പെരുമ്പടവത്തിന്റെ ഊഴം

Thursday 7 July 2011 9:10 pm IST

പെരുമ്പടവം ശ്രീധരനെന്ന സാഹിത്യകാരനെ അറിയാത്തവരില്ല. കഥയെഴുത്തിലും നോവല്‍ രചനയിലും അദ്ദേഹത്തിനുള്ള കഴിവില്‍ വായനക്കാര്‍ക്കാര്‍ക്കും സംശയമുണ്ടാകാനും തരമില്ല. പലതവണ എഴുത്തുകാരനെന്ന നിലയില്‍ തനിക്കുള്ള കഴിവ്‌ അദ്ദേഹം വായനക്കാരനുമുന്നില്‍ തെളിയിച്ചിട്ടുമുണ്ട്‌. എഴുത്ത്‌ തൊഴിലാക്കി ജീവിക്കുകയും അതിലൂടെ ജീവിതം കെട്ടിയുയര്‍ത്തുകയും ചെയ്ത വ്യക്തിയാണ്‌ അദ്ദേഹം. നല്ല കഥകളിലൂടെയും നോവലുകളിലൂടെയുമാണ്‌ പെരുമ്പടവം ശ്രീധരന്‍ സാഹിത്യലോകത്ത്‌ നിലനില്‍ക്കുന്നത്‌.
എഴുത്തിന്റെ മികവ്‌ കൊണ്ടും നിരൂപകരുടെ സഹായം കൊണ്ടും സ്വന്തം വായനക്കാരെ കണ്ടെത്തിയ എഴുത്തുകാര്‍ മലയാളത്തില്‍ ധാരാളമുണ്ട്‌. എന്നാല്‍ വായനക്കാര്‍ തന്നെ ഒരെഴുത്തുകാരനെ കണ്ടെത്തി കൈപിടിച്ച്‌ ഉയര്‍ത്തി സര്‍വ്വ ഐശ്വര്യങ്ങളും സമ്മാനിച്ച അനുഭവങ്ങള്‍ അപൂര്‍വമാണ്‌. അത്തരത്തില്‍ വായനക്കാര്‍ കൈപിടിച്ചുയര്‍ത്തിയ ഒരു എഴുത്തുകാരനാണ്‌ പെരുമ്പടവം ശ്രീധരന്‍. എഴുത്തുകൊണ്ട്‌ മാത്രം അന്തസ്സായി ജീവിക്കാമെന്ന്‌ സ്വന്തം ജീവിതംകൊണ്ട്‌ അദ്ദേഹം കാട്ടിക്കൊടുത്തു. എന്നിട്ടും സാഹിത്യ ലോകത്ത്‌ അദ്ദേഹത്തെ അരികിലേക്കൊതുക്കാന്‍ പലരും ശ്രമിച്ചു. മുഖ്യധാരാ സാഹിത്യകാരന്മാരാണ്‌ പെരുമ്പടവത്തെ അരികിലേക്കൊതുക്കാന്‍ ശ്രമിച്ചത്‌. അവര്‍ക്കൊപ്പംനിന്ന്‌ ഉപജാപത്തിനു കൂട്ടു നില്‍ക്കാന്‍ പെരുമ്പടവത്തിനായില്ല. അരികിലിരുന്നും അദ്ദേഹം എഴുതി. വായനക്കാരന്റെ മനസിനെ കാലങ്ങളോളം പിന്തുടരുന്ന നിരവധി കൃതികള്‍.
ആനുകാലികങ്ങളില്‍ കഥകളും ലേഖനങ്ങളുമെഴുതി അറുപതുകളിലാണ്‌ അദ്ദേഹം സാഹിത്യ രംഗത്തേക്കു വന്നത്‌. അഭയം എന്ന നോവലിലൂടെയാണ്‌ അദ്ദേഹം പ്രശസ്തനാകുന്നത്‌. നമ്മുടെ നോവല്‍സാഹിത്യരംഗത്ത്‌ പുതിയൊരു എഴുത്തുകാരന്റെ സാന്നിധ്യം അറിയിച്ച കൃതിയായിരുന്നു അഭയം. ആര്‍ദ്രമായ ഒരു ഹൃദയത്തിന്റെ സര്‍ഗ്ഗാത്മക പ്രതികരണമെന്നായിരുന്നു നിരൂപകര്‍ അഭയത്തെ വാഴ്ത്തിയത്‌. പിന്നീട്‌ ആയില്യം, അഷ്ടപദി എന്നീ നോവലുകള്‍ പുറത്തു വന്നതോടെ ആര്‍ക്കും അവഗണിക്കാന്‍ കഴിയാത്ത തരത്തില്‍ സാഹിത്യ രംഗത്ത്‌ പെരുമ്പടവം സ്ഥാനം നേടി. തുടര്‍ച്ചയായി പെരുമ്പടവം ശ്രീധരനില്‍നിന്ന്‌ മലയാളിക്ക്‌ നിരവധി നോവലുകള്‍ ലഭിച്ചു. പലതും സിനിമകളായി. പെരുമ്പടവം തിരക്കഥാകൃത്തുമായി. നോവല്‍ രചനയ്ക്കെന്ന പോലെ തിരക്കഥാരചനയ്ക്കും അദ്ദേഹത്തിന്‌ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു.
1993 ല്‍ പുറത്തുവന്ന ഒരു സങ്കീര്‍ത്തനം പോലെയാണ്‌ പെരുമ്പടവത്തിന്റെ മാസ്റ്റര്‍പീസ്‌ കൃതി. ചുരുങ്ങിയ കാലംകൊണ്ട്‌ ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റഴിയുകയും ലക്ഷക്കണക്കിന്‌ വായനക്കാര്‍ നെഞ്ചേറ്റുകയും ചെയ്ത രചനയാണത്‌. ചങ്ങമ്പുഴയുടെ രമണനും ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിനുമൊപ്പം ഒരു സങ്കീര്‍ത്തനം പോലെയും നിലകൊള്ളുന്നു.
റഷ്യന്‍ സാഹിത്യകാരനായ ദത്തയേവ്സ്കിയുടെ ജീവിതത്തില്‍നിന്ന്‌ ഒരേട്‌ പകര്‍ത്തിവയ്ക്കുകയായിരുന്നു പെരുമ്പടവം ശ്രീധരന്‍. നീര്‍ച്ചുഴികളും കൊടുങ്കാറ്റുകളും അഗ്നിപര്‍വ്വതങ്ങളും നിറഞ്ഞ ദത്തയേവ്സ്കിയെന്ന സര്‍ഗ്ഗാത്മക മനസ്സിനെ അദ്ദേഹത്തിന്റെ പകര്‍ത്തെഴുത്തുകാരി അന്നയെന്ന സാധാരണ പെണ്‍കുട്ടിയുടെ ആരാധനയിലൂടെയും പ്രണയത്തിലൂടെയും വെളിപ്പെടുത്തുകയായിരുന്നു പെരുമ്പടവം. ഹൃദയത്തിനു മേല്‍ ദൈവത്തിന്റെ കയ്യൊപ്പുള്ള എഴുത്തുകാരനെന്ന്‌ ദത്തയേവ്സ്കിയെയാണ്‌ സാധാരണ വിളിക്കാറുണ്ടായിരുന്നത്‌. ഒരു സങ്കീര്‍ത്തനം പോലെ പുറത്തു വന്നതോടെ പെരുമ്പടവം ശ്രീധരനെയും വായനക്കാര്‍ അങ്ങനെ വിളിക്കാന്‍ തുടങ്ങി. ദൈവം കയ്യൊപ്പിട്ടൊരു ഹൃദയവുമായാണ്‌ അദ്ദേഹം നമുക്കിടയില്‍ ജീവിക്കുന്നത്‌.
പെരുമ്പടവത്തെ കുറിച്ച്‌ ഇത്രയൊക്കെ എഴുതാന്‍ ഇപ്പോള്‍ അവസരം ഉണ്ടായത്‌ അദ്ദേഹത്തിന്‌ ലഭിച്ച പുതിയ സ്ഥാനം കാരണമാണ്‌. കേരളത്തിലെ സാഹിത്യപരിപോഷണത്തിനായി പ്രവര്‍ത്തിക്കുന്ന, അല്ലെങ്കില്‍ അത്തരത്തില്‍ പ്രവര്‍ത്തിക്കേണ്ടുന്ന സാഹിത്യ അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്തേക്കാണ്‌ അദ്ദേഹം എത്തിയിരിക്കുന്നത്‌. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ അക്കാദമികളുടെ തലപ്പെത്തെത്താന്‍ പലരും ചരടുവലികള്‍ തുടങ്ങിയിരുന്നു. എല്ലാ ചരടുവലികള്‍ക്കുമൊടുവിലാണ്‌ പെരുമ്പടവത്തിന്റെ സ്ഥാനലബ്ധി.
അക്കാദമി പ്രസിഡന്റാകാന്‍ ചരടുവലിച്ചവരുടെ കൂട്ടത്തില്‍ പെരുമ്പടവത്തിന്റെ പേരുണ്ടായിരുന്നില്ല. ചരടുവലിച്ചവര്‍ക്കും തങ്ങളുടെ സ്വന്തക്കാരെ തലപ്പത്തെത്തിക്കാന്‍ ശ്രമം നടത്തിയവര്‍ക്കും ഇപ്പോള്‍ നിരാശരാകേണ്ടിവന്നു.
കോണ്‍ഗ്രസ്‌ മുഖപത്രമായ വീക്ഷണത്തിന്റെ ചീഫ്‌ എഡിറ്ററായിരുന്ന കെ.എല്‍.മോഹനവര്‍മ, അറിയപ്പെടുന്ന കോണ്‍ഗ്രസുകാരനായ ജോര്‍ജ്ജ്‌ ഓണക്കൂര്‍ എന്നിവരെ പ്രസിഡന്റാക്കാന്‍ പലരും ശ്രമിച്ചിരുന്നു. മോഹനവര്‍മക്കുവേണ്ടി അവസാനനിമിഷം വരെ കോണ്‍ഗ്രസ്സിനുള്ളില്‍ ശക്തമായ സമ്മര്‍ദമുണ്ടായി. ജോര്‍ജ്ജ്‌ ഓണക്കൂറിനെ പ്രസിഡന്റാക്കാനും ചരടുവലിച്ചു ചിലര്‍. എന്നാല്‍ കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത്‌ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ്‌ അംഗമായിരുന്ന ജോര്‍ജ്ജ്‌ ഓണക്കൂറിനെ സാഹിത്യ അക്കാദമി പ്രസിഡന്റാക്കാന്‍ കെപിസിസിക്ക്‌ താല്‍പര്യമില്ലായിരുന്നു. പ്രമുഖ സാഹിത്യകാരന്‍ സേതുവിന്റെ പേരും പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ പറഞ്ഞുകേട്ടു. തനി കോണ്‍ഗ്രസ്സുകാരായി സാഹിത്യ രംഗത്ത്‌ നിറഞ്ഞു നില്‍ക്കുന്ന ബാലചന്ദ്രന്‍വടക്കേടത്തിനെ പോലുള്ളവര്‍ പ്രസിഡന്റ്‌ സ്ഥാനം മോഹിച്ച്‌ കുപ്പായം തുന്നിച്ചിരുന്നു. കെ.എല്‍.മോഹനവര്‍മ്മയും കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കാരനായാണ്‌ അറിയപ്പെടുന്നത്‌. മോഹനവര്‍മ്മയെ അവഗണിച്ച്‌ പെരുമ്പടവത്തെ പ്രസിഡന്റാക്കുന്നതില്‍ മുന്‍നിര കോണ്‍ഗ്രസ്‌ നേതാക്കള്‍തന്നെ എതിര്‍പ്പുമായി രംഗത്തുവന്നു.
മൂന്നുതവണ സാഹിത്യ അക്കാദമിയുടെ ഭരണനിര്‍വാഹക സമിതിയില്‍ പെരുമ്പടവം ഇരുന്നിട്ടുണ്ട്‌. ഒരു തവണ സ്ഥാനമേറ്റെടുത്ത്‌ അടുത്ത ദിവസം തന്നെ അദ്ദേഹം അംഗത്വം രാജിവച്ചു. അക്കാദമി ഭരണതലപ്പത്തുനിന്ന്‌ സുഖകരമല്ലാത്ത അനുഭവങ്ങളുണ്ടായതിനാലായിരുന്നു അത്‌. എല്ലാ എതിര്‍പ്പുകളെയും ഉപജാപങ്ങളെയും അതിജീവിച്ചാണ്‌ പെരുമ്പടവം ഇപ്പോള്‍ അക്കാദമിയുടെ തലപ്പത്തെത്തിയത്‌. അക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സാംസ്കാരിക വകുപ്പുമന്ത്രി കെ.സി.ജോസഫും കെപിസിസി പ്രസിഡന്റ്‌ രമേശ്ചെന്നിത്തലയും പാലോട്‌ രവിയുടെയും എം.എം.ഹസ്സന്റെയും വാക്കുകള്‍ കേള്‍ക്കാന്‍ തയ്യാറായില്ല.
എന്തായാലും കോണ്‍ഗ്രസിനുള്ളിലെ ഉപജാപസംഘങ്ങള്‍ക്ക്‌ തിരിച്ചടിയാണ്‌ സാഹിത്യഅക്കാദമിയിലെ പെരുമ്പടവത്തിന്റെ നിയമനം. ഇനി അക്കാദമിയിലെ പെരുമ്പടവത്തിന്റെ പ്രവര്‍ത്തനമാണ്‌ കാണേണ്ടത്‌. സാഹിത്യരംഗത്ത്‌ അദ്ദേഹത്തെ അരികിലേക്ക്‌ ഒതുക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോഴും സജീവമാണ്‌. സാഹിത്യപ്രവര്‍ത്തകരുടെ മുഴുവന്‍ കൂട്ടായ്മ ഉണ്ടായാലെ അക്കാദമിയുടെ പ്രവര്‍ത്തനം വിജയത്തിലെത്തുകയുള്ളൂ. അതെത്രത്തോളം അദ്ദേഹത്തിനു ലഭിക്കുമെന്നത്‌ കാത്തിരുന്നു കാണേണ്ടതാണ്‌. പാര്‍ട്ടിക്കാരനായല്ലാതെ, സാഹിത്യകാരനായിരുന്ന്‌ അക്കാദമി ഭരിക്കാന്‍ പെരുമ്പടവത്തിനു കഴിയുമെന്ന പ്രതീക്ഷയാണ്‌ സാഹിത്യസ്നേഹികള്‍ക്കുള്ളത്‌.
നല്ല സാഹിത്യകാരന്‍ എന്ന്‌ പേരെടുത്ത പെരുമ്പടവം ഇതുവരെ നല്ല ഭരണാധികാരിയെന്ന പേരുകേള്‍പ്പിച്ചിട്ടില്ല. അതുതന്നെയാണ്‌ അദ്ദേഹത്തിന്റെ കുറവായി എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നതും. നല്ല സാഹിത്യകാരന്‌ നല്ല ഭരണക്കാരനുമാകാന്‍ കഴിയുമെന്ന്‌ പെരുമ്പടവം തെളിയിക്കേണ്ടിയിരിക്കുന്നു.
-ആര്‍.പ്രദീപ്‌