പൂരം വെടിക്കെട്ട് നിയന്ത്രണം മന്ത്രിമാര്‍ ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു

Friday 28 October 2016 8:53 pm IST

തൃശൂര്‍: വെടിക്കെട്ടിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുവാനുള്ള എക്‌സ്‌പ്ലോസീവ് വിഭാഗത്തിന്റെ തീരുമാനം തൃശൂര്‍പൂരം അടക്കമുള്ള സംസ്ഥാനത്തെ ഉത്സവങ്ങളെയും ബാധിക്കും. ഇത് കര്‍ശനമാക്കിയാല്‍ വേലകളും പൂരങ്ങളും നടത്താന്‍ പറ്റാത്ത സ്ഥിതിയാകും. ഗുണ്ടും, അമിട്ടും ഉള്‍പ്പടെയുള്ള സ്‌ഫോടക ശേഷി കൂടുതലുള്ളവ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശിച്ച് പ്രധാന ഉത്സവാഘോഷ സംഘാടകര്‍ക്കും കളക്ടര്‍ക്കും നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ അയച്ചുകഴിഞ്ഞു. കൊല്ലത്തെ പുറ്റിങ്ങല്‍ വെടിക്കെട്ടിന് ശേഷമാണ് ഇത്തരമൊരു നിബന്ധനയിലേക്ക് നീങ്ങുവാന്‍ വകുപ്പിനെ പ്രേരിപ്പിച്ചത്. കഴിഞ്ഞ തൃശൂര്‍പൂരം വെടിക്കെട്ടില്‍ പൊട്ടാസ്യം ക്ലോറൈറ്റ് ഉപയോഗിച്ചു എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വെടിക്കെട്ട് കരാറുകാരുടെ ലൈസന്‍സ് കഴിഞ്ഞദിവസം സസ്‌പെന്റ് ചെയ്തിരുന്നു. വെടിക്കെട്ടിന് അനുമതി നല്‍കുന്നതിന് മുമ്പ് കളക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലപരിശോധന നടത്തണമെന്നും സുരക്ഷിതം ഉണ്ടെന്ന് കണ്ടെത്തിയാല്‍ മാത്രമേ വെടിക്കെട്ടിന് അനുമതി നല്‍കാവൂ എന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. രാത്രി പത്തിനും രാവിലെ ആറിനും ഇടക്കാണ് മിക്കയിടത്തും വെടിക്കെട്ട് നടക്കുക. ഇത്തരം സ്ഥലങ്ങളിലാണ് നിയമം പ്രശ്‌നമാവുക. പകല്‍ സമയങ്ങളിലുള്ള ചെറുപൂര വെടിക്കെട്ടുകള്‍ക്ക് ഇവ ബാധകമല്ല. എന്നാല്‍ തൃശൂര്‍ പൂരത്തിന്റെ കരിമരുന്ന് പ്രയോഗത്തിന് ഇത് തടസ്സമാകില്ലെന്നാണ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ കഴിഞ്ഞദിവസം നിയമസഭയില്‍ പറഞ്ഞത്. പൂരത്തിന് മത്സരമല്ല, രണ്ടുദേവസ്വങ്ങളുടെ പ്രകടനമാണ് നടക്കുന്നത്. അതിനാല്‍തന്നെ നിയന്ത്രണം ബാധകമല്ലെന്നാണ് മന്ത്രി പറഞ്ഞത്. അതേസമയം സുരക്ഷിതത്വത്തിനായുള്ള പ്രായോഗിക നിയന്ത്രണങ്ങളോട് പൂര്‍ണമായും സഹകരിക്കുമെന്നും ഫെസ്റ്റിവെല്‍ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ജില്ലയിലെ മന്ത്രിമാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നാവശ്യവും ഉയര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.