്‍ന്നു.
പലതവണ പ്രതിഷേധവും ഉപരോധവും നടത്തിയെങ്കിലും അറ്റകുറ്റപണി നടത്താന്‍ പോലും പിഡബ്ല്യുഡി തയ്യാറായില്ല. മഴശക്തി പ്രാപിക്കുന്നതോടെ വാഹനങ്ങള്‍ നിരനിരയായി കുഴിയില്‍ താഴുന്നതും, ചൂടുസമയത്ത് റോഡിലെ പൊടിശല്യം കാരണം കാല്‍നട യാത്രക്കാര്‍ക്കും, ചെറുവാഹനങ്ങള്‍ക്കും സഞ്ചരിക്കാന്‍ കഴിയാത്തതും നിത്യസംഭവമാണ്. എടത്വാ-നീരേറ്റുപുറം റോഡില്‍ യാത്രാദുരിതം തീര്‍ക്കാന്‍ താല്‍ക്കാലിക മാര്‍ഗ്ഗമെങ്കിലും നടപ്പാക്കണമെന്ന് വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.