നൂറു പവന്‍ കവര്‍ന്ന സംഘം പിടിയില്‍: പിന്നില്‍ അന്തര്‍സംസ്ഥാന മോഷണസംഘം

Friday 28 October 2016 10:48 pm IST

കിളിമാനൂര്‍: കിളിമാനൂര്‍ കവലയില്‍ കടയടച്ച് വീട്ടിലേക്കു മടങ്ങിയ ജൂവലറി ഉടമയില്‍നിന്ന് 100 പവനോളം സ്വര്‍ണാഭരണങ്ങളും 6.90 ലക്ഷം രൂപയും കവര്‍ന്ന കേസില്‍ ഒന്നാം പ്രതിയടക്കം ആറുപേര്‍ പിടിയില്‍. പ്രതികളില്‍ ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും മുഖ്യസൂത്രധാരന്‍ സൗദി അറേബ്യയിലേക്ക് കടന്നതായും റൂറല്‍ എസ്പി വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഒന്നാംപ്രതി കായംകുളം പത്തിയൂര്‍ എരുവ ചെറുകാവില്‍ കിഴക്കതില്‍വീട്ടില്‍ വിട്ടോബ എന്ന ഫൈസല്‍ (22), രണ്ടാം പ്രതി കായംകുളം ഭരണിക്കാവ് മാന്നാടിത്തടം മുണ്ടേലത്ത്‌വീട്ടില്‍ സഞ്ജിത്ത് സോമന്‍ (22), സഹായങ്ങള്‍ ചെയ്ത കായംകുളം പത്തിയൂര്‍ എരുവ ജിജീസ് വില്ലയില്‍ ആഷിഖ് (21), കിളിമാനൂര്‍ ചൂട്ടയില്‍ കോളനി കുന്നുവിളവീട്ടില്‍ ചേര വിനോദ് എന്ന വിനോദ് (42), മൂവാറ്റുപുഴ രാമമംഗലം കിഴുമുറി എല്‍പി സ്‌കൂളിന്‌സമീപം കലാസാഗര്‍ വീട്ടില്‍ ഹരികൃഷ്ണസാഗര്‍ (23), മലപ്പുറം പരപ്പനങ്ങാടി ചിറമംഗലം ചട്ടിക്കല്‍ ഹൗസില്‍ സിജിത്ത് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്; കിളിമാനൂരില്‍ പൂങ്കാവനം ജൂവലറി നടത്തുന്ന കല്ലമ്പലം പുതുശ്ശേരിമുക്ക് സ്വദേശി സൈനുലാബുദീന്‍ കടയടച്ച് വലിയപാലത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ കയറവെ ബൈക്കിലെത്തിയ ഫൈസലും സംജിത്ത് സോമനും ചേര്‍ന്ന് കൈവശം ഉണ്ടായിരുന്ന സ്വര്‍ണവും പണവുമടങ്ങിയ ബാഗ് തട്ടിയെടുത്ത് കടക്കുകയായിരുന്നു. പ്രതികള്‍ക്ക് ഉറ്റസുഹൃത്തുക്കളും കിളിമാനൂര്‍ സ്വദേശികളുമായ പ്രമോദ് പ്രസന്നനും വിനോദും കവര്‍ച്ചയ്ക്കുള്ള സഹായങ്ങള്‍ ഒരുക്കി. ഫൈസല്‍, സംജിത്ത്, ആഷിഖ് എന്നിവര്‍ വിനോദിന്റെയും പ്രമോദിന്റെയും വീട്ടിലെ നിത്യസന്ദര്‍ശകരാണ്. ഇരുപതോളം കേസുകളാണ് ഇവരുടെ പേരിലുള്ളത്. പിടിക്കപ്പെടും എന്നുറപ്പായപ്പോള്‍ കിളിമാനൂരിലേക്ക് കടന്നു. ആറുമാസമെടുത്താണ് കിളിമാനൂരിലെ പൂങ്കാവനം ജൂവലറി കവര്‍ച്ച അസൂത്രണം ചെയ്തത്. ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. ബെംഗ്ലൂരുവിലേക്ക് കടന്നസംഘം, ആഷിഖ്, ഹരി, സുജിത്ത് എന്നിവരുമായി കുറെദിവസം സുജിത്തിന്റെ വീട്ടില്‍ താമസിച്ചു. പോലീസ് പിന്തുടരുന്നതറിഞ്ഞതോടെ പട്ടണത്തില്‍ ലേക്ക് റോഡില്‍ അപ്പാര്‍ട്ട്‌മെന്റ് വാടകയ്‌ക്കെടുത്ത് താമസമാരംഭിച്ചു. ഇവര്‍ സ്വര്‍ണം വില്‍ക്കുന്നതിനായി ഫൈസലിന്റെയും ആഷിഖിന്റെയും സുഹൃത്തുക്കളായ ചെങ്ങന്നൂര്‍ സ്വദേശി മാന്നാര്‍ പുത്തന്‍പുരയില്‍ ഷംസുദ്ദീന്‍, തിരുവല്ല കാവുംഭാഗം തെക്കേടത്ത് തുണ്ടില്‍വീട്ടില്‍ ജോബിമാത്യു എന്നിവരുടെ സഹായംതേടി. കിട്ടിയ പണവുമായി ഫൈസല്‍, ആഷിഖ്, സംജിത് സോമന്‍, ഹരി, സുജിത് എന്നിവര്‍ തിരുവല്ലയില്‍ എത്തിയപ്പോഴാണ് പോലീസ് വലയിലായത്. ഇവരില്‍ നിന്ന് വിറ്റതിന്റെ ബാക്കി 19 പവന്‍ സ്വര്‍ണവും 3.60 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. ബാക്കി സ്വര്‍ണം ജോബിയും ഷംസുദ്ദീനും ചേര്‍ന്ന് കോയമ്പത്തൂരില്‍ 13 ലക്ഷം രൂപയ്ക്കു വിറ്റു. ഈ തുകയില്‍ നാലു ലക്ഷം രൂപ ഇരുവരുടെയും സുഹൃത്തായ ജിജി വര്‍ഗീസിന്റെ കങ്ങഴയിലുള്ള എസ്ബിഐ അക്കൗണ്ടില്‍ നിന്ന് കണ്ടെടുത്തു. ജോബിയും ഒളിവിലാണ്. ഷംസുദ്ദീന്‍ തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഷംസുദ്ദീനും ജോബിയും രണ്ട് കൊലക്കേസുകളിലെയും ഫൈസലും ആഷിഖും മറ്റ് നിരവധി കേസുകളിലെയും പ്രതികളാണ്. പ്രതികളില്‍ ഒരാളില്‍ നിന്ന് ഒരു കിലോ കഞ്ചാവും അന്വേഷണസംഘം പിടിച്ചെടുത്തു. ഷെഫീന്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.