അഴിമതി: സോണിയയുടെ അവകാശവാദം പൊള്ളയെന്ന്‌ ബിജെപി

Friday 17 June 2011 9:51 pm IST

ന്യൂദല്‍ഹി: അഴിമതിക്കെതിരായി താന്‍ പോരാടുന്നുവെന്ന സോണിയയുടെ അവകാശവാദം പൊള്ളയാണെന്ന്‌ ബിജെപി. കോണ്‍ഗ്രസിന്റെ അഴിമതി മറയില്ലാതെ പുറത്തായതിനെത്തുടര്‍ന്നുണ്ടായ വിഭ്രാന്തിയില്‍ ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്കെതിരെ സംസ്ക്കാര ശൂന്യമായ പരാമര്‍ശങ്ങള്‍ നടത്തുകയാണ്‌ കോണ്‍ഗ്രസ്‌. ഇത്‌ അങ്ങേയറ്റം അപലപനീയമാണ്‌, ബിജെപി വക്താവ്‌ രവിശങ്കര്‍ പ്രസാദ്‌ പറഞ്ഞു.
ഞങ്ങളുടെ അധ്യക്ഷനെക്കുറിച്ച്‌ ആദരവാണുള്ളത്‌. സാധാരണ പാര്‍ട്ടി അംഗമെന്ന നിലയില്‍ പ്രവര്‍ത്തനം തുടങ്ങി അധ്യക്ഷ പദവിയില്‍ എത്തുകയായിരുന്നു നിതിന്‍ ഗഡ്കരി, അദ്ദേഹം പറഞ്ഞു. ദര്‍ബാര്‍ സംസ്ക്കാരം നിലനില്‍ക്കുന്ന കോണ്‍ഗ്രസില്‍ പ്രത്യേക കുടുംബാംഗങ്ങള്‍ക്ക്‌ മാത്രമേ കോണ്‍ഗ്രസ്‌ അധ്യക്ഷ പദവിയില്‍ എത്താന്‍ കഴിയൂ എന്നും രവിശങ്കര്‍ പ്രസാദ്‌ കൂട്ടിച്ചേര്‍ത്തു. സോണിയക്കെതിരെ ഗഡ്കരി നടത്തിയ പ്രസ്താവനയില്‍ എന്ത്‌ തെറ്റാണ്‌ ഉള്ളതെന്നും പ്രസാദ്‌ ചോദിച്ചു.
കോമണ്‍വെല്‍ത്ത്‌, 2ജി സ്പെക്ട്രം അഴിമതി വിഷയങ്ങളില്‍ സോണിയ മൗനം ഭജിച്ചത്‌ എന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു. കോമണ്‍വെല്‍ത്ത്‌ മേളയില്‍ 70,000 കോടി കൊള്ളയടിച്ചപ്പോഴും കോമണ്‍വെല്‍ത്ത്‌ ഷുംഗ്ലു കമ്മറ്റി ഷീല ദീക്ഷിത്തിനെ വിമര്‍ശിച്ചപ്പോഴും സോണിയ മൗനം പാലിച്ചു. ആദര്‍ശ്‌ പാര്‍പ്പിട സമുച്ചയം സംബന്ധിച്ച രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍നിന്നും നഷ്ടപ്പെട്ടപ്പോഴും സോണിയ ദുരൂഹമായ മൗനം തുടര്‍ന്നുവെന്നും രവിശങ്കര്‍ പ്രസാദ്‌ പറഞ്ഞു. അഴിമതിക്കെതിരെ യുപിഎ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കില്ലെന്ന്‌ ജനങ്ങള്‍ക്ക്‌ ഉറപ്പുണ്ടെന്നും പ്രസാദ്‌ കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.