ആശുപത്രിവളപ്പില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി

Friday 28 October 2016 11:37 am IST

ബാലുശ്ശേരി: മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ പുറത്ത് കാണപ്പെട്ടത് പ്രദേശവാസികളുടെ പ്രതിഷേധത്തിനിടയാക്കി. ആശുപത്രിയിലെ അനാട്ടമി വിഭാഗത്തില്‍ നിന്നും ഒഴിവാക്കിയ അവശിഷ്ടങ്ങളാണ് ഇവ. ഇന്നലെ രാവിലെ കാക്കകളുടേയും നായകളുടേയും ബഹളംകണ്ട് എത്തിയ പ്രദേശവാസികളാണ് മനുഷ്യന്റെ തലയോട്ടി ഭാഗം പുറത്ത് കാണപ്പെട്ടത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരും പൊലിസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രിയിലെ അനാട്ടമി വിദ്യാര്‍ഥികളുടെ പഠനശേഷം ഒഴിവാക്കിയ ശരീരാവശിഷ്ടങ്ങളാണെന്ന് മനസ്സിലായത്. വര്‍ഷത്തില്‍ എട്ട് മൃതദേഹങ്ങളാണ് കോളേജില്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി കൊണ്ടു വരുന്നത്. ഫോര്‍മലിനില്‍ സൂക്ഷിക്കുന്ന മൃതദേഹങ്ങളായതിനാല്‍ വര്‍ഷങ്ങളോളം അതേ അവസ്ഥയില്‍ തന്നെ നില നില്‍ക്കുമെന്നും നല്ല താഴ്ചയുള്ള പ്രത്യേകം സജ്ജമാക്കിയ ടാങ്കുകളിലാണ് ഇവ സംസ്‌കരിക്കുകയെന്നും അനാട്ടമി വിഭാഗം മേധാവി ഡോ.കെ.എന്‍.രാധ പറഞ്ഞു. താമരശ്ശേരി ഡി.വൈ.എസ്.പി പി.കെ അഷറഫ്, ബാലുശ്ശേരി എസ്.ഐ വി.സിജിത്ത്, അത്തോളി എസ്.ഐ രവി കൊമ്പിലാട്, കൊയിലാണ്ടി തഹസില്‍ദാര്‍ എന്‍.റംല എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മെഡിക്കല്‍കോളേജ് ഫോറന്‍സിക് ലാബിലേക്ക് അയച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.