തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ സംസ്ഥാന ശാസ്ത്ര സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജനപ്രിയ ശാസ്ത്ര സാഹിത്യം, ശാസ്ത്ര പത്രപ്രവര്‍ത്തനം, ശാസ്ത്രഗ്രന്ഥ വിവര്‍ത്തനം എന്നീ മൂന്നു വിഭാഗങ്ങളില്‍ യഥാക്രമം വി.പി. ബാലഗംഗാധരന്‍, വര്‍ഗീസ് സി. തോമസ്, സീമ ശ്രീലയം എന്നിവര്‍ അവാര്‍ഡിന് അര്‍ഹരായി. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
വിഎസ്എസ്സി ഗവേഷണകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായി സേവനമനുഷ്ഠിച്ച വി.പി. ബാലഗംഗാധരന്റെ മംഗള്യാന് – ഒരു ശാസ്ത്രജ്ഞന്റെ കുറിപ്പുകള്‍ എന്ന കൃതിക്കാണ് അവാര്‍ഡ്. 2015 ല്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ച ശാസ്ത്ര സംബന്ധിയായ ലേഖനങ്ങള്‍ക്കാണ് മലയാളമനോരമ ചീഫ് സബ് എഡിറ്റര്‍ വര്‍ഗീസ് സി. തോമസ് അവാര്‍ഡിന് അര്‍ഹനായത്. ഡോ. എ.പി.ജെ. അബ്ദുള്‍കലാം, എ. ശിവതാണുപിള്ള എന്നിവര്‍ രചിച്ച വി കേന് ഡു ഇറ്റ് – തോട്ട്സ് ഫോര്‍ ചെയ്ഞ്ച് എന്ന പുസ്തകത്തിന്റെ മലയാള വിവര്ത്തനായ നമുക്കത് സാധിക്കും – മാറ്റത്തിന് വേണ്ടിയുള്ള ചിന്തകള്‍ എന്ന കൃതിക്കാണ് കോഴിക്കോട് പറമ്പില്‍ ജിഎച്ച്എസില്‍ അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന സീമയ്ക്ക് അവാര്‍ഡ്.
പ്രൊഫ. എസ്. ശിവദാസ്, പ്രൊഫ. സി.പി. അരവിന്ദാക്ഷന്, പ്രൊഫ. കെ. പാപ്പൂട്ടി, ഡോ. ആറന്മുള ഹരിഹരപുത്രന്‍, ഡോ. എസ്. അനില്‍കുമാര്‍, കെ.കെ. കൃഷ്ണകുമാര്‍, ഡോ. അജിത് പ്രഭു എന്നിവരാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: