ചെന്നൈ: ഐഎസ്എല്ലില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിന് എഫ്സിയെ കേരള ബ്ലാസ്റ്റേഴ്സ് സമനിലയില്‍ തളച്ചു. കളിയില്‍ ഇരുടീമുകളും ഗോളുകളൊന്നും അടിച്ചില്ല. സമനിലയോടെ ചെന്നൈയിനും ബ്ലാസ്റ്റേഴ്സും 9 പോയിന്റുമായി നാലും അഞ്ചും സ്ഥാനത്ത് തുടരുന്നു.
എഫ്സി ഗോവക്കെതിരെ കളിച്ച അതേ ടീമിനെയാണ് സ്റ്റീവ് കൊപ്പല്‍ ചെന്നൈയിന് എഫ്സിക്കെതിരെയും ഇറക്കിയത്. എന്നാല്‍ ഗോവക്കെതിരെ കാഴ്ചവെച്ച പ്രകടനം നടത്താന്‍ ബ്ലാസ്റ്റേഴ്സിനായില്ല. മികച്ച പ്രതിരോധവും ഗോളി സന്ദീപ് നന്ദിയുടെ ഉജ്ജ്വല പ്രകടനവുമാണ് ബ്ലാസ്റ്റേഴ്സിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. പന്ത് കൂടുതല്‍ കൈവശം വെച്ചത് ബ്ലാസ്റ്റേഴ്സായിരുന്നെങ്കിലും ആസൂത്രിതമായ മുന്നേറ്റങ്ങള്‍ ഇല്ലായിരുന്നു. പ്രത്യേകിച്ചും ആദ്യപകുതിയില്‍.
രണ്ടാം പകുതിയില്‍ ഡക്കന്‍സ് നാസണും പ്രതിക് ചൗധരിയും ദിദിയര്‍ കാഡിയോയും കളത്തിലെത്തിയിട്ടും ബ്ലാസ്റ്റേഴ്സ് മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ചയുണ്ടായില്ല. അതേസമയം ചെന്നൈയിന് മികച്ച ആക്രമണങ്ങള്‍ നടത്തിയെങ്കിലും ആരോണ്‍ ഹ്യൂസും സെഡ്രിക് ഹെങ്ബര്‍ട്ടും സന്ദേശ് ജിംഗനും ഹോസവും ഉള്‍പ്പെട്ട പ്രതിരോധം അവയെല്ലാം വിഗ്ദ്ധമായി ക്ലിയര്‍ ചെയ്യുകയും ചെയ്തു. നവംബര്‍ നാലിന് അടുത്ത എവേ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ദല്‍ഹി ഡൈനാമോസുമായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: