മെഡിക്കല്‍ പ്രവേശനം: കണ്ണൂരിനും കരുണയ്ക്കും ലക്ഷം വീതം പിഴ

Saturday 29 October 2016 12:05 am IST

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍, കരുണ മെഡിക്കല്‍കോളേജുകള്‍ ഒരുലക്ഷം രൂപ വീതം പിഴയടയ്ക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി. ഇരുകോളേജുകളുടെയും പ്രവേശന നടപടികള്‍ പരിശോധിക്കുവാനും ഫീസ് പുനര്‍നിര്‍ണ്ണയിക്കുവാനും ഉന്നത വിദ്യാഭ്യാസ മേല്‍നോട്ട സമിതിയായ ജെയിംസ് കമ്മിറ്റിക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ഇരുകോളേജുകളും പ്രവേശന മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നു വിലയിരുത്തിയ കോടതി, നീറ്റ് മെറിറ്റ് ലിസ്റ്റില്‍ നിന്ന് അര്‍ഹരായവര്‍ക്ക് പ്രവേശനം നല്‍കണമെന്നും വിധിച്ചു. ഇതിന് പ്രവേശന രേഖകള്‍ ഈ മാസം 31 ന് 10 മണിക്കു മുമ്പായി ഇരുകോളേജുകളും ജെയിംസ് കമ്മിറ്റിയില്‍ ഹാജരാക്കണം. ഫീസ് പുനര്‍നിര്‍ണ്ണയം നടത്താന്‍ ഓഡിറ്റ് ബാലന്‍സ് ഷീറ്റുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ജെയിംസ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം. പിഴത്തുക ഒരുമാസത്തിനുള്ളില്‍ എറണാകുളത്തെ സംസ്ഥാന മീഡിയേഷന്‍ സെന്ററില്‍ അടയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചു. ഇരുകോളേജുകളെയും കോടതി ശാസിച്ചു. പ്രോസ്‌പെക്ടസിലും പ്രവേശന നടപടികളിലും അപാകതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ജെയിംസ് കമ്മിറ്റി ഇരുകോളേജുകളുടെയും പ്രോസ്‌പെക്ടസും പ്രവേശനവും റദ്ദ് ചെയ്തിരുന്നു. ഇതിനെതിരെയാണ് ഇരുകോളേജുകളും കോടതിയെ സമീപിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.