തൊടുപുഴ കെഎസ്ആര്‍ടിസി ഡിപ്പോ 'പരിധിക്ക് പുറത്ത് '

Saturday 29 October 2016 8:56 pm IST

തൊടുപുഴ: കെഎസ്ആര്‍ടിസി ഡിപ്പോയുടെ ഫോണ്‍ പരിധിക്ക് പുറത്ത്. ഇവിടുത്തെ 04862 222388 എന്ന ഔദ്യോഗിക നമ്പറില്‍ വിളിക്കുമ്പോള്‍ ഈ നമ്പര്‍ നിലവിലില്ലാ എന്ന മറുപടിയാണ് ദീര്‍ഘനാളായി ലഭിക്കുന്നത്. നൂറുകണക്കിന് യാത്രക്കാര്‍ വന്നു പോകുന്ന സ്ഥലമാണ് തൊടുപുഴയിലെ കെഎസ്ആര്‍ടിസി ഡിപ്പോ.  ജില്ലയില്‍ ഏറ്റവും അധികം സര്‍വ്വീസുകളുള്ളതും ഇവിടെ നിന്ന് തന്നെ.  ബസിന്റെ സമയം അറിയുന്നതിനായി ഇവിടെ നേരിട്ടെത്തി തിരക്കേണ്ട ഗതികേടിലാണ് ഇന്ന് യാത്രക്കാര്‍. ഇത്തരമൊരു ആവശ്യവുമായാണ് ജന്മഭൂമിയുടെ ലേഖകനും നേരിട്ടിവിടെ എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഫോണ്‍ തിരക്കിലായിരിക്കുമ്പോഴാണ് ഇത്തരത്തില്‍ ഒരു മറുപടി ലഭിക്കുന്നതെന്ന് മനസ്സിലായി. 24 മണിക്കൂറും നിരന്തരം ഫോണ്‍ വരുന്നതിനാല്‍ മറ്റ് ആവശ്യക്കാര്‍ വിളിക്കുമ്പോള്‍ നമ്പര്‍ നിലവിലില്ലാ എന്ന് പറയുന്നത് യാത്രക്കാരെ കുഴക്കുകയാണ്. ഇത്തരത്തില്‍ മറ്റ് പലരും പരാതി പറഞ്ഞതായും ജീവനക്കാര്‍ പറയുന്നുണ്ടെങ്കിലും തകരാര്‍ പരിഹരിക്കാന്‍ ഇവര്‍ യാതൊരു നടപടിയും എടുക്കുന്നില്ല. അടുപിച്ച് വിളിച്ചെങ്കില്‍ മാത്രമെ ഫോണ്‍ കണക്ട് ആകുകയും ഉള്ളു. മറ്റ് കോളുകളിലാണെങ്കില്‍ നമ്പര്‍ നിലവിലില്ലെന്ന് പറയുകയും ചെയ്യും. ഇത് അറിയാതെ വിളിക്കുന്നവര്‍ വീണ്ടും വിളിക്കാതെ മറ്റ് വഴി നോക്കുകയാണ് പതിവ്. ബിഎസ്എന്‍എല്ലിന്റെ ടെക്‌നിക്കല്‍ തകരാറാണ് ഇത്തരത്തിലൊരു പ്രശ്‌നത്തിന് കാരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.