ചെമ്പ്ര എസ്‌റ്റേറ്റ് ലോക്കൗട്ട് പിന്‍വലിക്കണം : തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്

Friday 28 October 2016 7:55 pm IST

മേപ്പാടി : തൊഴിലാളികുടുംബങ്ങളെ പട്ടിണിയിലേക്കും വറുതിയിലേക്കും തള്ളിവിട്ട ചെമ്പ്ര എസ്‌റ്റേറ്റ് അധികൃതരുടെ ഏകപക്ഷീയവും നിയമവിരുദ്ധവുമായ നടപടിക്കെതിരെ തൊഴിലാളികള്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക്. ചെമ്പ്ര ഫാത്തിമ ഫാംസ് എസ്റ്റേറ്റിലെ മുന്നൂറ്റിയിരുപതില്‍പരം തൊഴിലാളികളെയും അവരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ആയിരത്തില്‍അധികം വരുന്ന ആളുകളുടെ ജീവിതമാണ് എസ്റ്റേറ്റ് ലോക്കൗട്ട് ചെയ്തതുമൂലം ദുരിതത്തിലായിരിക്കുന്നത്. ആറ് ആഴ്ച്ചകള്‍ക്ക് മുന്‍പ് നോട്ടീസ് നല്‍കണമെന്ന നിയമം നിലനില്‍ക്കെയാണ് ലോക്കൗട്ട് ചെയ്യുന്ന വിവരം ട്രേഡ് യൂണിയനുകളെയോ തൊഴിലാളികളെയോ മുന്‍കൂട്ടി അറിയിക്കാതിരുന്നത്. കഴിഞ്ഞദിവസം ജോലി കഴിഞ്ഞ് വൈകീട്ടുമാത്രമാണ് ലോക്കൗട്ട് വിവരം തൊഴിലാളികള്‍ അറിയുന്നത്. യാതൊരു പ്രശ്‌നവുമില്ലാതെ സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന അവസ്ഥയാണ് തോട്ടത്തില്‍. എന്നാല്‍ തൊഴിലാളികളുടെ സമരമാണ് ലോക്കൗട്ടിന് കാരണമായി മാനേജ്‌മെന്റ് പറയുന്നത്. ഇത് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. തൊഴിലാളികള്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിച്ച് തോട്ടം നിലനിര്‍ത്തുന്നതിനായി കഷ്ടപ്പെടുമ്പോള്‍ അവരെ ഇല്ലായ്മ ചെയ്യാനാണ് മാനേജ്‌മെന്റിന്റെ ശ്രമം. ലോക്കൗട്ട് പിന്‍വലിച്ച് തോട്ടം തുറക്കാത്തപക്ഷം ശക്തമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കയ്യേറി വിളവെടുക്കുന്നതിനും ഭൂമി കൈവശപ്പെടുത്തി വീട് വെക്കുന്നതുള്‍പ്പെടെയുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും തൊഴിലാളികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ പി.എ.മുഹമ്മദ്, ടി.ആര്‍.ശ്രീധരന്‍, പി.ഗഗാറിന്‍, ദേവസ്സി, പി.കെ.അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.