ജനത്തെ വലച്ച് ഭരണിക്കാവ് ടൗണില്‍ പോലീസ് ചെക്കിങ്

Friday 28 October 2016 3:17 pm IST

കുന്നത്തൂര്‍: ഗതാഗതകുരുക്കില്‍ വീര്‍പ്പുമുട്ടുന്ന ഭരണിക്കാവ് ടൗണില്‍ പോലീസിന്റെ വക വാഹനപരിശോധനയും. നേരത്തെ വിവിധ കോണുകളില്‍ നിന്നും പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ടൗണിലെ വാഹന പരിശോധന പോലീസ് നിര്‍ത്തി വച്ചതാണ്. മാസാവസാനം പെറ്റിക്കേസുകളുടെ എണ്ണം തികയ്ക്കാന്‍ വേണ്ടിയാണ് പോലീസ് ടൗണില്‍ ചെക്കിങ് നടത്തുന്നത് എന്നാണ് ആക്ഷേപം. ജനത്തിരക്കേറിയ സായാഹ്നങ്ങളിലാണ് വാഹന പരിശോധന. ജംഗ്ഷനില്‍ പോലീസ് ജീപ്പ് ഇട്ടുകൊണ്ടുള്ള ശാസ്താംകോട്ട പോലീസിന്റെ വാഹനപരിശോധന യാത്രക്കാര്‍ക്ക് വളരെയേറെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ഇത് ഗതാഗത തടസ്സത്തിനും ഇടയാക്കുന്നു. പരിശോധനക്കായി നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കുകയാണ്. ജംഗ്ഷനിലാകുമ്പോള്‍ നാല് റോഡില്‍ നിന്നുമുള്ള വാഹനങ്ങള്‍ പരിശോധിക്കാം എന്നതും വാഹനങ്ങള്‍ കടന്നുകളയാതിരിക്കും എന്നുമുള്ള സൗകര്യമാണ് പോലീസ് ചെക്കിങ് ജംഗ്ഷനിലാക്കാന്‍ പ്രധാനകാരണം. ജങ്ഷനിലെ ചെക്കിങില്‍ നിന്നും രക്ഷനേടാനായി വാഹനങ്ങള്‍ പെട്ടന്ന് വെട്ടിത്തിരിക്കുന്നത് അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. വൈകുന്നേരത്തെ പോലീസിന്റെ ഈ നടപടി ടൗണിലെ വ്യാപാരികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. തിരക്കേറിയ ടൗണിലെ ചെക്കിങ് ഒഴിവാക്കി സൗകര്യപ്രദമായ മറ്റിടങ്ങളിലേക്ക് മാറ്റണം എന്നാണ് ആവശ്യം. ഗതാഗതതടസ്സം ഉണ്ടാകുംവിധം ടൗണില്‍ വാഹന പരിശോധന നടത്തുന്നതിനെതിരെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.