ചേര്‍ത്തല: അമേരിക്കയില്‍ ഫ്ളാറ്റിലെ അഗ്നിബാധയില്‍ ചേര്‍ത്തല സ്വദേശികളായ മൂന്നംഗ മലയാളി കുടുംബം ഉള്‍പ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.
പട്ടണക്കാട് പുതിയകാവ് ഗീതാഞ്ജലി വീട്ടില്‍ ദാമോദരന്‍ പിള്ളയുടെ മകന് ഡോ. വിനോദ്.ബി. ദാമോദരന്‍ (44), ഭാര്യ ശ്രീജ (38), മകള്‍ ആര്‍ദ്ര (13) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ താമസിച്ചിരുന്ന ന്യൂജേഴ്സി ഹില്‍സ് ബരോവ് അപാര്‍ട്ട്മെന്റില്‍ കഴിഞ്ഞ തിങ്കളാഴ്ച ഉണ്ടായ അഗ്നിബാധയില്‍ ഇരുപതോളം പേര് മരിച്ചിരുന്നു. മൂന്നു പേരുടേത് ഒഴികെ മറ്റെല്ലാവരുടെയും മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
ദിവസവും നാട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്ന ഇവര്‍ തിങ്കളാഴ്ച മുതല്‍ വിളിക്കാത്തതും അങ്ങോട്ട് വിളിച്ചിട്ട് കിട്ടാത്തതും മൂലം ദിവസങ്ങളായി ആശങ്കയിലായിരുന്നു. ന്യുജേഴ്സിയിലെ റട്ട്ഗേഴ്സ് സര്‍വകലാശാലയിലെ റിസര്‍ച്ച് സയന്റിസ്റ്റാണ് വിനോദ്.
ബന്ധുക്കള്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് അപകടത്തില്‍ ഇവര്‍ ഉള്‍പ്പെട്ടതായി സൂചന ലഭിച്ചത്. എംബസി, നോര്‍ക്ക, മലയാളി അസോസിയേഷന് തുടങ്ങിയവയുമായി ബന്ധപ്പെട്ട് സ്ഥിരീകരണത്തിനായി വീട്ടുകാര്‍ ശ്രമം നടത്തുകയാണ്.
കഴിഞ്ഞ ഏപ്രിലിലാണ് ഇവര്‍ നാട്ടില്‍ വന്ന് മടങ്ങിയത്.
നേരത്തെ മുംബൈയില്‍ ജോലി ചെയ്തിരുന്ന വിനോദ് എട്ടുവര്‍ഷത്തോളം മുമ്പാണ് കുടുംബസമേതം അമേരിക്കയിലേക്ക് പോയത്. ഭാര്യ ശ്രീജ തിരുവല്ല കൊടിയാടി സ്വദേശിനിയാണ്. മകള്‍ ആര്‍ദ്ര അവിടെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: