കുറിച്ചി ഹോമിയോപ്പതി ഇന്‍സ്റ്റിറ്റ്യൂട്ട് ദേശീയ മാനസികാരോഗ്യ ഗവേഷണ സ്ഥാപനമാക്കും

Friday 28 October 2016 3:02 am IST

കോട്ടയം: കുറിച്ചി സചിവോത്തമപുരം സെന്‍ട്രല്‍ ഹോമിയോപ്പതി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പ്രാരംഭനടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഹോമിയോപ്പതി മേഖലയിലെ ദേശീയ മാനസികാരോഗ്യ ഗവേഷണ സ്ഥാപനമായി (നാഷണല്‍ ഹോമിയോപ്പതി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍ മെന്റല്‍ ഹെല്‍ത്ത്) കേന്ദ്ര ആയുഷ് മന്ത്രാലയം പുനര്‍നാമകരണം ചെയ്തു. 1974ല്‍ സ്ഥാപിതമായ ഈ ഇന്‍സ്റ്റിറ്റ്യൂട്ട് മാനസികാരോഗ്യ രംഗത്ത് ഹോമിയോപ്പതി ചികിത്സ ലഭ്യമാക്കുന്ന രാജ്യത്തെ ഏക കേന്ദ്രമായിരിക്കും. ഇതിനു പുറമെ, മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗത്താല്‍ ശാരീരിക വൈകല്യം സംഭവിച്ചവര്‍ക്കുള്ള വിദഗ്ദ്ധ ചികിത്സ നല്‍കാനുള്ള കര്‍മ്മപദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്. ബെംഗളൂരുവിലെ നിംഹാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന് സമാനമായുള്ള വികസന പദ്ധതികളാണ് കുറിച്ചിയില്‍ കേന്ദ്ര ആയുഷ് മന്ത്രാലയം വിഭാവനം ചെയ്യുന്നത്. 36 കോടി രൂപയുടെ കെട്ടിട സമുച്ചയമാണ് പുതുതായി നിര്‍മ്മിക്കുക. ഹോമിയോപ്പതി മരുന്ന് നിര്‍മ്മാണത്തിനാവശ്യമായ മെഡിസിനല്‍ പ്ലാന്റും സ്ഥാപിക്കും. പഠനരംഗത്തും കാതലായ മാറ്റങ്ങള്‍ ഉണ്ടാകും. രാജ്യത്തെ വിവിധ ഹോമിയോ മെഡിക്കല്‍ കോളേജുകളില്‍ നിന്നു പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് പിഎച്ച്ഡി കോഴ്‌സുകള്‍ ചെയ്യുവാനുള്ള സൗകര്യവും ലഭ്യമാകും. എംഡി., ബിഎസ്‌സി നഴ്‌സിങ് കോഴ്‌സുകളും ആരംഭിക്കും. തൃശൂരിലെ കേരള ആരോഗ്യ സര്‍വ്വകലാശാലയോടായിരിക്കും പുതിയ കോഴ്‌സുകള്‍ അഫിലിയേറ്റ് ചെയ്യുക. ഇതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ കേന്ദ്രമന്ത്രി ശ്രീപദ് നായികിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഗവേണിങ് കൗണ്‍സില്‍ തീരുമാനിച്ചു. നിലവില്‍ എംജി സര്‍വ്വകലാശാലയുടെ കീഴില്‍ ബിഎച്ച്എംഎസ് കോഴ്‌സാണ് നടന്നുവരുന്നത്. കുറിച്ചി ആതുരാശ്രമം എന്‍എസ്എസ് ഹോമിയോ മെഡിക്കല്‍ കോളജിനോടനുബന്ധിച്ചാണ് സെന്‍ട്രല്‍ ഹോമിയോ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും പ്രവര്‍ത്തിച്ചു വരുന്നത്. 100 കിടക്കളും അനുബന്ധ സംവിധാനങ്ങളുമുള്ള ഇവിടെ ദിവസവും ആയിരത്തിനടുത്ത് രോഗികള്‍ ചികിത്സ തേടിയെത്തുന്നുണ്ട്. നിലവില്‍ നൂറ്റിയിരുപതോളം ജീവനക്കാരാണുള്ളത്. ഹോമിയോ ചികിത്സയുടെ പ്രചാരകനായിരുന്ന ആതുരാശ്രമ സ്ഥാപകന്‍ സ്വാമി ആതുരദാസാണ് സെന്‍ട്രല്‍ ഹോമിയോപ്പതി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇവിടെ സ്ഥാപിക്കാന്‍ വഴിയൊരുക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.