ഭഗിനി നിവേദിത ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം

Friday 28 October 2016 11:33 pm IST

ഭഗിനി നിവേദിത 150-ാം ജയന്തി ആഘോഷം തൃശൂരില്‍ ജസ്റ്റിസ് കെ. കെ. ഉഷ ഉദ്ഘാടനം ചെയ്യുന്നു

തൃശൂര്‍: ഭഗിനി നിവേദിതയുടെ 150-ാം ജയന്തി ആഘോഷങ്ങള്‍ക്ക് തൃശൂരില്‍ തുടക്കമായി. ഒരു വര്‍ഷം നീണ്ടുനില്‍ക്കും. വിവേകാനന്ദകേന്ദ്ര വേദിക് വിഷന്‍ ഫൗണ്ടേഷനും വിവേകാനന്ദ ദാര്‍ശനിക സമാജവും സംയുക്തമായാണ് സമര്‍പ്പണം എന്ന പേരില്‍ ആഘോഷം സംഘടിപ്പിക്കുന്നത്.

മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ. കെ. ഉഷ ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വനിത കമ്മീഷന്‍ അംഗം ഡോ. ജെ. പ്രമീളാദേവി മുഖ്യപ്രഭാഷണം നടത്തി.
ഭഗിനി നിവേദിതയുടെ സേവനങ്ങള്‍ ആധുനിക സമൂഹം വേണ്ടത്ര മനസ്സിലാക്കിയിട്ടില്ലെന്ന് പ്രമീളാദേവി പറഞ്ഞു.

സന്യാസിനി മാത്രമായിരുന്നില്ല വലിയ സാമൂഹ്യ പ്രവര്‍ത്തക കൂടിയായിരുന്നു നിവേദിത. അതുല്യനായ അരവിന്ദഘോഷ് ഉള്‍പ്പടെ നൂറുകണക്കിന് യുവാക്കളെ സ്വാതന്ത്ര്യസമരത്തിലേക്ക് ആകര്‍ഷിച്ചത് നിവേദിതയാണ്.  ജെ. സി. ബോസിനെപ്പോലുള്ള ശാസ്ത്രജ്ഞരെ പ്രോത്സാഹിപ്പിച്ചതും നിവേദിതയാണ്. ഭാരതത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി നിവേദിതയോളം പ്രയത്‌നിച്ച മറ്റൊരാളില്ല.

സ്ത്രീകള്‍ക്കുവേണ്ടി പ്രത്യേക വിദ്യാലയങ്ങളും സാംസ്‌കാരിക പഠനകേന്ദ്രങ്ങളും അവര്‍ ആരംഭിച്ചു. ഇത് ഇന്ത്യന്‍ സ്ത്രീകള്‍ക്കിടയില്‍ വരുത്തിയ പരിവര്‍ത്തനം വളരെ വലുതാണ്. സ്വാമി വിവേകാനന്ദനേയും ഭഗിനി നിവേദിതയേയും മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പരാജയപ്പെടുന്നത് പുതിയ തലമുറയായിരിക്കുമെന്നും പ്രമീളാദേവി പറഞ്ഞു.

ഡോ. എം. ലക്ഷ്മികുമാരി അദ്ധ്യക്ഷയായിരുന്നു. ഡോ. ലക്ഷ്മിശങ്കര്‍, സ്വാമി മോക്ഷവ്രതാനന്ദ, സ്വാമി സദ്ഭവാനന്ദ, സ്വാമി നന്ദാത്മജാനന്ദ, ബീനഗോവിന്ദ് എന്നിവരും സംസാരിച്ചു. ശ്രീരാമകൃഷ്ണ, ശ്രീശാരദ മഠങ്ങളുടെ സഹകരണത്തോടെയാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.