ഐഎഎസ് പോരില്‍ ഭരണം കുഴയുന്നു

Friday 28 October 2016 11:02 pm IST

തിരുവനന്തപുരം: ഐഎഎസ് - ഐപിഎസ് പോര് മൂര്‍ച്ഛിക്കുന്നതിനിടെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ കെ.എം. എബ്രഹാമിന്റെ വീട്ടിലും ടോം ജോസിന്റെ ഫ്‌ളാറ്റിലും റെയ്ഡ് നടത്തിയതിനെ തുടര്‍ന്ന് ഭരണം കുഴഞ്ഞ് മറിയുന്നു. കെ.എം. എബ്രഹാമിന്റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനാ നടപടിക്രമങ്ങള്‍ തെറ്റാണെന്ന് മുഖ്യമന്തി നിയമസഭയില്‍ സമ്മതിച്ച് മിനിട്ടുകള്‍ പിന്നിട്ടപ്പോഴാണ് ടോംജോസിന്റെ വീട്ടിലെ റെയ്ഡ്. പ്രധാന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സിനു പരാതി ലഭിച്ചാല്‍ നേരിട്ട് പ്രാഥമിക അന്വേഷണം നടത്തുന്ന രീതി ഇനി ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത് ലംഘിച്ചായിരുന്നു അടുത്ത റെയ്ഡ്. ഉന്നത ഉദ്യോഗസ്ഥനെതിരെ പരാതി ലഭിച്ചാല്‍ അന്വേഷിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എബ്രഹാമിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥന് തെറ്റു പറ്റിയെന്ന് മുഖ്യമന്ത്രി സമ്മതിക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനെ പരാമര്‍ശിക്കാതെ വിജിലന്‍സിനെയാണ് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയത്. കെ.എ. എബ്രഹാമിനെ പുകഴ്ത്താനും മുഖ്യമന്ത്രി സമയം കണ്ടെത്തി. കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനാണ് എബ്രഹാമെന്നും അതിനാലാണ് സാമ്പത്തിക വിഭാഗത്തിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിയാക്കിയതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ എങ്ങും തൊടാത്ത നിലപാടില്‍ ഐഎഎസ് - ഐപിഎസ് മേഖലയാകെ അസ്വസ്ഥതയിലാണ്. ആരോപണങ്ങള്‍ക്കിടയില്‍ രാജിവയ്ക്കുന്നവര്‍ പോകട്ടെ എന്ന രീതിക്ക് മുഖ്യമന്ത്രി തുടക്കമിട്ടിരിക്കുകയാണെന്നാണ് ഐഎഎസ് അസോസിയേഷന്റെ വിലയിരുത്തല്‍. ചീഫ് സെക്രട്ടറിയും ഇതിനോട് യോജിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.