കെ.സി. ജോസഫ് സ്വത്ത് വാരിക്കൂട്ടി

Saturday 29 October 2016 12:03 am IST

തലശ്ശേരി: കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ.സി. ജോസഫ് സ്വത്ത് വാരിക്കൂട്ടിയെന്ന് കോടതി കണ്ടെത്തി. ഭാര്യ സാറയുടെയും മകന്‍ അശോക് ജോസഫിന്റെയും ഉള്‍പ്പെടെ സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കാന്‍ തലശ്ശേരി വിജിലന്‍സ് കോടതി ഉത്തരവായി. 29ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് വിജിലന്‍സ് സ്‌പെഷല്‍ സെല്‍ എസ്പിയോട്, ജഡ്ജി വി. ജയറാം നിര്‍ദ്ദേശിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇരിക്കൂറില്‍ മത്സരിച്ച ജോസഫ് നാമിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വരുമാനത്തില്‍ കൂടുതല്‍ സമ്പാദ്യം കാണിച്ചുവെന്നാരോപിച്ച് ജോസഫിനെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എ.കെ. ഷാജിയാണ് വിജിലന്‍സ് കോടതയില്‍ പരാതിപ്പെട്ടത്. 2011 മാര്‍ച്ച് 24ന് നല്‍കിയ സത്യവാങ്മൂലത്തില്‍ കുടുംബത്തിന്റെ ആസ്തി 16,97,000 രൂപയാണ് കാണിച്ചത്. എന്നാല്‍ 2016 ഏപ്രില്‍ 28ന് നല്‍കിയ സത്യവാങ്മൂലത്തില്‍ ആസ്തി 1,32,69,578 രൂപയാണ്. ശരിയായ രീതിയില്‍ അന്വേഷണം നടത്തിയില്ലെന്ന് പരാതിക്കാരന് വേണ്ടി ഹാജരായ അഡ്വ.ഇ. നാരായണന്‍ വാദിച്ചു. തുടര്‍ന്നാണ് ജോസഫിന്റെ ഭാര്യയുടെയും മകന്റെയും വരുമാനം, ജോസഫിന്റെ ശമ്പളവും അലവന്‍സും ഉള്‍പ്പെടെയുള്ള വിശദമായ അനുബന്ധറിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് എസ്പിയോട് കോടതി ആവശ്യപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.