പ്രാപ്പിടിയന്‍

Sunday 30 October 2016 12:24 am IST

കണ്ണൂര്‍ ജില്ലാ കളക്‌ട്രേറ്റില്‍ വിളിച്ചുചേര്‍ത്ത സമാധാനചര്‍ച്ച സിപിഎം ബഹിഷ്‌കരിച്ചത് എന്തുകൊണ്ടാണ് കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടാത്തത്. സമാധാനം മൂടോടെ സ്ഥാപിക്കാന്‍ നിയുക്തനായ വെള്ളരിപ്രാവ് പി. ജയരാജനെ ആ ചര്‍ച്ചയില്‍ കണ്ടില്ല. വെള്ളരിപ്രാവിന്റെ ചങ്ങാതിമാരെയും കണ്ടില്ല. അടിമ മനഃസ്ഥിതിക്കാരാകാന്‍ തങ്ങളെ കിട്ടില്ലെന്ന് ആക്രോശിച്ച് നടക്കുകയായിരുന്നു വെള്ളരിപ്രാവും ചങ്ങാതിമാരും സമാധാനചര്‍ച്ച എന്ന പിണറായിയന്‍ പ്രഹസനം അരങ്ങേറുന്ന ദിവസം പോലും എന്നത് ആ പാര്‍ട്ടിയുടെ അക്രമവെറിയുടെ ആഴം വ്യക്തമാക്കുന്നതാണ്. എന്നിട്ടും ഉളുപ്പില്ലാതെ നുണപറയാനാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ശ്രമം. മുഖ്യമന്ത്രി പിണറായി സമാധാനം കൊണ്ടുവരാന്‍ കിണഞ്ഞു ശ്രമിക്കുകയാണെന്നാണ് കോടിയേരിയുടെ സാക്ഷ്യം പറച്ചില്‍. പിണറായിയുടെയും കൂട്ടരുടെയും സമാധാനശ്രമങ്ങള്‍ പരമാവധി കഴിഞ്ഞു. ഇനി പ്രധാനമന്ത്രി ഇടപെട്ട് സമാധാനം കൊണ്ടുവരണം എന്നാണ് കോടിയേരി പറയുന്നത്. വെളിവോടെയാണോ കോടിയേരി ഇത് പറയുന്നതെന്ന് സംശയമുണ്ട്. പ്രധാനമന്ത്രി ഇടപെടണമെന്ന ആവശ്യം അപ്പടി അംഗീകരിച്ചാല്‍ കോടിയേരിയും കോടിയേരിയുടെ പാര്‍ട്ടിയും കണ്ണൂരിലെ പാര്‍ട്ടി വെള്ളരിപ്രാവുകളും ഒന്നടങ്കം അഴികള്‍ക്കുള്ളിലാകും എന്ന് ആദ്യയുക്തിയില്‍ പിടികിട്ടിയിട്ടുണ്ടാവില്ല. ഫലത്തില്‍ പാര്‍ട്ടി ഇപ്പോള്‍ കേരളത്തില്‍ മാത്രമായ സ്ഥിതിക്ക് സിപിഎമ്മിന്റെ ആഗോള ജനറല്‍ സെക്രട്ടറിയുടെ പകിട്ടുണ്ട് തനിക്ക് എന്ന് കോടിയേരിക്ക് തോന്നലുണ്ടാവുക സ്വാഭാവികം. ഇമ്മാതിരി തോന്നലുകളുടെ പുറത്താണല്ലോ പാര്‍ട്ടി തന്നെ ബാക്കിനില്‍ക്കുന്നത്. അങ്ങനെ പരിഗണിക്കുമ്പോള്‍ കണ്ണൂരിലെ സമാധാനം സ്ഥാപിച്ചുകിട്ടാന്‍ പിണറായിയോടും കോടിയേരിയോടും ഒക്കെ സംസാരിക്കാന്‍ കുറഞ്ഞത് പ്രധാനമന്ത്രി തന്നെ വരണം എന്നതാണ് ന്യായം. അല്ലെങ്കില്‍പ്പിന്നെ ഐക്യരാഷ്ട്രസഭാ ജനറല്‍ സെക്രട്ടറി തന്നെ പറയണം. ഇതിനെയാണ് സരോജ്കുമാര്‍ സിന്‍ഡ്രോം എന്ന് നമ്മള്‍ മലയാളികള്‍ വിശേഷിപ്പിക്കുന്നത്. ഒരുകൂട്ടം പൊങ്ങന്മാര്‍ നിറഞ്ഞ ബഡായി ബംഗ്ലാവാണ് പിണറായിയുടെ മന്ത്രിസഭയെന്ന് നാലരമാസംകൊണ്ട് കേരളം തിരിച്ചറിഞ്ഞതാണ്. അധികാരത്തിലേറിയ അന്ന് തുടങ്ങിയതാണ് മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ അക്രമം. പാര്‍ട്ടി വേറെയായതുകൊണ്ട് പിണറായിയുടെ ബന്ധുക്കളെപോലും വെറുതെ വിട്ടില്ല. ക്രമസമാധാനം പാലിക്കാന്‍ പോലീസ് വകുപ്പെടുത്ത് കീശയില്‍വച്ച മുഖ്യമന്ത്രി നിയമസഭയ്ക്കകത്തും പുറത്തും വിളിച്ചുപറഞ്ഞത് അക്രമമല്ല, അക്രമത്തെ ചെറുക്കലാണ് നടക്കുന്നതെന്നാണ്. കാക്കിയിട്ട പോലീസുകാരെ നോക്കുകുത്തിയാക്കി പാര്‍ട്ടിയിലെ കീരിക്കാടന്മാര്‍ പോലീസുകാരാവുകയായിരുന്നു കണ്ണൂരില്‍. എന്നിട്ടാണ് കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത് സമാധാനം കൊണ്ടുവരാന്‍ പിണറായി വിജയന്‍ ദല്‍ഹിക്ക് പോയെന്ന്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്ങിനെയും അനന്തകുമാറിനെയും കണ്ട് കുറച്ച് സമാധാനം യാചിച്ച പാവമാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന്. നട്ടാല്‍ കിളിര്‍ക്കാത്ത കള്ളം വിളിച്ചുകൂവുന്നതിനാണ് കോടിയേരിയെ പാര്‍ട്ടി സെക്രട്ടറിയാക്കിയതെങ്കില്‍ ഇതിനേക്കാള്‍ ഭംഗിയായി അത് പി.എം. മനോജ് ചെയ്യുമായിരുന്നല്ലോ. മുഖ്യമന്ത്രിയായതിന് ശേഷം പിണറായി വിജയന്‍ ദല്‍ഹിക്ക് പോയത് കേരളം കൗതുകത്തോടെയാണ് കണ്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രി എന്ന നിലയില്‍ കേരളത്തിലെ രാഷ്ട്രീയകൊലപാതകങ്ങള്‍ നിയന്ത്രിക്കണം എന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയോട് രാജ്‌നാഥ്‌സിങ്ങാണ് അഭ്യര്‍ത്ഥിച്ചത്. കോടിയേരി പുരപ്പുറത്തുനിന്ന് കൂവുന്നതുപോലെയല്ല കാര്യങ്ങള്‍. സമാധാനത്തിന് മുട്ടിനില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി ലോകം കേട്ടതാണ്. 'താങ്കള്‍ താങ്കളുടെ അണികളെ നിയന്ത്രിക്കൂ' എന്നായിരുന്നു നിയമസഭയില്‍ ഇപ്പോള്‍ മനുഷ്യത്വത്തിന്റെ ആട്ടിന്‍തോല്‍ എടുത്തണിയുന്ന പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയോട് പറഞ്ഞത്. കാലം അധികമായില്ല ആ സംഭാഷണം നടന്നിട്ട്. എന്നിട്ടും കോടിയേരി പറയുന്നത് സമാധാനനൊബേലിന് അടുത്ത കുറി വിജയനെയും വിജയന്റെ വെള്ളരിപ്രാവായി പാറി നടക്കുന്ന സഖാവ് ജാമ്യരോഗനെയും പരിഗണിക്കണമെന്നാണ്. വേണ്ടി വന്നാല്‍ പോലീസ് സ്റ്റേഷനുമുന്നിലും ബോംബുണ്ടാക്കുമെന്ന് പറയുന്നവനെത്തന്നെ പോലീസ് മന്ത്രിയാക്കുക, കൊലക്കേസ് പ്രതിയെ ജയില്‍ ഉപദേശകസമിതിയംഗമാക്കുക, കുട്ടികളുടെ മുന്നിലിട്ട് അദ്ധ്യാപകനെ വെട്ടിനുറുക്കുന്ന ക്രിമിനലിനെ പിടിഎ പ്രസിഡന്റാക്കി വാഴിക്കുക തുടങ്ങിയ ശീലമുണ്ട് പാര്‍ട്ടിക്ക്. അതാണ് പാര്‍ട്ടി നിശ്ചയിക്കുന്ന പദവികളിലെത്താനുള്ള യോഗ്യത. കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കാനുള്ള തയ്യാറെടുപ്പിലാണ് പിണറായി. എല്ലാവരും കൂടി വല്ലാതെ നിര്‍ബന്ധിച്ചപ്പോള്‍ നടത്തുന്ന ഒരു ചടങ്ങെന്നേ അതുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രഖ്യാപനം കേട്ടാല്‍ തോന്നുകയുള്ളൂ. മനുഷ്യത്വത്തെക്കുറിച്ചും മാനവസാഹോദര്യത്തെക്കുറിച്ചുമൊക്കെ പിണറായി വിജയന്‍ സംസാരിച്ചു എന്ന അപൂര്‍വതയുണ്ടായിരുന്നു നിയമസഭയിലെ ആ പ്രസംഗത്തിന്. ഏറ്റവും ഒടുവില്‍ കണ്ണൂരില്‍ മരിച്ചത് രണ്ടുപേരാണ്. സിപിഎമ്മുകാരനായ കുഴിച്ചാലില്‍ മോഹനനും ആര്‍എസ്എസ് പ്രവര്‍ത്തകനായ രമിത്തും. മനുഷ്യസ്‌നേഹിയായ വിജയന്‍ പിണറായിയിലെത്തിയപ്പോള്‍ മോഹനന്റെ വീട് മാത്രം സന്ദര്‍ശിച്ചു. ബന്ധുക്കളെ മാത്രം ആശ്വസിപ്പിച്ചു. രമിത്തിന്റെ വീട്ടിലേക്ക് തിരിഞ്ഞൊന്നുനോക്കിയില്ല. രമിത്തിന്റെ അച്ഛന്‍ ഉത്തമനെയും സിപിഎമ്മുകാര്‍ അരുംകൊല ചെയ്തതാണ്. ഒടുവില്‍ മകനെയും. ആ വീടിന്റെ ആശ്രയമാണ് ഇല്ലാതായത്. എന്നിട്ടും മുഖ്യമന്ത്രി അവിടെ എത്തിയില്ല എന്നത് എന്തുതരം സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്? ആദ്യം ജില്ലാതലത്തില്‍ സമാധാന ചര്‍ച്ച നടക്കട്ടെ, അതുകഴിഞ്ഞ് സര്‍വകക്ഷിയോഗം നടത്താമെന്നാണ് കോടിയേരിയുടെ മുഖ്യമന്ത്രി പറഞ്ഞത്. ആ ചര്‍ച്ചയാണ് കഴിഞ്ഞ ദിവസം കണ്ണൂര്‍ കളക്‌ട്രേറ്റില്‍ നടന്നത്. അതില്‍നിന്നാണ് വെള്ളരിപ്രാവും ചങ്ങാതിമാരും വിട്ടുനിന്നത്. ഒറ്റ സിപിഎം നേതാവ് പോലും ആ ചര്‍ച്ചയ്‌ക്കെത്തിയില്ല. ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണെന്ന് പറഞ്ഞ് സിഐടിയുക്കാരനായ സഹദേവനും കര്‍ഷകസംഘക്കാരനായ ഒ.വി. നാരായണനുമാണ് കണ്ണൂരില്‍ സമാധാനം കൊണ്ടുവരാന്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ പങ്കെടുത്തത്. കളക്ടറോട് സംസാരിക്കാന്‍ സഹദേവനും നാരായണനും മതി. വെള്ളരിപ്രാവും ചങ്ങാതിമാരും പങ്കെടുക്കണമെങ്കില്‍ മിനിമം ഗവര്‍ണറെങ്കിലും ചര്‍ച്ച വിളിക്കണം. വരമ്പത്ത് കൂലിയുമായി കുമ്പ കുലുക്കിനില്‍ക്കുന്ന പാര്‍ട്ടി തമ്പ്രാക്കന്മാര്‍ പങ്കെടുക്കണമെങ്കില്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി തന്നെ വരേണ്ടി വരും. പയ്യന്നൂരില്‍ കോടിയേരി നടത്തിയ കൊലവിളിക്ക് ന്യായീകരണമില്ല. എന്നിട്ടും അദ്ദേഹം പറഞ്ഞത് കണ്ണില്‍ കുത്താന്‍ വരുന്ന ഈച്ചയ്ക്കുള്ള ആട്ടായിരുന്നു അതെന്നാണ്. പകപോക്കല്‍ രാഷ്ട്രീയത്തിന്റെ വക്താവായ പിണറായി വിജയന്‍ എല്ലാം ശരിയാക്കാന്‍ മുഖ്യമന്ത്രിയായതുമുതല്‍ കൊടിയേരിക്ക് ലഭിച്ച ഏറ്റവും പ്രിയപ്പെട്ട തൊഴിലാണ് ഇപ്പറഞ്ഞ ആട്ടലെന്ന് നമുക്ക് അറിയാത്തതല്ല. ഗ്രാമീണരുടെ രക്ഷയ്ക്ക് സഖാക്കന്മാര്‍ ഉറക്കമിളച്ച് കാത്തിരിക്കണമെന്നും അക്രമിക്കാന്‍ വരുന്നവര്‍ വന്നതുപോലെ തിരിച്ചുപോകില്ലെന്ന് ഉറപ്പാക്കണമെന്നും അതിനുവേണ്ട കരുത്തുണ്ടാക്കാന്‍ കായികപരിശീലനങ്ങള്‍ ആരംഭിക്കണമെന്നുമൊക്കെയായിരുന്നു അന്നത്തെ തട്ട്. തനിക്കുള്ളതുങ്ങളെയൊക്കെ കെട്ടിപ്പെറുക്കി വെളിനാടുകളിലയച്ച് മുന്തിയ കമ്പനികളില്‍ ജോലിക്കാക്കിയിട്ടാണ് സഖാവ് പാര്‍ട്ടിക്കാരോട് കായികപരിശീലനത്തിനൊരുങ്ങാന്‍ ആഹ്വാനം ചെയ്യുന്നതെന്ന് ഓര്‍മ്മ വേണം അണികള്‍ക്കെങ്കിലും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.