ചേര്‍ത്തല: യുഎസിലെ ന്യൂജഴ്സിയിലുണ്ടായ അഗ്നിബാധയില്‍ മലയാളി കുടുംബം മരിച്ചതായി സ്ഥിരീകരിച്ചു. പട്ടണക്കാട് പുതിയകാവ് സ്കൂളിന് സമീപം ഗീതാജ്ഞലി വീട്ടില്‍ ദാമോദരന്‍ പിള്ളയുടെ മകന് ഡോ. വിനോദ് ബി. ദാമോദരന്‍(44), ഭാര്യ ശ്രീജ(38), മകള്‍ ആര്‍ദ്ര(13) എന്നിവരുടെ മൃതദേഹമാണ് ബന്ധു തിരിച്ചറിഞ്ഞത്.
ഇവര്‍ താമസിച്ചിരുന്ന ന്യൂജഴ്സി ഹില്‍സ് ബരോവ് അപ്പാര്‍ട്ട്മെന്റില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് അഗ്നിബാധയുണ്ടായത്. ദിവസവും നാട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്ന ഇവര്‍ തിങ്കള്‍ മുതല്‍ വിളിക്കാതിരിക്കുകയും അങ്ങോട്ട് വിളിച്ചിട്ട് കിട്ടാതിരിക്കുകയും ചെയ്തതോടെ നാട്ടിലുള്ള മാതാപിതാക്കളും ബന്ധുക്കളും നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ താമസിച്ചിരുന്ന ഫ്ളാറ്റില്‍ അഗ്നിബാധയുണ്ടായതായി അറിഞ്ഞത്. തുടര്‍ന്നാണ് ഇന്നലെ വിനോദിന്റെ പിതൃസഹോദരിയുടെ മകള്‍ മിനി ഇവിടെയെത്തി മൂവരുടെയും മൃതദേഹം തിരിച്ചറിഞ്ഞത്.
സംസ്കാരം അവിടെ തന്നെ നടത്തുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ന്യൂജഴ്സി റട്ട്ഗേഴ്സ് സര്‍വകലാശാലയിലെ റിസര്‍ച്ച് സയന്റിസ്റ്റാണ് ഡോ.വിനോദ്. ഭാര്യ ശ്രീജ തിരുവല്ല കൊടിയാടി സ്വദേശിനിയാണ്. മകള്‍ ആര്‍ദ്ര അവിടെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
സ്വന്തം ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: